ഗാസ: മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ നിർണായക നടപടി വേണമെന്ന് യുഎഇയും തുർക്കിയും
Mail This Article
അബുദാബി ∙ ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ എന്നിവർ ചര്‍ച്ച ചെയ്തു. അബുദാബിയിൽ നടന്ന യോഗത്തിൽ നീതിയും സമഗ്രവും ശാശ്വതവുമായ സമാധാനം തിരിച്ചുകൊണ്ടുവരാനും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാനും നിർണായക നടപടി സ്വീകരിക്കാൻ ഇരുവരും രാജ്യാന്തര സമൂഹത്തോട് അഭ്യർഥിച്ചതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തു.
വ്യാഴാഴ്ച ഖസർ അൽ ഷാതിയിൽ നടന്ന യോഗത്തിൽ പ്രതിസന്ധിക്ക് ദ്വിരാഷ്ട്ര പരിഹാരം പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് മുഹമ്മദും ഹകൻ ഫിദാനും ഊന്നിപ്പറഞ്ഞു. ഗാസ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34,900 കടന്നു. 78,500 ലധികം പേർക്ക് പരുക്കേറ്റതായി എൻക്ലേവിൻ്റെ ആരോഗ്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബർ 7 ന് ദക്ഷിണ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടതിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്.
യുഎഇയും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരാഞ്ഞു. വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കഴിഞ്ഞ വർഷം മാർച്ചിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. വ്യാഴാഴ്ച അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദിനുള്ള അനുശോചനം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഫിദാൻ ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഖസർ അൽ ഷാതിയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് പങ്കെടുത്തു.
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ്, ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി അൽ ഷംസി എന്നിവരും സംബന്ധിച്ചു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഹകൻ ഫിർദാനുമായി കൂടിക്കാഴ്ച നടത്തി.