ചൂട് വയ്യാ, നാട്ടിൽ പെരുമഴയും; പ്രവാസികൾ അവധിക്ക് എവിടെപ്പോകും?
Mail This Article
എന്തൊരു നീളമാണീ പകലിന്. പണ്ട് ദക്ഷിണ കൊറിയയിൽ പോയത് ഓർമ വരുന്നു. ഉറക്കത്തിനിടെ ഒന്നു കണ്ണു തുറന്നപ്പോൾ പുറത്തു നല്ല വെളിച്ചം. അലാം അടിക്കുന്ന കാര്യം ഫോൺ മറന്നുപോയോ എന്നു നോക്കിയപ്പോൾ, സമയം പുലർച്ചെ 4 ആയതേയുള്ളു. സൂര്യൻ ഓവർടൈം ഡ്യൂട്ടിയിലാണ്. യുഎഇയിലും സൂര്യൻ ഓവർ ടൈം പണി തുടങ്ങി. പകലിന് നല്ല ചൂടുണ്ട്. വെളുപ്പിനെ 5ന് നോക്കിയാൽ പോലും പുറത്ത് നല്ല വെളിച്ചം. ഇരുട്ടു വീഴാൻ രാത്രി 7 കഴിയണം. ചൂടുകാലത്തിന്റെ ലക്ഷണങ്ങൾ പ്രകൃതി കാണിച്ചുതുടങ്ങി. ഈന്തപ്പനകളിൽ കുലകുലയായി ഈന്തപ്പഴം തൂങ്ങി കിടക്കുന്നു. ഗുൽമോഹർ മരങ്ങളിൽ ചുവന്നു പൂക്കളുടെ മേൽപ്പന്തൽ ഒരുങ്ങിക്കഴിഞ്ഞു.
ചൂടു തുടങ്ങുമ്പോൾ ഇവിടെ പൊതുവായി കാണുന്ന ചിലതുണ്ട്. ട്രാവൽ സൈറ്റുകളിൽ ഇടതടവില്ലാതെ പ്രവാസികൾ കയറിയിറങ്ങും. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യലാണ് ഒരു ലക്ഷ്യം. ടിക്കറ്റ് നിരക്കുകൾ കൂടിയും കുറഞ്ഞും കാണിക്കുന്നതിനിടെ എപ്പോൾ ബുക്ക് ചെയ്യണമെന്ന സന്ദേഹത്തിലായിരിക്കും ചിലർ. അവധി അനുവദിച്ചു കിട്ടുന്നതും കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് വല്ലാതങ്ങ് ഉയരുമോയെന്ന പേടി പലർക്കുമുണ്ട്. ചിലർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, അവരുടെ അവധി അപേക്ഷകൾ ഇപ്പോഴും കമ്പനി എച്ച്ആറിന്റെ മുന്നിൽ കാത്തുകിടക്കുകയാണ്.
എല്ലാവരും കൂടി ഒരുമിച്ചു പോയാൽ ഇവിടത്തെ കാര്യങ്ങൾ ആരു നോക്കുമെന്നതാണ് എച്ച്ആറുകാരുടെ പ്രധാന ആശങ്ക. ഒരാൾ പോയി വന്നിട്ട് അടുത്ത ആൾക്ക് അവധി എന്ന നിലയിൽ ഇന്ത്യൻ റെയിൽവേ ട്രെയിനുകളുടെ ടൈംടേബിൾ ഉണ്ടാക്കുന്നതിനേക്കാൾ സങ്കീർണമായ ജോലിയാണ് വാർഷിക അവധിക്കാലത്ത് കമ്പനികളിൽ നടക്കുന്നത്. ഭാര്യയ്ക്ക് അവധി കിട്ടിയിട്ടും ഭർത്താവിന് കിട്ടാത്തവർ.
ഭാര്യയ്ക്കും ഭർത്താവിനും അവധി കിട്ടിയിട്ടും കുട്ടികളുടെ സ്കൂൾ പൂട്ടാത്തവർ. ചില കല്യാണങ്ങളിൽ പത്തിൽ പത്ത് പൊരുത്തം ഒത്തു കിട്ടുന്നതിനേക്കൾ പ്രയാസമാണ് എല്ലാ അവധികളും ഒരുമിച്ച് ഒത്തുകിട്ടാൻ. അങ്ങനെ വല്ലതും ഒന്നിച്ചു കിട്ടിയാൽ, ഫ്ലൈറ്റ് ടിക്കറ്റ് വിമാനത്തേക്കാൾ ഉയരത്തിൽ പറക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ പറഞ്ഞു തുടങ്ങിയാൽ അതങ്ങനെ നീണ്ടുപോകും.
വേനലിന്റെ തുടക്കത്തിൽ വരാൻ പോകുന്നത് ഈദുൽ അസ്ഹ അവധിയാണ്. പ്രവാസികളെ പിടിക്കാൻ ട്രാവൽ കമ്പനികൾ വമ്പൻ ഓഫറുകളുമായി ഇറങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ, പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ, ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ട്രാവൽ പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. 3, 4 രാത്രികളിൽ വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും അടക്കം 1000 – 2000 ദിർഹത്തിനുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലൊന്ന് പോയി വരുന്നതിന്റെ പകുതി ചെലവേ ഉണ്ടാകു എന്നതിനാൽ ഇത്തരം യാത്രകൾക്കാണ് ഇപ്പോൾ പ്രവാസികൾക്ക് കൂടുതൽ പ്രിയം.
ഇന്നലെ വരെ കടുത്ത ചൂടിന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്ന കേരളത്തിൽ നിന്ന് ഇപ്പോൾ വെള്ളക്കെട്ടിന്റെ കഥകൾ വരുന്നതും പ്രവാസികൾക്ക് പ്രശ്നം തന്നെയാണ്. നാട്ടിലെത്തുമ്പോൾ വെള്ളപ്പൊക്കമാണെങ്കിൽ അവധി കുളമാകും. ഉയർന്ന ടിക്കറ്റ് നിരക്കിൽ നാട്ടിലെത്തിയിട്ട്, വീട്ടിൽ തന്നെ ഇരിക്കുന്നതിനേക്കാൾ നല്ലത് മറ്റൊരു രാജ്യത്തെ തണുപ്പിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതാണ് നല്ലതെന്നു തോന്നിയാൽ അതിലെന്താണ് തെറ്റ്. നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് സീസണിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
പറഞ്ഞു വന്നത്, ഈ മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് നമ്മുടെ സൂര്യനാണ്. കാലാവസ്ഥ മാറി മറിഞ്ഞതുകൊണ്ട് പ്രവാസികൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇതുവല്ലതും സൂര്യനറിയണോ?