ADVERTISEMENT

കരിപ്പൂർ ∙ ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂർകൊണ്ട് എത്തേണ്ട യാത്രക്കാർ കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണു കരിപ്പൂരിലെത്തിയത്. ഇതിനിടെ, മംഗളൂരുവിൽ രാത്രി ഉറങ്ങിയത് നിർത്തിയിട്ട വിമാനത്തിലെന്ന് യാത്രക്കാർ.

ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയതാണ് യാത്രക്കാർ. രാത്രി 7.25നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതോടെ കണ്ണൂരിലേക്കു തിരിച്ചുവിട്ടു. അവിടെയും ഇറക്കാനായില്ല. തുടർന്ന് മംഗളൂരുവിലേക്കു പറന്നു. രാത്രി ഒൻപതരയോടെ മംഗളൂരുവിൽ ഇറക്കിയെങ്കിലും വിമാനത്തിൽ കാത്തിരുന്നു. 11 മണിയോടെ വിമാനത്തിൽനിന്ന് ഇറങ്ങാൻ നിർദേശം ലഭിച്ചെങ്കിലും ഇറങ്ങിയില്ലെന്ന് യാത്രക്കാർ.

തുടർന്ന് വിമാനത്തിൽ തങ്ങി. പുലർച്ചെ മൂന്നരയോടെയാണു ഭക്ഷണം ലഭിച്ചതെന്നും എസി ഓഫ് ചെയ്ത വിമാനത്തിലിരുന്നാണു നേരം വെളുപ്പിച്ചതെന്നും യാത്രക്കാർ പറഞ്ഞു. രാവിലെ 7നു പുറപ്പെടാമെന്നു നിർദേശം ലഭിച്ചെങ്കിലും 9 മണിയോടെയാണു പുറപ്പെട്ടത്. ഇന്നലെ രാവിലെ 9.58ന് കരിപ്പൂരിൽ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കരിപ്പൂരിന്റെ ആകാശപരിധിയിലെത്തിയ വിമാനത്തിനു മോശം കാലാവസ്ഥയെത്തുടർന്ന് ഇറങ്ങാനായില്ല. തുടർന്നു കൊച്ചിയിലേക്കു തിരിച്ചുവിട്ടു. അവിടെനിന്നു റോഡ് മാർഗം നാട്ടിലേക്കു മടങ്ങാമെന്നു കരുതിയെങ്കിലും കൊച്ചിയിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.

എമിഗ്രേഷൻ നടപടി സാധ്യമല്ലാത്തതാണു കാരണമായി പറഞ്ഞത്. വിമാനത്തിൽ തുടർന്ന 2 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ലഗേജ് എടുത്ത ശേഷമാണ് വീണ്ടും കരിപ്പൂരിലേക്കു പറക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണു വിമാനം കരിപ്പൂരിൽ എത്തിയത്. ഒരു ദിവസത്തോളം വിമാനത്തിൽ കഴിഞ്ഞതും യഥാസമയം ഭക്ഷണം ലഭിക്കാത്തതും കാരണം പലരും അവശരായെന്നു യാത്രക്കാർ പറഞ്ഞു. അതേസമയം, കാലാവസ്ഥ മോശമായതാണു പ്രശ്നമായതെന്നും യാത്രക്കാരെ നേരത്തെ എത്തിക്കാൻ എല്ലാ ശ്രമവും നടത്തിയെന്നും അധികൃതർ അറിയിച്ചു.

English Summary:

Air India Express reached Kozhikode airport after 22 hours - Flight Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com