കനത്ത മഴയെ തുടർന്ന് അടച്ച ദുബായിലെ എനർജി മെട്രോ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചു
Mail This Article
ദുബായ് ∙ ഏപ്രിൽ 16ലെ കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന ദുബായിലെ എനർജി മെട്രോ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 28 നാണ് സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഇതിന് മുൻപ് തന്നെ പ്രവർത്തനസജ്ജമാകുകയായിരുന്നു.
എനർജി മെട്രോ സ്റ്റേഷൻ ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലും പ്രവർത്തിക്കുന്നതിനായി എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും തുറന്നതെന്ന് അധികൃതർ പറഞ്ഞു. ദുബായ് മെട്രോ സർവ്വീസ് ഗ്രീൻ ലൈനിലും റെഡ് ലൈനിലുമാണ് പ്രവർത്തിക്കുന്നത്. മഴക്കെടുതി ബാധിച്ച നാല് സ്റ്റേഷനുകളിൽ മൂന്നെണ്ണം അതോറിറ്റി നേരത്തെ തുറന്നിരുന്നു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ മേയ് 19-ന് ഷെഡ്യൂളിന് മുമ്പായാണ് തുറന്നത്. വീണ്ടും തുറക്കുന്നതിന് മുൻപ് ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ നിരവധി ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ് മെട്രോ സ്റ്റേഷനുകൾ തുറക്കുകയും എല്ലാ സൗകര്യങ്ങളും പ്രവർത്തിക്കുകയും ചെയ്തത് യാത്രക്കാർക്ക് ആശ്വാസം പകർന്നു.