ADVERTISEMENT

കരിപ്പൂർ(മലപ്പുറം) ∙ ഹജ് തീർഥാടകരുടെ ലഗേജ് കാണാതാകുന്ന പ്രശ്നം പരിഹരിക്കാൻ ഈ വർഷം മുതൽ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫയർ) ടാഗുകൾ. ലഗേജിലും പാസ്പോർട്ടിലും ടാഗുകൾ പതിക്കും. തീർഥാടകർ ലഗേജ് മറന്നുവയ്ക്കലും മറ്റുള്ളവർ മാറിക്കൊണ്ടുപോകലും പതിവുസംഭവങ്ങളാണ്. ലഗേജ് ലഭിക്കുന്നവർക്കു ടാഗ് സ്കാൻ ചെയ്താൽ തീർഥാടകരുടെ താമസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളും ലൊക്കേഷനും ലഭിക്കും.

ഇന്നു പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിലെ തീർഥാടകരുടെ ബാഗിലാണ് ഈ ടാഗുകൾ ഘടിപ്പിക്കുക. രാജ്യത്തെ ഹജ് തീർഥാടകരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കുന്ന 4 വിമാനത്താവളങ്ങളിൽ ഒന്നാണു കോഴിക്കോട്. ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയാണു മറ്റു വിമാനത്താവളങ്ങൾ.

കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതലയുള്ള കേന്ദ്ര ഹജ് കമ്മിറ്റി പ്രതിനിധി മുഹമ്മദ് മുഅസ്സമിൽനിന്നു ടാഗ് സ്വീകരിച്ച് എയർപോർട്ട് ഡയറക്ടറുടെ ചുമതലയുള്ള മുനീർ മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹജ് സെൽ സ്പെഷൽ ഓഫിസർ യു.അബ്ദുൽ കീരം, ഹജ് സെൽ ഓഫിസർ കെ.കെ.മൊയ്തീൻകുട്ടി, എയർപോർട്ട് ഡപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) സുനിത വർഗീസ്, എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ്, ദീപക് തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെയും ഇന്നും വനിതാ തീർഥാടകർ മാത്രം
∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെയും ഇന്നും പുറപ്പെടുന്നത് വനിതാ തീർഥാടകർ മാത്രം. ഇന്നലെ പുറപ്പെട്ട 3 വിമാനങ്ങളിലും ഇന്നത്തെ 3 വിമാനങ്ങളിലും പൂർണമായും വനിതാ തീർഥാടകരാണ്. മെഹ്റം (ആൺതുണ) ഇല്ലാത്ത വിഭാഗത്തിൽ അവസരം ലഭിച്ച വനിതകൾക്കായി പ്രത്യേകം വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഹജ് ക്യാംപിലെത്തിയ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി തീർഥാടകർക്ക് ആശംസകൾ നേർന്നു. ഉമ്മർ ഫൈസി മുക്കം ക്യാംപിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തസ്കിയത്ത് വിഭാഗം വൈസ് ചെയർമാൻ തറയിട്ടാൽ ഹസൻ സഖാഫി ക്ലാസെടുത്തു. കൺവീനർ ഊരകം അബ്ദുറഹ്മാൻ സഖാഫി പ്രാർഥന നടത്തി.

English Summary:

Where is the luggage of Haj pilgrims? - Radio frequency identifier ​​tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com