പത്താം ക്ലാസിൽ കണക്കിന് വെറും 12 മാർക്ക്; ഇന്ന് അബുദാബിയിലെ സർക്കാർ സ്ഥാപനത്തിൽ സിഎക്കാരനായ മലയാളി
Mail This Article
ദുബായ് ∙ പത്താം ക്ലാസ് പരീക്ഷയും എ പ്ലസും വിജയവും സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്ന സമയത്ത്, ദുബായിൽ നിന്നുള്ള ഒരു പ്രവാസി സമൂഹ മാധ്യമത്തിൽ പങ്കുവച്ച മാർക്ക് ലിസ്റ്റ് വൈറലായിരിക്കുകയാണ്. പുതുപൊന്നാനി എംഐഗേൾസ് ഹൈസ്കൂളിന്‍റെ ചരിത്രത്തിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ സ്കൂൾ ടോപ്പറായിരുന്ന സൗദ പൊന്നാനിയാണ് തന്‍റെ മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഈ പോസ്റ്റിൽ നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് താഴെയാണ് അബുദാബിയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന കുഞ്ഞുമുഹമ്മദ് തന്‍റെ മാർക്ക് ലിസ്റ്റ് പങ്കുവച്ചത്. അന്ന് കണക്കിൽ തോറ്റ കുഞ്ഞുമുഹമ്മദ് പിന്നീട് അബുദാബിയിൽ ഫിനാന്‍സ് കണ്‍സള്‍ട്ടന്‍റായി മാറി.
തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ കുഞ്ഞുമുഹമ്മദിന് 1980 ലെ എസ്എസ്എൽസി പരീക്ഷയിൽ കണക്കിന് ആകെ ലഭിച്ചത് 12 മാർക്ക് മാത്രമായിരുന്നു . ഈ മാർക്ക് ലിസ്റ്റിനൊപ്പം "എല്ലാ പക്ഷികളും തുടക്കത്തിൽ തൂവലുകളുമായി വരില്ല, പുഴുക്കളാണ് പിന്നീട് പൂമ്പാറ്റയായത്" എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ 12 വർഷമായി അബുദാബി സർക്കാർ സ്ഥാപനമായ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയിൽ ഓഡിറ്ററായി ജോലി ചെയ്യുകയാണ് കുഞ്ഞുമുഹമ്മദ്. മാർക്കുകൾ ഒന്നും പ്രശ്നമല്ലെന്ന് പുതിയ തലമുറയെ ഓർമ്മിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. എ പ്ലസ് മാത്രമല്ല, അതിനപ്പുറവും ഒരു ലോകമുണ്ടെന്ന് കുഞ്ഞുങ്ങളെ അറിയിക്കാനാണ് താൻ മാർക്ക് ലിസ്റ്റ് പങ്കുവച്ചതെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു.
ഉമ്മ നാലാം ക്ലാസ് വരെയും ഉപ്പ ഏഴാം ക്ലാസ് വരെയും പഠിച്ചിട്ടുള്ള ഒരു കുടുംബത്തിൽ നിന്നാണ് കുഞ്ഞുമുഹമ്മദ് വരുന്നത്. അന്ന് അവരുടെ കുടുംബത്തിൽ നിന്ന് ആരും കോളേജിൽ പോയി പഠിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ തോറ്റതിന് ശേഷം ട്യൂട്ടോറിയൽ കോളേജിൽ പോയി പഠിക്കാൻ കുഞ്ഞുമുഹമ്മദ് തയ്യാറായി. അതേ വർഷം തന്നെ സെപ്റ്റംബറിൽ വീണ്ടും പരീക്ഷ എഴുതി വിജയിച്ചത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമാണ്. അങ്ങനെ എസ്എസ്എൽസിയെന്ന കടമ്പ കുഞ്ഞുമുഹമ്മദ് കടന്നു.
മാർക്ക് കുറവായതിനാൽ കെഎസ്‌യുവിൽ പ്രവർത്തിച്ചിരുന്ന ബന്ധുവിന്‍റെ സ്വാധീനത്തിലാണ് കുഞ്ഞുമുഹമ്മദ് പൊന്നാനി എംഇഎസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. ഈ സമയത്ത് തന്നെ തയ്യൽ പഠിക്കുകയും സഹോദരൻ ഇലക്ട്രീഷ്യൻ ആയതിനാൽ ഇലക്ട്രീഷ്യൻ ജോലിയും പഠിക്കുകയും ചെയ്തു. സെക്കൻഡ് ഗ്രൂപ്പ് എടുക്കണമെന്നായിരുന്നു കുഞ്ഞുമുഹമ്മദിന് ആഗ്രഹമെങ്കിലും ഫോർത്ത് ഗ്രൂപ്പിനാണ് പ്രവേശനം ലഭിച്ചത്. മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റ് ഗ്രൂപ്പിലേക്ക് മാറാൻ അവസരം ലഭിച്ചെങ്കിലും, "താൻ ഇത് പഠിച്ചാൽ മതി" എന്ന് പ്രിൻസിപ്പൽ ഉപദേശിച്ചതിനാൽ അതേ ഗ്രൂപ്പിൽ തുടരാൻ കുഞ്ഞുമുഹമ്മദ് തീരുമാനിച്ചു. കുഞ്ഞുമുഹമ്മദ് ഡിഗ്രി 52 ശതമാനത്തോടെ വിജയിച്ചു.
1986ൽ സിഎ പഠനം ആരംഭിച്ച കുഞ്ഞുമുഹമ്മദ്, ചെറിയ ജോലികൾക്കൊപ്പം പഠനവും തുടർന്നു.ആറ് സഹോദരന്‍മാരും ഒരു സഹോദരിയുമുളള കുടുംബത്തിലെ രണ്ടാമനായതുകൊണ്ടുതന്നെ ഇതിനിടെ വിവാഹവും കഴിഞ്ഞു. അന്ന് ഭാര്യയും പഠിക്കുകയാണ്. രണ്ട് പേരും ഒരുമിച്ച് പഠിച്ചു. മകന്‍ ജനിച്ചു. മകന്‍ ജനിക്കുമ്പോള്‍ സിഎ പരീക്ഷയെഴുതുകയാണ്. എന്നാല്‍ അന്ന് ആ പരീക്ഷ ജയിച്ചില്ല. 1996 ലാണ് സിഎ പൂർത്തിയാക്കുന്നത്. അതുകഴിഞ്ഞാണ് യുഎഇയിലേക്ക് വരുന്നത്.
ദുബായിൽ പത്ത് വർഷത്തോളം അക്കൗണ്ടന്‍റായി ജോലി ചെയ്ത ശേഷം അബുദാബി സർക്കാർ സ്ഥാപനമായ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയിൽ ഓഡിറ്ററായി 17 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ ഫ്രീലാൻസ് ഫിനാൻസ് കൺസൾട്ടന്‍റായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് നാട്ടിൽ തിരിച്ചെത്തി ഓഡിറ്ററായി ജോലി തുടരാനുള്ള ആഗ്രഹമുണ്ട്. നമ്മളെ നമ്മൾ തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന കുഞ്ഞുമുഹമ്മദ്, നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ മാർക്കൊന്നും പ്രശ്നമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.