നല്ല വായുവിന് ഹരിതതന്ത്രം മെനഞ്ഞ് അബുദാബി
Mail This Article
അബുദാബി ∙ അബുദാബിയിൽ ശുദ്ധവായുവിന്റെ നിലവാരം വർധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും അബുദാബി ഹരിത തന്ത്രം ആവിഷ്കരിച്ചു. അന്തരീക്ഷ വായുവിന്റെ നിലവാരം ഉയർത്തുക, ശബ്ദമലിനീകരണം കുറയ്ക്കുക, വ്യവസായങ്ങൾ പരിസ്ഥിതിക്കു ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി ഏജൻസി അബുദാബി ചെയർമാനും ഭരണാധികാരിയുടെ അൽദഫ്ര മേഖലാ പ്രതിനിധിയുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് പറഞ്ഞു.
അബുദാബിയിലെ എല്ലാ നിർമാണ കേന്ദ്രങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി ലൈസൻസ് നിർബന്ധമായും നേടണം. വായു, ശബ്ദ മലിനീകരണ പരിധി ലംഘിക്കില്ലെന്ന് ഉറപ്പു നൽകുകയും വേണം. അന്തരീക്ഷ മലിനീകരണ തോത് പരിധിവിടുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം നടത്തും. ശുദ്ധവായുവിൽ പ്രകൃതിദത്ത സ്രോതസ്സുകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പഠനം നടത്തും.
വികസന പദ്ധതികൾക്കും മറ്റും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നും പറഞ്ഞു. ശബ്‌ദത്തിന്റെ തോത് നിരീക്ഷിക്കുകയും പരിധി മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന മലിനീകരണ കേന്ദ്രങ്ങൾ കണ്ടെത്തി പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കുമെന്ന് പരിസ്ഥിതി ഏജൻസിയുടെ നിലവാര മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ ഹമ്മാദി പറഞ്ഞു.
∙ വന്നു, എയർ പ്യൂരിഫിക്കേഷൻ ടവറുകൾ...
എമിറേറ്റിൽ ശുദ്ധവായു ഉറപ്പാക്കാൻ എയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുന്നുണ്ട്. 22 നിരീക്ഷണ ശൃംഖലകളും പ്രവർത്തിച്ചുവരുന്നു. അബുദാബി ഹുദൈരിയാത്ത് ദ്വീപിലാണ് ഏറ്റവും ഒടുവിൽ എയർ പ്യൂരിഫിക്കേഷൻ ടവർ (സ്മോഗ് ഫ്രീ ടവർ) സ്ഥാപിച്ചത്. മണിക്കൂറിൽ 30,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ള 7 മീറ്റർ ഉയരമുള്ള ടവറാണിത്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിലൂടെയാണ് വായുവിനെ മാലിന്യമുക്തമാക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതോടൊപ്പം വന്യജീവികൾ, സമുദ്രജീവികൾ, പ്രകൃതി വിഭവങ്ങൾ എന്നിവയെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്ന പദ്ധതി യുഎഇ നെറ്റ് സീറോ 2050യുടെ ലക്ഷ്യങ്ങൾക്കും കരുത്തുപകരും.