ഈസ്റ്റ് ലണ്ടനിലെ റസ്റ്ററന്‍റിൽ ശ്രീറാം മലയാളി യുവതിയെ കുത്തിയത് ഒൻപത് തവണ; ശിക്ഷ വിധിച്ച് കോടതി
Mail This Article
ലണ്ടൻ ∙ മലയാളി യുവതിയെ ഈസ്റ്റ് ലണ്ടനിലെ റസ്റ്ററന്‍റിൽ വച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി. ശ്രീറാം അംബര്‍ലയ്ക്കാണ് (25) ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. 23 വയസ്സുകാരിയായ യുവതിയുമായി ശ്രീറാം പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. 2023 മാർച്ചിൽ ആണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന്, യുവതി ഒരു മാസത്തോളം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊലപാതക ശ്രമത്തിന് മുൻപ് ഇന്‍റർനെറ്റിൽ "കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാം" എന്നും "യുകെയിൽ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാൽ എന്ത് സംഭവിക്കും" എന്നും ശ്രീറാം അംബർല തിരഞ്ഞതായി കണ്ടെത്തി. യുവതി രണ്ട് വർഷത്തോളമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.
റസ്റ്ററന്‍റിലെ ഉപഭോക്താക്കളുടെ മുന്നിൽ വച്ച് ഒൻപത് തവണയാണ് യുവതിയെ ശ്രീറാം കുത്തിയത്. ഇയാൾ രക്ഷിക്കാൻ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുൾപ്പെടെ നിരവധി മുറിവുകളേറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. 2016-ൽ ഹൈദരാബാദിൽ പഠനകാലത്താണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. എൻജിനീയറിങ് പഠനകാലത്ത് തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി അക്രമിക്കുകയും ചെയ്ത ശ്രീറാമുമായുള്ള പ്രണയം 2019-ൽ യുവതി അവസാനിപ്പിച്ചു.പിന്നീട് 2022 ഫെബ്രുവരിയിൽ യുവതിമാസ്റ്റേഴ്സ് പഠനത്തിനായി ലണ്ടനിലെത്തി. ഈ സ്ഥലത്ത് എത്തിയ ശ്രീറാം യുവതിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തും വിവാഹത്തിന് നിർബന്ധിച്ചിരുന്നു.