വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കുടുംബ സംഗമം സംഘടിപ്പിച്ചു
Mail This Article
മസ്കത്ത് ∙ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംഘടനയുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും ചർച്ചയായി.ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ വിഡിയോ സന്ദേശത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മസ്‌കത്ത് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ഉല്ലാസ് ചേരിയൻവേൾഡ് മലയാളി ഫെഡറേഷൻ ഒമാന്റെ പ്രവർത്തനങ്ങളെ കുറിച്ചും യുഎഇയിൽ ഡബ്ല്യുഎംഎഫിന്‍റെ നേതൃത്വത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ പറ്റിയും പ്രതിപാദിച്ചു. ഡബ്ല്യുഎംഎഫ് ഒമാൻ നാഷനൽ പ്രസിഡന്‍റ് ജോർജ് പി. രാജൻ ഡബ്ല്യുഎംഎഫ് ഒമാനിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു. തദവസരത്തിൽ മസ്‌കത്ത് യൂനിറ്റ് വൈസ് പ്രസിഡന്‍റ് അനിൽ വർഗീസും പ്രോഗ്രാം കോ ഓർഡിനേറ്റർ അനീഷും സന്നിഹിതരായിരുന്നു. ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്റർ രാജൻ കുകുറി, നാഷനൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കൾ ആയി. കൃഷ്ണ വേണിയുടെ സാന്നിധ്യത്തിൽ "ഗ്രാന്‍റ്മ ടാക്‌സ് വിത്ത് കിഡ്‌സ്' എന്ന പേരിൽ കുട്ടികൾക്ക് മണ്ണും കൃഷിയും പ്രകൃതിയും പരിചയപ്പെടുത്തി കൊണ്ട് പരിശീലന സെഷൻ നടത്തി.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ ചെടികളുടെ പരിപാലനം പ്രോത്സാഹിപ്പിക്കാൻ ചെടിയും വിത്തും നൽകി. ഡബ്ല്യുഎംഎഫ് സ്‌റ്റേറ്റ് വനിത കോഓർഡിനേറ്റർ ദിവ്യ അർച്ചനയുടെയും അനിതയുടെയും രൂപയുടെയും സാന്നിധ്യത്തിൽ കൃഷ്ണവേണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡബ്ല്യുഎംഎഫ് ലേഡീസ് വിഭാഗം നടത്തിയ മത്സരങ്ങളിൽ എല്ലാ അംഗങ്ങളും സസന്തോഷം പങ്കെടുത്തു. പ്രോഗ്രാം ആങ്കർ ചെയ്ത അനിതയെ പ്രശംസിച്ചു. ഡബ്ല്യുഎംഎഫ് സ്‌റ്റേറ്റ് കൗൺസിൽ ട്രഷറർ അനിൽ നന്ദി പറഞ്ഞു.