ADVERTISEMENT

റിയാദ് ∙ എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ അകപ്പെട്ട് ‌‌‌രണ്ട് തവണയാണ് കിടപ്പ് രോഗിയായ പ്രവാസിക്ക് യാത്ര മാറ്റിവയ്ക്കേണ്ടി വന്നത്. കാസർകോട്, മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഹനീഫ് (54) എന്നയാളാണ് ഈ സംഭവത്തിന് ഇരയായത്. രണ്ടുമാസമായി റിയാദ് ഷുമൈസി സർക്കാർ ആശുപത്രിയിൽ ശയ്യാവലംബിയായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഈ മാസം 7ന് ചൊവ്വാഴ്ചത്തെ റിയാദ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രോഗികൾക്കുള്ള സ്ട്രച്ചർ (കിടക്ക) സീറ്റ് ടിക്കറ്റ് എടുത്ത് യാത്രയ്ക്ക് ക്രമീകരണം ചെയ്തിരുന്നു. അതിനനുസരിച്ച് ആശുപത്രിയിൽ നിന്നും നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കുവാനായി ഡിസ്ചാർജും ചെയ്ത് തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ വിമാനസമരം കാരണം സ്ട്രച്ചർ സീറ്റ് ഇല്ലന്നും ടിക്കറ്റ് റദ്ദാക്കുന്നതായുള്ള അറിയിപ്പ് ലഭിച്ചു. 

പരാതിയെ തുടർന്ന് 10 ന് (വെള്ളി) ന് പുറപ്പെടുന്ന വിമാനത്തിലേക്കുള്ള ടിക്കറ്റ് നൽകിയെങ്കിലും, വ്യാഴ്ച രാത്രിയോടെ അതും റദ്ദാക്കിയതായി വിമാന കമ്പനി അധികൃതർ അറിയിച്ചു. സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം കിടക്ക സീറ്റ് ക്രമീകരണം നടക്കില്ല എന്നതാണ് കാരണമായി പറഞ്ഞത്. കഴിഞ്ഞ 7 ന് (ചൊവ്വ) വിമാന യാത്ര മുടങ്ങിയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത മുഹമ്മദ് ഹനീഫിനെ സാമൂഹിക പ്രവർത്തകരുടെ അഭ്യർത്ഥനയിൽ ആശുപത്രി അധികൃതരുടെ കാരുണ്യത്തിൽ വീണ്ടും അതേ ആശുപത്രിയിൽ പുനപ്രവേശിപ്പിച്ച് തുടരാൻ അനുവദിച്ചു. 10 ന് രാത്രി യാത്ര ചെയ്യാൻ സാധിക്കുമെന്ന് കരുതി ഷുമൈസി ആശുപത്രിയിൽ ഡിസ്ചാർജ് ക്രമീകരിച്ചപ്പോഴാണ് വീണ്ടും വിമാനം റദ്ദാക്കിയ വിവരം ലഭിക്കുന്നത്. ആദ്യ തവണ ഡിസ്ചാർജ് ചെയ്തപ്പോൾ വിമാനം റദ്ദാക്കിയതിനെ തുടർന്നുള്ള കാര്യകാരണങ്ങൾ സഹിതം രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമാകുമെന്നും മറ്റുമുള്ള വിശദീകരണത്തെ തുടർന്നാണ് ഹനീഫിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചത്.

വെള്ളിയാഴ്ചയും യാത്ര മുടങ്ങിയതോടെ രണ്ടാമതും പുനപ്രവേശനം ലഭിക്കാൻ ആശുപത്രി അധികൃതരുടെ കാലുപിടിക്കേണ്ട ഗതികേടാണ് എയർ ഇന്ത്യാ എക്സ്പ്രസ് സമരം മൂലം തങ്ങൾക്ക് ഉണ്ടായിരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് പറഞ്ഞു. ഷുമൈസി ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിൽ ആയതിനാലാണ് പുനപ്രവേശനം സാധ്യമായത്. ആതേ സമയം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നുവെങ്കിൽ ഈ സാഹചര്യത്തിൽ വീണ്ടും തുടരുന്നതിനും പ്രതിദിനം ചികിത്സാ ചെലവിനത്തിൽ വലിയൊരു തുക കണ്ടെത്തേണ്ടിയും വരുമായിരുന്നു. പുനപ്രവേശനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകൾ വേറെയും നേരിടേണ്ടി വരുമായിരുന്നു. റിയാദിലെ എയർ ഇന്ത്യ ജീവനക്കാർ അനുഭാവപൂർവ്വം പെരുമാറിയെങ്കിലും നാട്ടിൽ പ്രതിസന്ധി പരിഹരിക്കാത്തതിനാൽ അവരും നിസ്സഹായരായിരുന്നു.

3 വർഷത്തോളമായി റിയാദിലെ ഒരു ഹൈപ്പർമാർക്കിനോട് ചേർന്നുള്ള മൊബൈൽകടയിൽ  ഫോൺ ടെക്നീഷ്യനായി ജോലിചെയ്തു വരികയായിരുന്നു മുഹമ്മദ് ഹനീഫ്. ഇതിനിടെയിലാണ് രണ്ടു മാസങ്ങൾക്ക് മുമ്പ് മസ്തിഷ്കാഘാതം വന്ന് തളർന്ന് വീഴുന്നത്. തുടർന്ന് സാമൂഹികപ്രവർത്തകർ ഷുമൈസിയിൽ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചു. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്ന ഇയാളുടെ വിമാനടിക്കറ്റും നാട്ടിലെ തുടർ ചികിത്സയടക്കമുള്ളതിന് വഴിയൊരുക്കുന്നത് മഞ്ചേശ്വരം കെഎംസിസി കമ്മറ്റി പ്രവർത്തകരാണ്. ഞായറാഴ്ചത്തെ വിമാനത്തിൽ ഇനി നാട്ടിലെത്തിക്കാമെന്ന ഒരു പ്രതീക്ഷയിലാണ് സാമൂഹിക പ്രവർത്തകർ.

പെട്ടെന്നുണ്ടാകുന്ന ഇത്തരം സമരങ്ങൾ ഏറെ ദുരിതം വിതയ്ക്കുന്നത് സാധാരണക്കാരായ പ്രവാസികളിൽ തന്നെയാണ്. പ്രത്യേകിച്ചും രോഗികൾ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മരണാന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കും, നിയമപരമായ കാര്യങ്ങൾക്കും പോകുന്നവർ, വിവിധ തരത്തിലുള്ള വീസ, റീ-എൻട്രി ഇഖാമ കാലാവധി കഴിയുന്നവർ എന്നിവർക്ക് ഈ സമരം വലിയ ക്ലേശങ്ങൾ സൃഷ്ടിച്ചു. റിയാദിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് വിമാന സർവീസുകൾ ഇല്ലാതായിട്ട് നാളുകളേറെയായി. ഇത് കിടപ്പ് രോഗികളെ നാട്ടിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. താമസസ്ഥലത്ത് രണ്ടാം നിലയിൽ നിന്ന് ഉറക്കത്തിൽ നിലത്ത് വീണ് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട കിടപ്പ് രോഗിയെ കിടക്ക സീറ്റിൽ തിരുവനന്തപുരത്ത് എത്തിക്കാൻ ഇപ്പോൾ സാധ്യതയില്ല. സമരം മൂലം മറ്റ് വഴികളിലൂടെയുള്ള സർവീസുകളെയാണ് ഇപ്പോൾ ആശ്രയിക്കേണ്ടത്. അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ടിക്കറ്റിന് വലിയ വില നൽകേണ്ടി വരുന്നതായും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

English Summary:

Air India Express Strike Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com