ഇനി വേഗമെത്താം; ദോഹ വ്യവസായ മേഖലയിലെ 5 കിലോമീറ്റര്‍ നീളുന്ന സ്ട്രീറ്റ് 33 തുറന്നു
Mail This Article
ദോഹ ∙ ദോഹ വ്യവസായ മേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കി 'സ്ട്രീറ്റ് 33' തുറന്നു. ഇരുദിശകളിലേക്കുമുള്ള പാതയുടെ എണ്ണവും ശേഷിയും വര്‍ധിപ്പിച്ച് എക്‌സ്പ്രസ് വേയാക്കി നവീകരിച്ചാണ് ദോഹ വ്യവസായ മേഖലയിലെ 5 കിലോമീറ്റര്‍ നീളുന്ന സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നത്.
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലാണ് സ്ട്രീറ്റ് 33 നവീകരിച്ചത്. സ്ട്രീറ്റ് 33 ന്റെ വികസനത്തോടെ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റര്‍ചേഞ്ച്, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമായെന്നു മാത്രമല്ല യാത്രാ സമയവും ഗണ്യമായി കുറയും. സ്ട്രീറ്റ് 33 ല്‍ നിന്ന് എല്ലാ ദിശകളിലേക്കുമുള്ള പാതകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലാക്കി ഉയര്‍ത്തി. മണിക്കൂറില്‍ 16,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ പാതകള്‍. ഇതിനു പുറമെ 2 ലെവലുകളിലായുള്ള 2 പുതിയ ഇന്റര്‍ചേഞ്ചുകളും തുറന്നിട്ടുണ്ട്.
∙ തെക്കും വടക്കും ഇനി വേഗമെത്താം
വ്യവസായ മേഖലയുടെ തെക്കു-വടക്കന്‍ മേഖലകളെയും പുതിയ വ്യവസായ മേഖലയേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് സ്ട്രീറ്റ് 33 നവീകരിച്ചത്. അല്‍ കരാജ്, അല്‍ മനാജെര്‍, അല്‍ ബനാ, അല്‍ തഖ എന്നീ പ്രാദേശിക സ്ട്രീറ്റുകളിലേക്ക് നേരിട്ടുള്ള ഗതാഗതമാണ് സാധ്യമാക്കിയത്. ദോഹയില്‍ നിന്ന് വ്യവസായ മേഖലയിലേക്ക്, പ്രത്യേകിച്ചും കിഴക്കന്‍ വ്യവസായ മേഖല, അല്‍ കസ്സറാത്ത് സ്ട്രീറ്റ്, പടിഞ്ഞാറന്‍ വ്യവസായ മേഖല, സല്‍വ റോഡ്, ജി-റിങ് റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും വേഗത്തിലാക്കുന്നതാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡുമായി ചേര്‍ന്നുള്ള സ്ട്രീറ്റ് 33.
∙ ഗതാഗതം സുഗമമാക്കും ഇന്റര്‍ചേഞ്ചുകള്‍
ഗതാഗത സിഗ്‌നലുകളോടു കൂടിയ 2 പുതിയ ഇന്റര്‍ചേഞ്ചുകളും എല്ലാ ദിശകളിലേക്കുമുള്ള യാത്ര സുഗമമാക്കുന്നവയാണ്. സ്ട്രീറ്റ് 33 നെ അല്‍ കസ്സറാത്ത് സ്ട്രീറ്റുമായി ബന്ധിപ്പിച്ചിരുന്ന പഴയ റൗണ്ട് എബൗട്ടിന് പകരമാണ് 2 ലെവലുകളിലുള്ള ഇന്റര്‍ചേഞ്ചുകളിലൊന്ന്. ദോഹയില്‍ നിന്ന് അല്‍ കസ്സറാത്ത് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള യാത്ര വേഗത്തിലാക്കുന്നതാണിത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് മുതല്‍ തെക്ക് വരെ അല്‍ കസ്സറാത്ത് സ്ട്രീറ്റ് നീട്ടിയതിനാല്‍ സ്ട്രീറ്റ് 1 ലേക്കും 52ലേക്കും ഈ മേഖലകളിലെ സുപ്രധാന വാണിജ്യ, വ്യവസായിക ശാലകളിലേക്കുമുള്ള ഗതാഗതവും എളുപ്പമാകും.
സ്ട്രീറ്റ് 33 നെ പടിഞ്ഞാറന്‍ ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റുമായി ബന്ധിപ്പിച്ചിരുന്ന പഴയ റൗണ്ട് എബൗട്ടിന് പകരമായുള്ളതാണ് രണ്ടാമത്തെ ഇന്റര്‍ചേഞ്ച്. ദോഹ, സല്‍വ റോഡിലെ ബു സിദ്ര ഇന്റര്‍ചേഞ്ച്, ജി-റിങ് റോഡിലെ ബു സില്ല ഇന്റര്‍ചേഞ്ച് എന്നിവിടങ്ങളില്‍ നിന്നെല്ലാം പടിഞ്ഞാറന്‍ ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്നതാണിത്. അല്‍ തഖ സ്ട്രീറ്റിലേക്കു കൂടി ഗതാഗതം സാധ്യമാകുന്നതിനാല്‍ അല്‍ സെയ്‌ലിയ ഇന്റര്‍ചേഞ്ചിലെ സല്‍വ റോഡിലേക്കും അല്‍ ബാഹിയ ഇന്റര്‍ചേഞ്ചിലെ എഫ് റിങ് റോഡിലേക്കും വേഗമെത്താം.