വീസ കാലാവധിയും ജോലിയും പ്രതിസന്ധിയിലായി; എയർ ഇന്ത്യാ എക്സ്പ്രസ് നീക്കത്തിൽ യാത്രക്കാർ ദുരിതകയത്തിൽ
Mail This Article
തിരുവനന്തപുരം ∙ എയർ ഇന്ത്യാ എക്സ്പ്രസ് അപ്രതീക്ഷിതമായി വിമാന സർവീസുകൾ റദ്ദാക്കിയ കാരണം കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിൽ റദ്ദ് ചെയ്തത് മൂലം 100 കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് പകരം വിമാന അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള നിരുത്തരവാദപരമായ സമീപനം തികച്ചും അപലപനീയമാണെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
യാത്രക്കാരിൽ പലരും നാളെ ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടവരും വീസ കാലാവധി തീരുന്നവരുമായതിനാൽ ബന്ധപ്പെട്ടവർ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിച്ച് മുഴുവൻ യാത്രക്കാർക്കും ഉടനെ യാത്ര സൗകര്യമേർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ അസ്‌ലം ചെറുവടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, ട്രഷറർ കുഞ്ഞിപ്പ തൃശൂർ, ഷാജഹാൻ എം. കെ.. ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.