യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ സീറ്റിനായി നെട്ടോട്ടം; വെയ്റ്റിങ് ലിസ്റ്റിൽ കണ്ണുനട്ട് രക്ഷിതാക്കൾ
Mail This Article
അബുദാബി ∙ നാട്ടിൽനിന്നും യുഎഇയിലേക്കു കൂടുതൽ കുടുംബങ്ങൾ എത്തിയതോടെ മക്കൾക്ക് സ്കൂൾ അഡ്മിഷൻ കിട്ടാതെ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളിലെ വെയ്റ്റിങ് ലിസ്റ്റിൽ കണ്ണുനട്ട് ഇരിക്കുകയാണ് പലരും. കെ.ജി1, കെ.ജി2, 1, 2 ക്ലാസുകളിലേക്കാണ് ആവശ്യക്കാർ കൂടുതൽ. യുഎഇയിലെ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ രണ്ടാംവാരം പുതിയ അധ്യയനം തുടങ്ങി. ഒക്ടോബറിൽ തുടങ്ങുന്ന പ്രവേശനനടപടികൾ മാർച്ചോടെ തീർത്താണ് ഏപ്രിലിൽ അധ്യയനം ആരംഭിച്ചത്.
ഇതിനിടെ ടിസി വാങ്ങി പോകുന്നവരുടെ ഒഴിവിലേക്കു മാത്രമാണ് പിന്നീടുള്ള അഡ്മിഷൻ. ഇതിനായി നേരത്തെ തന്നെ റജിസ്റ്റർ ചെയ്ത് എൻട്രൻസ് എഴുതി കാത്തിരിക്കുന്നവർ ഏറെ. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകളിലാണ് പ്രവേശനം കിട്ടാൻ പ്രയാസം. ഉയർന്ന ഫീസുള്ള സ്കൂളുകളിൽ പരിമിതമായി സീറ്റ് ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് താങ്ങാനാകില്ല. അതുകൊണ്ടുതന്നെ ഈ മാസാവസാനം വരെ കാത്തിരുന്ന ശേഷം സീറ്റ് കിട്ടിയില്ലെങ്കിൽ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനാണ് പലരുടെയും തീരുമാനം.
ഓൺലൈൻ ക്ലാസ് അനുവദിക്കുന്ന സ്കൂളുകളിൽ മക്കളെ ചേർത്ത് പഠിപ്പിച്ച് സീറ്റ് കിട്ടുന്ന മുറയ്ക്ക് സ്കൂളിൽ ചേർക്കുന്നവരുമുണ്ട്. എന്നാൽ കോവിഡിനു ശേഷം ഭൂരിഭാഗം സ്കൂളുകളും ഓൺലൈൻ ക്ലാസ് നിർത്തിയത് വിനയായി. അതിനാൽ സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ ഓൺലൈൻ ക്ലാസാണ് പലർക്കും ആശ്രയം.
നേരത്തേ റജിസ്റ്റർ ചെയ്യണം, പ്രവേശന പരീക്ഷ എഴുതണം
പുതുതായി എത്തുന്നവർക്ക് യുഎഇയിലെ സ്കൂൾ പ്രവേശനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സീറ്റ് കിട്ടാത്തതിന് കാരണമാണ്. അതത് സ്കൂളിന്റെ വെബ്സൈറ്റിൽ നേരത്തെ തന്നെ റജിസ്റ്റർ ചെയ്ത് പ്രവേശന പരീക്ഷ എഴുതണം. ഇതിൽ ജയിച്ചവരുടെ റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് ഒഴിവു വരുന്ന സീറ്റിലേക്ക് അഡ്മിഷന് പരിഗണിക്കുക. എന്നാൽ കുടുംബത്തെ യുഎഇയിൽ കൊണ്ടുവന്ന് റസിഡൻസ് വീസ സ്റ്റാംപ് ചെയ്ത ശേഷമാണ് പലരും അഡ്മിഷന് സ്കൂളുകളെ സമീപിക്കുന്നത്. ഇനി വേനൽ അവധിക്കാലത്ത് ടി. സി. വാങ്ങി പോകുന്നവരുടെ ഒഴിവിലേക്കു മാത്രമേ പരിഗണിക്കാനാവൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.