ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷം സാധുതയുള്ള പുതിയ വീസ അവതരിപ്പിച്ച് ദുബായ്
Mail This Article
ദുബായ്∙ ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്‌ടാക്കളെയും പ്രശസ്തരെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. 'ദുബായ് ഗെയിമിങ് വീസ' എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്. നൂതന ആശയങ്ങളെ വിജയകരമായ പദ്ധതികളാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇ-ഗെയിമിങ് പ്രഫഷനലുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബായ് ഗെയിമിങ് വീസയെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ഡയറക്ടർ ജനറൽ ഹാല ബദ്രി പറഞ്ഞു. സംരംഭകർ, നിക്ഷേപകർ, ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവർക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നതിലൂടെ എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കാൻ ഈ വീസ സഹായിക്കും.
സമഗ്രമായ വികസനത്തിനും ക്രിയാത്മക സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും സഹായിക്കുന്ന പദ്ധതികളെ ഈ വീസ പിന്തുണയ്ക്കും. ചിന്തകരെയും ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികളെയും ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ദുബായ് തുടരുകയാണെന്ന് ബദ്രി കൂട്ടിച്ചേർത്തു. 2026 ലക്ഷ്യം വെച്ചാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 'ഗെയിം ഫോർ ഗെയിമിങ് 2033' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഈ പദ്ധതി ദുബായുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപി 2033-ഓടെ ഏകദേശം 1 ബില്യൻ ഡോളർ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ദുബായ് കൾച്ചർ വെബ്സൈറ്റ് വഴിയോ https://dubaigaming.gov.ae/ വഴിയോ ദുബായ് ഗെയിമിങ് വീസയ്ക്ക് അപേക്ഷിക്കാം. ഈ വീസയ്ക്ക് അപേക്ഷിക്കാൻ അനുവദനീയമായ പ്രായം 25 വയസ്സും അതിൽ കൂടുതലുമാണ്.