വിദ്യാർഥി സ്കൂൾ ബസിൽ കുടുങ്ങിയ സംഭവം; യാത്ര സുരക്ഷിതമാക്കാൻ യുഎഇ, വിവരങ്ങൾ അറിയിക്കാൻ ആപ്പുകൾ
Mail This Article
അബുദാബി/ദുബായ്/ഷാർജ ∙ സ്കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ യുഎഇ. ബസിൽ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവ ഒഴിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ എമിറേറ്റിലെ പൊലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ ഐഡി കാർഡ് സ്കാൻ ചെയ്യുന്നതോടെ വിവരം രക്ഷിതാക്കൾക്ക് അപ്പപ്പോൾ അറിയാനാകും. ഈ സംവിധാനവുമായി മൊബൈൽ ബന്ധിപ്പിച്ചവർക്ക് നേരിട്ടും അല്ലാത്തവർക്ക് സ്കൂളിന്റെ പേരന്റ്സ് പോർട്ടലിലൂടെയും യാത്ര നിരീക്ഷിക്കാം. നിശ്ചിത സമയം കഴിഞ്ഞിട്ടും കുട്ടി ബസിൽനിന്ന് ഇറങ്ങിയില്ലെങ്കിലും നേരത്തെ ഇറങ്ങിയാലും വിവരം അറിയും. സ്റ്റോപ് മാറി ഇറങ്ങിയാലും രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും.
കുട്ടികൾ ബസിൽ കയറുന്നതോടെ സ്വമേധയാ മുഖം സ്കാൻ ചെയ്യുന്ന സ്മാർട്ട് സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ദുബായ്. നിർമിതബുദ്ധി ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുക. ഏതെങ്കിലും കുട്ടി സ്കൂളിലോ നിശ്ചിത സ്റ്റോപ്പിലോ ഇറങ്ങിയില്ലെങ്കിൽ ഡ്രൈവറെയോ സൂപ്പർവൈസറെയോ അറിയിക്കും.
ബസുകളുടെ അകത്തും പുറത്തും നൂതന ക്യാമറകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സ്മാർട് സംവിധാനം. സ്മാർട് ട്രാൻസ്പോർട്ടേഷൻ മോണിറ്ററിങ് സെന്ററിൽ നിന്നു ബസുകളെ പൂർണമായും നിരീക്ഷിക്കാനാകും. ഡ്രൈവർമാർ, അറ്റൻഡർമാർ, കുട്ടികൾ എന്നിവരെയും ബസിനു പുറത്തുള്ള കാര്യങ്ങളും നിരീക്ഷിക്കാം. ബസ് പോകുന്ന സ്ഥലം, പ്രവർത്തനത്തിലെ പാളിച്ച തുടങ്ങിയവയും മനസിലാക്കാം.
അബുദാബിയിൽ സലാമ ആപ്
വിദ്യാർഥികളുടെ യാത്ര നിരീക്ഷിക്കാൻ അബുദാബി പുറത്തിറക്കിയ സലാമ ആപ്പിൽ 672 സർക്കാർ, സ്വകാര്യ സ്കൂളുകളെ ഉൾപ്പെടുത്തി. സ്കൂൾ ബസുകളുടെ യാത്ര ഗതാഗത വിഭാഗവും നിരീക്ഷിക്കും. ഏതാനും നഴ്‌സറികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിലും വീട്ടിലും എത്തുന്ന സമയം സലാമ ആപ്പ് രക്ഷിതാക്കളെയും സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സ്വമേധയാ അറിയിക്കും. ബസ് ഗതാഗതക്കുരുക്കിൽ പെട്ട് സ്കൂളിലോ വീട്ടിലോ എത്താൻ വൈകിയാൽ അക്കാര്യവും അറിയിക്കും. മാതാപിതാക്കൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റർമാർ, ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ഫോണുകൾ ആപ്പ് വഴി ബന്ധിപ്പിച്ചാണ് വിവരക്കൈമാറ്റം. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പറുമുണ്ട്: 800 850
യുവർ ചിൽഡ്രൻ ആർ സെയ്ഫ്
ഷാർജയിൽ സ്വകാര്യവിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ യുവർ ചിൽഡ്രൻആർ സെയ്ഫ് ആപ്പിൽ 122 സ്വകാര്യ സ്കൂളുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾക്കും ബസ് സൂപ്പർവൈസർമാർക്കും ബസിൽ കയറുന്ന വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താം. കുട്ടികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോൾ ബസിന്റെ ചലനം നിരീക്ഷിക്കാനുംസാധിക്കും. കുട്ടി കയറുമ്പോഴും ഇറങ്ങുമ്പോഴും ഐഡി കാർഡ് സ്വൈപ് ചെയ്യുന്നതോടെ വിവരം സ്കൂളിനും രക്ഷിതാക്കൾക്കും അറിയാം. അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പും ഇതുവഴി നൽകാം.
ബസ് ജീവനക്കാർ ഉത്തരവാദിത്തം മറക്കരുത്
ട്രാക്കിങ് സംവിധാനം ഒരുക്കാത്ത ബസിലും സ്വകാര്യ വാഹനങ്ങളിലുമാണ് കുട്ടികളെ മറക്കുന്ന സംഭവം ആവർത്തിക്കുന്നത്. സ്മാർട്ട് സംവിധാനം ഉണ്ടെങ്കിലും നിർത്തിയിട്ട ബസിൽ കുട്ടികൾ ഇല്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബസ് ജീവനക്കാർക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.