ADVERTISEMENT

മനാമ ∙ നീണ്ട കാലത്തിനു ശേഷം നജീബ് ബഹ്‌റൈനിലെ സൽമാനിയ സ്റ്റുഡിയോയിലേക്ക് വീണ്ടും മടങ്ങിയെത്തി. 'ആടുജീവിതം' എന്ന നോവലിന് കാരണമായ കണ്ടുമുട്ടൽ സംഭവിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു. ഇവിടെ വച്ചാണ് നജീബ് ആദ്യമായി ബെന്യാമിനെ കണ്ടുമുട്ടിയതും തന്‍റെ സൗദി അറേബ്യയിലെ ജീവിതത്തിന്‍റെ ദുരിതങ്ങളുടെ കഥ തുറന്ന് പറഞ്ഞതും

സൗദി അറേബ്യയിലെ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അവിടെ ജയിൽവാസം അനുഭവിച്ച ശേഷം എത്തിയ ആദ്യ രാജ്യം എന്ന നിലയിൽ ബഹ്റൈനുമായി നജീബിന് വലിയ ആത്മബന്ധമുണ്ട്. നീണ്ട കാലത്തെ യാതനകൾക്കും ദുരിതങ്ങൾക്കും ഒടുവിൽ താങ്ങും തണലുമായി നിന്ന് കൈപിടിച്ചുയർത്തിയ ബഹ്റൈനിലേക്ക് വീണ്ടും എത്തിയപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതീതിയായിരുന്നുവെന്ന് നജീബ് പറഞ്ഞു. ജീവിതം തന്നെ ഇല്ലാതായിപ്പോയി എന്ന് തോന്നിയ വേളയിൽ തന്നെ സംബന്ധിച്ച് സ്വർഗ്ഗ തുല്യമായ ജോലി ലഭിച്ച ഇടമായിരുന്നു ബഹ്റൈൻ എന്നും നജീബ് വ്യക്തമാക്കി.

നജീബും ഭാര്യ നഫീസത്തും ഹുസൈൻ സൽമാനിയ സ്റ്റുഡിയോയുടെ മുൻപിൽ.
നജീബും ഭാര്യ നഫീസത്തും ഹുസൈൻ സൽമാനിയ സ്റ്റുഡിയോയുടെ മുൻപിൽ.

∙ ഭാര്യയ്‌ക്കൊപ്പം ആദ്യമായി ബഹ്‌റൈനിലേക്ക്
നീണ്ട കാലത്തിനു ശേഷം ബഹ്‌റൈനിലേക്ക് എത്തിയപ്പോൾ രണ്ടു കാര്യങ്ങളാണ് നജീബ് പ്രത്യേകമായി ഓർമ്മിക്കുന്നത്. ബഹ്‌റൈനിൽ ആദ്യമായി എത്തിയപ്പോൾ വെറും ഒരു തൊഴിലാളിയായിരുന്നു. ദുഃഖങ്ങൾ എല്ലാം മനസ്സിൽ ഒതുക്കി ജീവിതം മുന്നോട്ട് നീക്കുന്ന കാലം. ഇപ്പോൾ, ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ ക്ഷണം സ്വീകരിച്ച് ഒരു താരത്തിന്റെ സ്വീകാര്യതയോടെയാണ് നജീബ് എത്തിയിരിക്കുന്നത്. മറ്റൊന്ന്, നീണ്ട നാളുകൾ ഗൾഫ് നാടുകളിൽ ജീവിച്ചിട്ടും സ്വന്തം ഭാര്യയെ ഒരിക്കൽ പോലും ബഹ്‌റൈൻ കാണിക്കാൻ കഴിയാത്തതിലുള്ള സങ്കടമായിരുന്നു അത്. ഇപ്പോൾ ഭാര്യയെ കൂടെക്കൂട്ടി വന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് നജീബ് പറഞ്ഞു. ബഹ്‌റൈനിൽ എത്തിയതു മുതൽ നാട്ടുകാരായ പ്രവാസികളുടെയും 'ആടുജീവിതം' കണ്ട ആളുകളുടെയും നിർത്താതെയുള്ള വിളികളാണ്. അത് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും, അതിൽ ഒരു സന്തോഷമുണ്ടെന്ന് നജീബ് പറഞ്ഞു. തന്‍റെ ദുരിതകാലത്ത് ദൈവത്തെ വിളിച്ച് കരയാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല, ആ വിളികൾക്ക് നാഥൻ നൽകിയ പ്രതിഫലമാണ്  തന്‍റെ ഇന്നത്തെ ജീവിതമെന്നും നജീബ് പറയുന്നു.

∙ സിനിമാ സുഹൃത്തുക്കളാൽ ചുറ്റപ്പെട്ട്, ജ്വല്ലറി ഉദ്ഘാടനങ്ങൾ മുതൽ മെഗാ ഷോകളിൽ വരെ സാന്നിധ്യം
ആടുജീവിതം സിനിമയിലെ നായകൻ പൃഥ്വിരാജ് ആണെങ്കിലും, യഥാർഥ നായകനെ തേടി ഇപ്പോൾ പല അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഉദ്ഘാടനങ്ങളിലും ഗൾഫ് നാടുകളിൽ അടക്കം പല വേദികളിലും നടന്ന മെഗാ ഷോകളിൽ അതിഥിയായി വരെ ഇപ്പോൾ തന്നെ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരുമായും സൗഹൃദം സ്ഥാപിക്കാൻ സാധിച്ചതും ആടുജീവിതത്തിനു ശേഷമുള്ള തന്റെ ജീവിതത്തിൽ സന്തോഷം പകരുന്ന കാര്യമാണ്. സിനിമാ മേഖലയിലുള്ള പലരും ആടുജീവിതം കണ്ടതിനു ശേഷം തന്നെ വിളിക്കുകയും കാര്യങ്ങൾ എല്ലാം തിരക്കുകയും ചെയ്യന്നുണ്ട്. തിരക്ക്  കൂടിയപ്പോൾ ഉദ്ഘാടനം പോലുള്ള കാര്യങ്ങൾ ഏകോപിക്കുന്നതിനായി ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ടെന്നും നജീബ് പറഞ്ഞു. ഓൺ ലൈൻ മാധ്യമങ്ങൾ മുതൽ ചാനലുകൾ വരെ ആദ്യം സൗജന്യമായാണ് തന്‍റെ പരിപാടികൾ വച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രതിഫലം നല്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പൃഥ്വിരാജ് , എ ആർ റഹ്‌മാൻ എന്നിവർ നൽകിയ  സമ്പത്തിക സഹായങ്ങൾ തന്നെയാണ് ഏറ്റവും വലിയ മുതൽക്കൂട്ട്. ബഹ്‌റൈനിലെ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ, പടവ് കുടുംബ വേദി തുടങ്ങിയവയുടെ സ്വീകരണ പരിപാടിയിലും നജീബ് പങ്കെടുത്തു.

English Summary:

Najeeb is back; In the 'Salmaniya Studio, which Started the Story of 'Aadu Jeevitham'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com