ഭിന്നശേഷിക്കാരനെ സുഹൃത്തും ഏജന്റും ചതിച്ചു; യുഎഇയിലെത്തിയിട്ട് 2 വർഷം, വൻതുക ബാധ്യത
Mail This Article
അജ്മാൻ ∙ ജീവിതത്തിൽ ഒട്ടേറെ ചതിക്കുഴികളിൽ വീണ് വൻതുക നഷ്ടപ്പെട്ട്, ഒടുവിൽ കടബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി തേടി യുഎഇയിലെത്തിയ ഭിന്നശേഷിക്കാരനായ മലയാളി യുവാവിന് അജ്മാനിൽ ദുരിത ജീവിതം. ആലപ്പുഴ മാവേലിക്കര സ്വദേശിയും ബിബിഎ ബിരുദധാരിയുമായ പ്രശാന്ത് ജി. നമ്പൂതിരി(40)യാണ് ചങ്ങനാശേരിയിലെ വീസ ഏജന്റ് വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനാൽ കഴിഞ്ഞ 2 വർഷമായി സന്ദർശക വീസയിൽ ഇവിടെ തുടരുന്നത്. എസി പോലുമില്ലാത്ത കുടുസ്സുമുറിയിൽ ആരെങ്കിലും തനിക്ക് ഒരു ജോലി തരുമെന്ന പ്രതീക്ഷയോടെ ജീവിതം തള്ളിനീക്കുന്നു. ദിവസവും ഒരുനേരം മാത്രമാണ് ഭക്ഷണം. മുറിയുടെ വാടക നൽകിയിട്ട് നാല് മാസത്തോളമായി.
പ്രശാന്തിന്റെ നിസ്സഹായാവസ്ഥ കണ്ട് മനസലിഞ്ഞ് ഫ്ലാറ്റുടമ കോഴിക്കോട് സ്വദേശി അബ്ദുൽ അസീസ് അവിടെ തുടരാൻ അനുവദിക്കുകയും ഇടയ്ക്കെല്ലാം ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രമാണ് താനിപ്പോഴും ജീവിച്ചുപോകുന്നതെന്ന് പ്രശാന്ത് മനോരമ ഒാൺലൈനിനോട് പറഞ്ഞു.
∙ അന്ന് ന്യൂഡൽഹിയിൽ നടന്ന ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ നടന്ന ആ മഹാദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രശാന്ത്. ഇദ്ദേഹത്തിന്റെ പിതാവ് ഡൽഹിയിൽ ലാബ് ടെക്നിഷ്യനായിരുന്നു. പ്രശാന്ത് ജനിച്ചത് തലസ്ഥാനനഗരിയിലെ ആശുപത്രിയിൽ. ജനിച്ചതിന് ശേഷമുള്ള ആദ്യ പോളിയോ പ്രതിരോധ കുത്തിവയ്പ് 1983 ലാണ് നടത്തിയത്. അന്ന് ആ ആശുപത്രിയിൽ വാക്സീൻ ഓവർഡോസ് നൽകിയതിനെ തുടർന്ന് ഒട്ടേറെ കുട്ടികൾ മരിക്കുകയും ഏഴോളം പേർ ഗുരുതര നിലയിലാകുകയും ചെയ്തു. ആ ദുരന്തത്തിൽപ്പെട്ട പ്രശാന്തിന്റെ ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലനശേഷി നഷ്ടപ്പെട്ടു. ആ സംഭവം വലിയ വാർത്തയാകുകയും കേസിന് പിന്നാലെ പോയ പലർക്കും വൻതുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രശാന്തിന്റെ പിതാവ് അതിനൊന്നും നിൽക്കാതെ മകന് വിദഗ്ധ ചികിത്സ നൽകാനായി ജോലി രാജിവച്ച് കേരളത്തിലേക്കു മടങ്ങി. പക്ഷേ, പ്രശാന്തിന്റെ, ഇടതുകാലിന്റെ ബലക്ഷയം പരിഹരിക്കാനായില്ല.
തിരിച്ചറിവുണ്ടായ പ്രായത്തിൽ തന്റെ ദുര്‍വിധിയോർത്ത് ഏറെ കരഞ്ഞിട്ടുണ്ടെന്ന് ഈ യുവാവ് പറയുന്നു. എന്നാൽ, ഇത്തരത്തിൽ അംഗവൈകല്യത്തോടെ തന്നെ ലോകം കീഴടക്കിയ ഒട്ടേറെ പേരുടെ വിജയകഥകൾ വായിച്ചും കണ്ടും മനസിലാക്കിയതോടെ എന്തും നേരിടാനുള്ള ആത്മവിശ്വാസമായി. അങ്ങനെയാണ് കോട്ടയം പബ്ലിക് കോളജിൽ നിന്ന് ബിബിഎ നേടിയത്. മാത്രമല്ല, മാവേലിക്കരയില്‍ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന പ്രശാന്ത് ഏവർക്കും പ്രിയങ്കരനായും മാറി. പക്ഷേ, അന്നത്തെ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കന്മാരോടടക്കം പല പ്രമുഖരുമായും ഉണ്ടായിരുന്ന പരിചയമോ അടുപ്പമോ തന്റെ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ഇദ്ദേഹം മുതിർന്നില്ല. മാത്രമല്ല, മറ്റുള്ളവരോട് കടം വാങ്ങി പോലും പലരെയും സഹായിച്ചുകൊണ്ടുമിരുന്നു.
∙കാനഡയിൽ ജോലിക്ക് നൽകിയ വൻ തുക നഷ്ടമായി
2019ൽ സമൂഹമാധ്യമത്തിൽ കണ്ട പരസ്യത്തിലെ, ഛത്തിസ്ഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെട്ട വ്യാജ റിക്രൂട്ടിങ് ഏജൻസിക്ക് നൽകിയ ആറര ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് പ്രശാന്തിന് പറ്റിയ ആദ്യത്തെ ചതി. ഇതുകൂടാതെ അരലക്ഷം രൂപ വേറെയും പോയി. പണം കൈപ്പറ്റിയതോടെ തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു. പിന്നീട് അവരെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും കടംവാങ്ങിയാണ് ഈ പണം സ്വരൂപിച്ചത്.
ആത്മാർഥ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനുള്ള സ്വർണം പ്രശാന്ത് തന്റെ പരിചയത്തിലുള്ള ജ്വല്ലറിയിൽ നിന്ന് കടംവാങ്ങി നൽകി കുടുങ്ങിയതാണ് രണ്ടാമത്തെ ചതി. വിവാഹം ഭംഗിയായി കഴിഞ്ഞതോടെ ആ സുഹൃത്ത് ഫോൺ നമ്പർ മാറ്റുകയും പിന്നീട് മുങ്ങുകയുമായിരുന്നു. കടം നൽകിയ ബന്ധുക്കളും പരിചയക്കാരുമെല്ലാം അതു തിരിച്ചുചോദിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് ഗൾഫിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയാലോ എന്ന ആലോചനയുണ്ടായത്. യുഎഇയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ ചങ്ങനാശേരിയിലെ ഒരു ഏജന്റിന് ഒരു ലക്ഷത്തിലേറെ രൂപ നൽകിയതാണ് ഏറ്റവും ഒടുവിൽ പറ്റിയ ചതി. മൂന്ന് മാസത്തെ സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനുമായാണ് ഇത്രയും തുക നൽകിയത്. ഇവിടെ എത്തിയ ഉടൻ തന്നെ ഏജൻസിയുടെ ആൾക്കാർ പ്രശാന്തിന്റെ ആരോഗ്യ സ്ഥിതിവച്ച് ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി ശരിയാക്കിത്തരുമെന്നായിരുന്നു വാഗ്ദാനം. ഇതുവിശ്വസിച്ച് 2022 ജൂൺ ഒന്നിന് യുഎഇയിലേക്കു വിമാനം കയറി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിപ്പോൾ ഏജൻസിയുടെ ആളായ മലയാളി യുവാവ് അജ്മാനിലേക്കു കൂട്ടിക്കൊണ്ടുവന്നു. ആദ്യം അവർ അനുവദിച്ച ചെറിയൊരു മുറിയിലായിരുന്നു താമസിച്ചത്. ഇതിന് ഒരു മാസം 900 ദിര്‍ഹം അവർ ഇൗടാക്കി. ഏറെ നാൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി നൽകിയില്ലെന്ന് മാത്രമല്ല, കൃത്യമായി ഭക്ഷണം പോലും ലഭിച്ചില്ല. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് ദേഷ്യപ്പെട്ട ഏജന്റ് അവിടെ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റി. അവിടെ എസി പോലുമില്ലാതെ ചൂടുകാലത്ത് വെന്തുരുകി. തന്നെപ്പോലെ ചതിയിൽപ്പെട്ട ഇരുപത്തഞ്ചോളം യുവാക്കൾ അവിടെ താമസിച്ചിരുന്നതായി പ്രശാന്ത് പറയുന്നു. ഇപ്പോൾ 12 ലക്ഷം രൂപയുടെ ബാധ്യതയാണ് ഇദ്ദേഹത്തിനുള്ളത്.
∙10 ദിവസം ജോലി ചെയ്തതിന് ശമ്പളം 10 ദിർഹം
അജ്മാനിലെ ഇൻകാസ് പ്രവർത്തകരായ വർഗീസാണ് ഈ ദുരിത കാലത്ത് ആദ്യം തുണയായത്. അദ്ദേഹം താമസസൗകര്യം ഏർപ്പാടാക്കിക്കൊടുത്തു. അവിടെ നാല് മാസത്തോളം താമസിച്ചു. തുടർന്ന് വർക്കല സ്വദേശിയുടെ കൂടെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ജോലിക്ക് കൂടി. ഊന്നുവടിയുടെ സഹായത്തോടെ കുറച്ച് ദൂരം നടന്നായിരുന്നു പാചക കേന്ദ്രത്തിലെത്തിയിരുന്നത്. ഒടുവിൽ, നിത്യച്ചെലവിന് കുറച്ച് പൈസ ആവശ്യപ്പെട്ടപ്പോൾ 10 ദിവസത്തെ ശമ്പളമായി 10 ദിർഹം നൽകിയ ശേഷം, വേഗം സ്ഥലംവിട്ടോളാനായിരുന്നു വർക്കലക്കാരന്റെ ആക്രോശം. പിന്നീട് ദുബായിലടക്കം കുറേ സ്ഥലങ്ങളിൽ ജോലി ചെയ്തെങ്കിലും ശമ്പളമോ വീസയോ നൽകാത്തതിനാൽ എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരത്തിൽ കഫ്റ്റീരിയ മുതൽ ഡാറ്റാ എൻട്രി വരെ ഇദ്ദേഹം ചെയ്ത ജോലികളിൽപ്പെടുന്നു. ഏറ്റവുമൊടുവിൽ ചെയ്തിരുന്ന ജോലി സ്ഥലത്ത് കുറച്ച് ദിവസങ്ങളേ നിൽക്കാൻ പറ്റിയുള്ളൂ. കെട്ടിടത്തിന്റെ മുകൾ നിലയിലെ ഓഫിസിലായിരുന്നു ജോലി. കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ സ്റ്റെയർകേയ്സ് കയറണമായിരുന്നു. ഊന്നുവടിയുപയോഗിച്ച് കഷ്ടപ്പെട്ട് കയറുന്നത് കണ്ട് വിഷമം തോന്നുന്നതിനാൽ നാളെ മുതൽ ജോലിക്ക് വരേണ്ടെന്നായിരുന്നു അവരുടെ നിർദേശം. പിന്നീട്, നിരാശനായി മുറിയിൽ തന്നെ അടച്ചിരിക്കാൻ തോന്നി.
∙ സന്ദർശക വീസയില്‍ 2 വർഷം; 2 തവണ പിഴയടച്ചു
ആത്മവിശ്വാസത്തിന്റെ ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു പ്രശാന്തിന്റെ യുഎഇയിലേയ്ക്കുള്ള യാത്ര. ഒട്ടേറെ തിരിച്ചടികളുണ്ടായിട്ടും അതിനെയെല്ലാം സധൈര്യം നേരിട്ടു. രണ്ട് വർഷത്തിനിടെ ഒട്ടേറെ തവണ സന്ദർശക വീസ പുതുക്കി. 1800 ദിർഹം വീതം രണ്ട് പ്രാവശ്യം പിഴയുമടച്ചു. ഇതെല്ലാം സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രം നടന്നതാണ്. ഇപ്പോൾ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് 12 ദിവസമായി. ദിവസവും 50 ദിർഹം വച്ചാണ് പിഴയൊടുക്കേണ്ടത്. ഇനിയും ആരുടെ മുന്നിലും കൈനീട്ടാൻ മനസ്സുവരുന്നില്ല. അപമാനം കൊണ്ടല്ല, എല്ലാവരെയും എത്ര എന്നുവച്ചാണ് ശല്യപ്പെടുത്തുന്നത്?–പ്രശാന്ത് നിറ കണ്ണുകളോടെ ചോദിക്കുന്നു.
∙ ഇരുന്നുകൊണ്ട് ചെയ്യാവുന്ന ഒരു ജോലി, അതുമാത്രം മതി
കഴിഞ്ഞുപോയ കാലം സമ്മാനിച്ച കുറവുകൾ ശരീത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ, തന്റെ മനസ്സ് ഇന്നും ആടിയുലയാതെ നിൽക്കുന്നുവെന്ന് ഇൗ യുവാവ് തെളിയിച്ചു. തന്റെ യോഗ്യതയ്ക്കനുസരിച്ച്, ഇരുന്നുകൊണ്ടു ചെയ്യാവുന്ന ഒരു ജോലി; ഇതൊരു ഭിന്നശേഷിക്കാരന്റെ അപേക്ഷയാണെന്ന് കരുതി സഹായിക്കാൻ യുഎഇയിലെ നല്ലവരായ മനുഷ്യരോട് പ്രശാന്ത് പറയുന്നു. പിഴയടച്ച് സന്ദർശക വീസ പുതുക്കി പുതുജോലിയിൽ പ്രവേശിക്കാനാണ് ആഗ്രഹം. അതിന് മനസിൽ നന്മ വറ്റിയിട്ടില്ലാത്ത ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമെന്ന പ്രതീക്ഷ കൈവിവിട്ടിട്ടില്ല. പ്രശാന്തിനെ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: +971 56 573 9439.