ഹയർ സെക്കൻഡറി വിജയം 88.2%; ജയിച്ചവർ കുറഞ്ഞു, എ പ്ലസുകാർ കൂടി
Mail This Article
അബുദാബി ∙ കേരള ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾ സംസ്ഥാന ശരാശരിയെക്കാൾ വിജയം നേടി. യുഎഇയിലെ 8 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 585 വിദ്യാർഥികളിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയം 88.2%. 84 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ആണ് 100 ശതമാനത്തോടെ ഗൾഫിൽ വിജയത്തിളക്കം ആവർത്തിച്ചത്. യുഎഇയിൽനിന്ന് 590 പേർ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും 5 വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല. 69 വിദ്യാർഥികൾ പരാജയപ്പെട്ടു.
എപ്ലസ് നേടിയവരിൽ വർധനയുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ വിജയ ശതമാനം (92.4%) ഉണ്ടായില്ല. നൂറു ശതമാനവും അതിനോട് അടുത്ത വിജയവും നേടിയിരുന്ന ഗൾഫിലെ സ്കൂളുകൾ ഏതാനും വർഷമായി വിജയ ശതമാനത്തിൽ പിറകോട്ടുപോവുകയാണ്.
സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 43 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 9 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 124 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. റജിസ്റ്റർ ചെയ്ത ഒരു വിദ്യാർഥി അപകടത്തിൽ പെട്ടതിനാൽ പരീക്ഷ എഴുതിയില്ല. 38 പേർക്കു എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 109 വിദ്യാർഥികളിൽ 108 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 26 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 23 പേരിൽ 19 പേരും വിജയിച്ചു. 3 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. ഫുജൈറ ഇന്ത്യൻ സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 50 വിദ്യാർഥികളിൽ 45 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 3 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
റാസൽഖൈമ ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 60 വിദ്യാർഥികളിൽ 50 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 2 വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല.
ഉമ്മുൽഖുവൈൻ ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിൽ പരീക്ഷ എഴുതിയ 74 വിദ്യാർഥികളിൽ 59 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 2 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 102 വിദ്യാർഥികളിൽ 68 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 3 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 2 പേർ പരീക്ഷ എഴുതിയില്ല.
സയൻസിൽ ലിയ റഫീഖ് ഒന്നാമത്; കൊമേഴ്സിൽ അംന ആസിയ സുബൈർ, ഹന ഫാത്തിമ അഫ്സൽ
ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ്, കൊമേഴ്സ് പരീക്ഷയിൽ ഗൾഫിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയവരിൽ ആറിൽ 5 പേരും അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ. സയൻസ് സ്ട്രീമിൽ 1200ൽ 1196 മാർക്കു (99.66%) നേടി ലിയ റഫീഖ് ഒന്നാമതെത്തി. 1195 മാർക്കു (99.58%) നേടിയ അഷിത ഷാജിർ ആണ് രണ്ടാം സ്ഥാനത്ത്. 1194 മാർക്കോടെ (99.5%) ഷംനയും ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നദ സലാമും മൂന്നാം സ്ഥാനം പങ്കിട്ടു. യുഎഇയിൽ 84 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ അതിൽ 38ഉം മോഡൽ പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥികളായിരുന്നു.
കൊമേഴ്സ് സ്ട്രീമിൽ 1200ൽ 1193 മാർക്കുനേടി (99.41%) മോഡൽ പ്രൈവറ്റ് സ്കൂളിലെ അംന ആസിയ സുബൈറും ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഹന ഫാത്തിമ അഫ്സലും യുഎഇയിൽ ഒന്നാം സ്ഥാനം പങ്കിട്ടു. 1185 മാർക്ക് (98.75%) നേടി മോഡൽ പ്രൈവറ്റ് സ്കൂളിലെ നജ ഫാത്തിമയാണ് യുഎഇയിൽ രണ്ടാം സ്ഥാനത്ത്. 98.6% മാർക്കോടെ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ജെസ്‍ലിൻ ജോസ് മൂന്നാമതെത്തി.