സൗദി വിദേശകാര്യ മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായ് കൂടിക്കാഴ്ച നടത്തി
Mail This Article
റിയാദ് ∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെക്കുറിച്ചും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തി. ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്കയും തമ്മിലുള്ള സംയുക്ത യോഗത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ജിസിസി കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഗാസയിലെയും റഫ നഗരത്തിലെയും സ്ഥിതിഗതികളെയും സംഭവവികാസങ്ങളെക്കുറിച്ചും അടിയന്തര വെടിനിർത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും അടിയന്തര മാനുഷിക സഹായം ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. അമേരിക്കയിലെ സൗദി സ്ഥാനപതി അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. മനാൽ റദ്‌വാൻ, വിദേശകാര്യ മന്ത്രിയുടെ ഉന്നത ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്‌യ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ശേഷം നടന്ന അറബ് അമേരിക്കൻ യോഗത്തിൽ ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, യുദ്ധം അവസാനിപ്പിക്കല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് യോഗം വിശകലനം ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യുഎഇ വിദേശ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാൻ, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.