എം.എ.യൂസഫലിയുടെ അതിഥിയായി രജനികാന്ത് യുഎഇയിൽ; ഗോൾഡൻ വീസയ്ക്ക് അപേക്ഷ സമർപ്പിച്ചു
Mail This Article
അബുദാബി ∙ യുഎഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കാൻ തമിഴ് സൂപ്പർതാരം രജനികാന്തും. കഴിഞ്ഞദിവസം യുഎഇയിലെത്തിയ അദ്ദേഹം 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ.
നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം വീസ അപേക്ഷയ്ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി. ഇവിടെ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹത്തെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു.
പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ വീട്ടിൽ അതിഥിയായി സന്ദർശനം നടത്തി. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനവും സന്ദർശിച്ചു. തമിഴ് ചലച്ചിത്ര നിർമാതാവ് സുരേഷ് ബാലാജിയാണ് രജനികാന്ത് യൂസഫലിയോടൊത്തുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ടത്. അബുദാബി നഗരത്തിലെ ലുലു ആസ്ഥാന മന്ദിരത്തിൽ നിന്ന് റോൾസ് റോയ്സ് കാറിൽ യൂസഫലി തന്നെ ഡ്രൈവ് ചെയ്താണ് രജനികാന്തിനെ വീട്ടിലേക്കു കൊണ്ടുപോയത്. തുടർന്ന് വീട്ടിനകത്തേക്ക് സ്വീകരിച്ചാനയിക്കുന്നതും ഇരുവരും സംഭാഷണം നടത്തുന്നതും വിഡിയോയിൽ കാണാം. ഏറെ നേരം ചെലവഴിച്ചാണ് രജനികാന്ത് അവിടെ നിന്ന് മടങ്ങിയത്.
നേരത്തെ മമ്മുട്ടി, മോഹന്‍ലാൽ എന്നിവരടക്കം പ്രമുഖ നടന്മാർക്കെല്ലാം ഗോൾഡന്‍ വീസ ലഭിച്ചതും അബുദാബിയിൽ നിന്നുതന്നെ. ഇതിനകം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ഗായകരുമെല്ലാം ഗോൾഡൻ വീസ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇയിലെ ഒട്ടേറെ മലയാളി ബിസിനസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും സുവർണവീസ ലഭിച്ചിരുന്നു.