ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിൽ ഇടം നേടി യുഎഇയും ഖത്തറും
Mail This Article
ദോഹ ∙ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിന് പുറമെ യുഎഇയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.
ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 2014 ല്‍ ഗണ്യമായ ഇടിവിന് മുന്‍പേ തന്നെ 1,43,000 ഡോളറിലെത്തിയിരുന്നു. സമീപ വര്‍ഷങ്ങളിലായുള്ള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ കുതിപ്പിലൂടെ ജിഡിപി പ്രതിവര്‍ഷം 10,000 ഡോളറായി വര്‍ധിക്കുന്നുണ്ട്. 2023 ല്‍ ഖത്തറിന്റെ മൊത്തം ജിഡിപി 220 ബില്യന്‍ ഡോളര്‍ ആയിരുന്നു. കോവിഡ്-19 വ്യാപനം ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയെ തുടര്‍ന്ന് വെല്ലുവിളികളെ മറികടക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള വ്യാപാര തടസങ്ങളും എണ്ണ വിലയിലെ കുറവും നിലനില്‍ക്കുന്നുണ്ടെങ്കിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ഏകദേശം 2 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.