ഇപ്പോൾ വാങ്ങുന്നത് വ്യാജ പനീറോ? കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാ

Mail This Article
മാംസഭക്ഷണം കഴിക്കാത്ത ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് പനീര്‍. ചില്ലി പനീര്‍, ബട്ടര്‍ പനീര്‍, ഷാഹി പനീര്‍, പാലക് പനീർ, മട്ടര്‍ പനീര്‍, കടായി പനീര്‍, പനീർ ടിക്ക, പനീർ ബുർജി തുടങ്ങി രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ പനീര്‍ കൊണ്ട് ഉണ്ടാക്കാം. പലരും പുറത്തു നിന്നും പനീര്‍ വാങ്ങിക്കുകയാണ് പതിവ്. എന്നാല്‍, ഇന്ന് വിപണിയില്‍ കിട്ടുന്നതൊന്നും ശരിക്കുള്ള പനീര്‍ അല്ല എന്നതാണ് സത്യം. ശരീരത്തിന് ഹാനികരമായ ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്നവയാണ് ഇവയില്‍ പലതും.

പ്രോട്ടീന്‍ കിട്ടാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും പനീര്‍ കഴിക്കുന്നത്. നൂറു ഗ്രാം പനീറില്‍ ഏകദേശം പതിനെട്ടു ഗ്രാം പ്രോട്ടീന്‍ ഉണ്ട്. എന്നാല്‍, പനീറില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ വേറെയും ഒട്ടേറെ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്.
1.സോയ ചങ്ക്സ്
മാംസത്തിന്‍റെ എല്ലാ ഗുണങ്ങളും ദോഷങ്ങളില്ലാതെ ലഭിക്കുന്നത് സങ്കൽപ്പിക്കുക. അതാണ് സോയാ ചങ്ക്സ് ചെയ്യുന്നത്. സോയാ ബീന്‍സില്‍ നിന്നും സോയാബീൻ ഓയിൽ വേർതിരിച്ചെടുത്ത ശേഷം ബാക്കി വരുന്ന ഉപോല്‍പ്പന്നമാണ് ഇത്. നൂറു ഗ്രാം സോയ ചങ്ക്സില്‍ 52 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. മാത്രമല്ല, എണ്ണ വേര്‍തിരിച്ചെടുക്കുന്നതിനാല്‍ ഇതില്‍ കൊഴുപ്പും തീരെ അടങ്ങിയിട്ടില്ല. മാത്രമല്ല, കുറഞ്ഞ വിലയ്ക്ക് കിട്ടും എന്നതും ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
2. ചെറുപയര്‍
ഏകദേശം 4,000 വർഷത്തിലേറെയായി ഇന്ത്യൻ ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ് പയർവര്‍ഗ്ഗങ്ങള്‍. ഇവയില്‍ സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ ഏറ്റവും വലിയ ഉറവിടങ്ങളില്‍ ഒന്നാണ് ചെറുപയർ, അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളുമെല്ലാം ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നൂറു ഗ്രാം ചെറുപയറില്‍ 24 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മുളപ്പിച്ചു കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ കൂടും.
3. ടെമ്പെ
പുളിപ്പിച്ച സോയാബീനുകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ഇന്തോനേഷ്യൻ ഭക്ഷണമാണ് ടെമ്പെ. അതുകൊണ്ടുതന്നെ പ്രോബയോട്ടിക്കുകളാല്‍ സമ്പന്നമാണ് ഇത്. ജാവ ദ്വീപിൽ ഇത് വളരെ ജനപ്രിയമാണ്. ടെമ്പെ ഗോരെങ്, ടെമ്പെ ബാസെം, ടെമ്പെ മെൻഡോവൻ, ടെമ്പെ കെറിംഗ്, ഒറാക്-അരിക് ടെമ്പെ, ഒസെങ് ടെമ്പെ, ടെമ്പെ സാറ്റേ, ടെമ്പെ പെൻയെറ്റ് തുടങ്ങിയ ഒട്ടേറെ വിഭവങ്ങള്‍ ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നു. കേക്ക് രൂപത്തിലാണ് ഇത് ഉണ്ടാവുക. നൂറു ഗ്രാം ടെമ്പെയില്‍ 20.29 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. കൂടാതെ നിരവധി ബി വിറ്റാമിനുകളുടെയും റൈബോഫ്ലേവിൻ ( 30% DV), മാംഗനീസ് (62% DV) പോലുള്ള ഭക്ഷണ ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്.
4. വെളുത്ത കടല
കറി വയ്ക്കാന്‍ ഉപയോഗിക്കുന്ന വെളുത്ത ഇനം കടല അഥവാ ചിക്ക്പീയും മികച്ച അളവില്‍ പ്രോട്ടീന്‍ അടങ്ങിയതാണ്.

നൂറുഗ്രാം ചിക്ക്പീയില്‍ 20.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സലാഡുകൾ, സൂപ്പുകൾ, സ്റ്റ്യൂകൾ, കറികള്‍, ചന മസാല, ഹമ്മസ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഇതുകൊണ്ട് തയ്യാറാക്കാം.
5. നിലക്കടല
ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്‍റെയും ഉറവിടമാണ് പീനട്ട് അഥവാ നിലക്കടല. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ് നിലക്കടലയുടെ ഏറ്റവും വലിയ ഉല്പാദകർ. ഇന്ത്യയാകട്ടെ, നിലക്കടലയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്. എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു.
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്. നൂറുഗ്രാം നിലക്കടലയില്‍ ഏകദേശം 25 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ് നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉള്ളത്. പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ ആസിഡുകള്‍ ശരീരത്തിനു ലഭിക്കും. അതിനാൽ ശാരീരിക അധ്വാനം, വ്യായാമം എന്നിവ ചെയ്യുന്നവരുടെ പേശി വളർച്ചയ്ക്ക് ഉത്തമമാണ് നിലക്കടല.
6. മത്തങ്ങയുടെ കുരു
സൂര്യകാന്തി വിത്തുകൾ പോലെ വാണിജ്യപരമായി ഉൽപാദിപ്പിച്ച് വില്‍ക്കുന്ന ഒരു ഉല്‍പ്പന്നമാണ് പംകിന്‍ സീഡ്സ് അഥവാ മത്തങ്ങവിത്തുകള്‍.
നൂറു ഗ്രാം ഉണക്കി വറുത്ത മത്തങ്ങ വിത്തുകളിൽ 29.84 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ കൊഴുപ്പ് കൂടുതലായതിനാല്‍ നിയന്ത്രിതമായി മാത്രം കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
7. സെയ്റ്റാൻ
ഗോതമ്പിലെ പ്രധാന പ്രോട്ടീനായ ഗ്ലൂറ്റനിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ് സെയ്റ്റാൻ. ഏഷ്യൻ, വെജിറ്റേറിയൻ, വീഗൻ, ബുദ്ധ, മാക്രോബയോട്ടിക് പാചകരീതികളിൽ മാംസത്തിന് പകരം ഗോതമ്പ് ഗ്ലൂറ്റൻ പലപ്പോഴും ഉപയോഗിക്കുന്നു. നൂറു ഗ്രാം സെയ്റ്റനില്‍ ഏകദേശം 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.