അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്‍റെ രൂപരേഖയ്ക്ക് അംഗീകാരം
Mail This Article
ദുബായ്∙ അൽ മക്തൂം ഇന്‍റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിന്‍റെ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 10 വർഷത്തിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും ക്രമേണ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ദുബായ് ഏവിയേഷൻ കോർപറേഷന്‍റെ പദ്ധതിയുടെ ഭാഗമായി 128 ബില്യൻ ദിർഹം ചെലവ് കണക്കാക്കുന്ന ടെർമിനലിന്‍റെ നിർമാണം ഉടൻ ആരംഭിക്കും.
70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും പുതിയ വിമാനത്താവളത്തിൽ ഉണ്ടാകും. പൂർത്തിയാകുമ്പോൾ ഇത് നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ അഞ്ച് ഇരട്ടിയാകും. വ്യോമയാന മേഖലയിൽ ഇതുവരെ ഉപയോഗിക്കാത്ത സാങ്കേതിക വിദ്യകളാണ് പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്.
∙ ദുബായ് സൗത്തിൽ എയർപോർട്ട് സിറ്റി
അൽ മക്തൂം രാജ്യാന്തര വിമാനത്താവളം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. "ആഗോള വ്യോമയാന മേഖലയുടെ വളർച്ചയിൽ ഒരു പുതിയ ഘട്ടത്തിനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്. അടുത്ത 40 വർഷത്തേക്ക് ദുബായ് രാജ്യാന്തര വ്യോമയാന മേഖലയെ നയിക്കാനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്.ഞങ്ങൾ തലമുറകൾക്കായി ഒരു പുതിയ പദ്ധതി നിർമിക്കുന്നു. ഞങ്ങളുടെ പുതിയ തലമുറയ്ക്ക് സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നു. അങ്ങനെ ദുബായ് വിമാനത്താവളവും തുറമുഖവും നഗര മെട്രോപോളിസും അടങ്ങുന്ന പുതിയ സാംസ്കാരിക കേന്ദ്രവുമാകുമെന്നും " അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് സൗത്തിൽ എയർപോർട്ട് സിറ്റിയും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു. ഇവിടെ 10 ലക്ഷം ആളുകൾക്ക് പാർപ്പിട സൗകര്യമൊരുക്കും. പ്രീമിയം ലൊക്കേഷനിൽ ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികൾക്ക് സ്ഥാപനം യാഥാർഥ്യമാക്കാം.