ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടി സൗദി അറേബ്യ
Mail This Article
ജിദ്ദ ∙ ലോകത്തെ ടൂറിസം ഭൂപടം മാറ്റിമറിക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിനായി സൗദി 80,000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി.
നിക്ഷേപകര്‍ക്ക് ഞങ്ങള്‍ നല്കുന്ന അവസരങ്ങളും സൗകര്യങ്ങളും ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കും. ടൂറിസം മേഖല കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണ് അദ്ദേഹം പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തിലേറെ ഹോട്ടല്‍ മുറികള്‍ അധികമായി ലഭ്യമാക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഇത് ഗള്‍ഫ് മേഖലയിലാകെ ടൂറിസം വിപണിക്ക് ഗുണം ചെയ്യും. വിഷന്‍ 2030 പദ്ധതിയുടെ ഒരു ഭാഗമെന്നോണം സൗദി അറേബ്യ ടൂറിസം മേഖല വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വികസന ശ്രമങ്ങള്‍ മൊത്തം ആഭ്യന്തരോല്പാദനത്തില് ടൂറിസം മേഖലയുടെ സംഭാവന കഴിഞ്ഞ വര്‍ഷാവസാനത്തോടെ മൂന്നു ശതമാനത്തില്‍ നിന്ന് നാലര ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു. 2030 ഓടെ മൊത്തം ആഭ്യന്തരോല്പാദനത്തില് ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.