ജീവനക്കാരുടെ അശ്രദ്ധ; ഷാർജയിൽ മലയാളി ബാലിക സ്കൂൾ ബസിൽ കുടുങ്ങി, ആയുസ്സ് തുണച്ചു!
Mail This Article
ഷാർജ ∙ ജീവനക്കാരുടെ അശ്രദ്ധ മൂലം വീണ്ടും സ്കൂൾ വിദ്യാർഥി ബസിൽ ഒറ്റപ്പെട്ടു. ഒരാഴ്ച മുൻപ് 7 വയസ്സുകാരൻ വാഹനത്തിൽ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാർജയിൽ മലയാളി ബാലിക വാഹനത്തിൽ രണ്ടര മണിക്കൂറിലേറെ അകപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
കൊല്ലം ചിന്നക്കട സ്വദേശി യാസീൻ–ഫാത്തിമ ദമ്പതികളുടെ നാലുവയസ്സുള്ള മകളാണ് വാഹനത്തിൽ കുടുങ്ങിയത്. ഷാർജ റോളയിലെ അൽഷൊഹൈമിൽനിന്ന് രാവിലെ 6.05നാണ് കുഞ്ഞ് സ്കൂൾ ബസിൽ കയറിയത്. 6.35ന് സ്കൂളിൽ എത്തി. എന്നാൽ എല്ലാ കുട്ടികളും ഇറങ്ങിയെന്ന് ഉറപ്പുവരുത്താതെ വാഹനം പൂട്ടി ഡ്രൈവറും കണ്ടക്ടറും പോയതായി രക്ഷിതാക്കൾ പറയുന്നു.
അര മണിക്കൂറിനു ശേഷം മുതിർന്ന കുട്ടികളെ കൊണ്ടുവരാൻ വാഹനം പുറപ്പെടുമ്പോഴും ബസിൽ കുഞ്ഞ് ഉറങ്ങുന്നത് ജീവനക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും ആരോപിച്ചു. വാഹനത്തിൽ കയറിയാൽ ഉറങ്ങുകയോ ഛർദിക്കുകയോ ചെയ്യുന്ന കുട്ടിയായതിനാൽ ദിവസേന രാവിലെ 7ന് കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ബസ് കണ്ടക്ടർക്കും ക്ലാസ് ടീച്ചർക്കും മെസേജ് അയക്കാറുണ്ടെന്ന് ഫാത്തിമ പറഞ്ഞു.
ഈ സന്ദേശം 7.30ന് കണ്ട കണ്ടക്ടർ കുഞ്ഞ് ഉറങ്ങിപ്പോയെന്നും ക്ലാസിൽ ആക്കിയില്ലെന്നും സെക്കൻഡ് ട്രിപ്പിൽ കുട്ടികളെ എടുത്ത് വരുമ്പോൾ ക്ലാസിൽ വിടാമെന്നുമാണ് മറുപടി ലഭിച്ചതെന്നും ഫാത്തിമ പറഞ്ഞു.
കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ക്ലാസ് ടീച്ചറെ വിളിച്ചപ്പോഴാണ് അവരും വിവരം അറിയുന്നത്. വീട്ടുകാർ 8.10ന് സ്കൂളിൽ എത്തിയിട്ടും കുട്ടിയെ എത്തിച്ചിരുന്നില്ല. രക്ഷിതാക്കളോട് സ്കൂൾ അധികൃതർ മോശമായാണ് പ്രതികരിച്ചതെന്നും ആരോപണമുണ്ട്. ഷാർജ പൊലീസ്, സോഷ്യൽ സർവീസ് വകുപ്പിലെ ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്‌ഷൻ, ഷാർജ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിൽ പരാതി നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
സ്കൂളിൽനിന്ന് പറഞ്ഞുവിട്ടതോടെ വിദ്യാർഥിയുടെ ഈ വർഷത്തെ പഠനവും അവതാളത്തിലായി. ഇനി അടുത്ത വർഷമേ സ്കൂളിൽ വിടാനാകൂ. അതേസമയം, കുട്ടിയെ ഇറക്കാൻ മറന്നുപോയ കണ്ടക്ടറെ സസ്പെൻഡ് ചെയ്തെന്നും ബസ് ഓഫാക്കുകയോ കുട്ടി ഒറ്റപ്പെടുകയോ ചെയ്തിട്ടില്ലെന്നും സ്കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ മനോരമയോടു പറഞ്ഞു. ആദ്യ ട്രിപ്പിലെ കുട്ടികളെ ഇറക്കിയ ഉടൻ രണ്ടാം ട്രിപ്പിനായി വാഹനം പുറപ്പെട്ടു.
യാത്രയ്ക്കിടെ 7.05നാണ് കുട്ടി ബസിലുള്ള വിവരം അറിയുന്നത്. കുഞ്ഞിനെ കണ്ടക്ടറുടെ അടുത്തുകൊണ്ടുവന്ന് ഇരുത്തിയെന്നും ഇതിനു ശേഷമാണ് മാതാവിനെ വിളിച്ചറിയിച്ചതെന്നും പറഞ്ഞു. 8.20ന് ക്ലാസ് തുടങ്ങുന്ന കുട്ടികളോടൊപ്പം 7.50ന് തന്നെ കുഞ്ഞിനെ സ്കൂളിൽ എത്തിച്ചെന്നും രക്ഷിതാക്കൾ ബഹളം വച്ച് അടച്ച ഫീസ് തിരിച്ചു ആവശ്യപ്പെട്ടതനുസരിച്ചാണ് നൽകിയതെന്നും പറഞ്ഞു. സ്കൂൾ ബസിലെ ക്യാമറ ദൃശ്യങ്ങൾ രക്ഷിതാക്കളെ കാണിച്ചതായും ആർക്കും പരിശോധിക്കാമെന്നും പറഞ്ഞു.