റീജനറേറ്റിവ് ടൂറിസം പദ്ധതിക്ക് തുടക്കം: ദൈവം വസിക്കുന്ന നാട്; ഗോവ വിളിക്കുന്നു
Mail This Article
ദുബായ് ∙ ആത്മീയതയും തീർഥാടനവും ഉൾപ്പെടുത്തി വിനോദ സഞ്ചാര മേഖലയിൽ സമഗ്ര പരിഷ്കാരത്തിന് ഒരുങ്ങി ഗോവ. കടൽത്തീരവും പാർട്ടികളും മാത്രമായിരുന്ന ഗോവൻ ടൂറിസത്തിൽ ഇനി സംസ്ഥാനത്തിന്റെ അറിയപ്പെടാത്ത മേഖലകൾ കൂടി ഇടംപിടിക്കുമെന്ന് ഗോവൻ മന്ത്രി റോഹൻ അശോക് കൗണ്ടേ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1960കളിലെ ഹിപ്പി സംസ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ ഗോവൻ ടൂറിസം. അറിയപ്പെടാത്ത മേഖലകൾ ഗോവയിലുണ്ട്. ഗോവൻ കാർണിവൽ പോലെ തന്നെ പരമ്പരാഗത ആചാരങ്ങളും ഉത്സവങ്ങളുമുണ്ട്. യോഗയും ധ്യാനവും ഈ സംസ്ഥാനത്തിന്റെ ഭാഗമാണ്. ക്ഷേത്രങ്ങളും അതിന്റെ ചുറ്റുപാടുകളുമുണ്ട്.
ഗോവൻ ഭക്ഷ്യ സംസ്കാരവും ഇവിടത്തെ പരമ്പരാഗത ജനവിഭാഗവുമുണ്ട്. എല്ലാവരെയും സമന്വയിപ്പിച്ച് ഗോവൻ വിനോദസഞ്ചാര രംഗത്തിന്റെ രൂപവും ഭാവവും മാറുകയാണ്. എങ്കിലും നിലവിലുള്ള ആഘോഷങ്ങളും ബീച്ച് ടൂറിസവും ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ ഒരു വർഷം 10 ലക്ഷത്തിലധികം രാജ്യാന്തര സഞ്ചാരികളും ഒരു കോടിയോളം ആഭ്യന്തര സഞ്ചാരികളുമാണ് എത്തുന്നത്.
തീര മേഖലയ്ക്ക് അപ്പുറം ഗോവയുടെ സാധ്യതകൾ ലോകത്തെ അറിയിക്കുന്നതിന് റീജനറേറ്റിവ് ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ്. സമ്പത്ത്, പരിസ്ഥിതി, സമൂഹം എന്നിവയാണ് പദ്ധതിയിൽ പ്രധാനം. ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, സാഹസികത, സുഖ ചികിത്സ, വലിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള വിനോദ സഞ്ചാരം, സാംസ്കാരിക പരിപാടികൾ, ഭക്ഷണം, ആത്മീയത അങ്ങനെ വിവിധ മേഖലകളിൽ സഞ്ചാരികളുടെ താൽപര്യങ്ങളെ പരിഗണിച്ചുള്ള മാറ്റങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. 11 ക്ഷേത്രങ്ങളെ കൂട്ടിയിണക്കി ഏകാദശി തീർഥാടനം എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
സ്ത്രീശാക്തീകരണം കൂടി ലക്ഷ്യമിട്ടുള്ള ഹോം സ്റ്റേ നയം സംസ്ഥാനത്ത് നടപ്പാക്കി. പ്രാദേശിക ഉൽപന്നങ്ങളുടെ വിപണിയും ഇതിലൂടെ സാധ്യമാകുന്നു. കൂടുതൽ വിമാന കമ്പനികൾ ഗോവയിലേക്ക് സർവീസുകൾ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്.
കേരള ടൂറിസവുമായി ഗോവയ്ക്ക് മൽസരമില്ല. കേരളത്തിനും ഗോവയ്ക്കും തീരപ്രദേശമുണ്ട്, എന്നാൽ രണ്ടും സൗന്ദര്യത്തിലും വശ്യതയിലും വ്യത്യസ്തമാണ്. കേരള ഭക്ഷണവും ഗോവൻ ഭക്ഷണവും രുചികരമാണ്, വ്യത്യസ്തമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണല്ലോ. എന്നാൽ, ഗോവ ദൈവം വസിക്കുന്ന നാടാണ്.
രണ്ടു സംസ്ഥാനങ്ങൾക്കും അവരുടേതായ മേന്മകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുണ്ട്. സഹകരിച്ച്, മത്സരിച്ച് മുന്നേറുകയാണ് ലക്ഷ്യം. ആർക്കു ഗുണപ്പെട്ടാലും അത് ഇന്ത്യയ്ക്കു നേട്ടമാകും. നമ്മൾ മത്സരിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നിലേക്ക് നയിക്കാനാണല്ലോ?
അക്കാര്യത്തിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായാണ് മന്ത്രി ദുബായിൽ എത്തിയത്.