കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ യുഎഇ
Mail This Article
അബുദാബി ∙ വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ. കാറിൽ കുട്ടിയെ ഉപേക്ഷിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനേക്കാൾ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയം ഒരു മിനിറ്റ് കുട്ടി വാഹനത്തിൽ അകപ്പെട്ടാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തിൽ അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും (ഇസിഎ) അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും (എഡിപിഎച്ച്സി) പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. ഷാർജയിൽ 7 വയസ്സുകാരൻ മരിക്കുകയും 4 വയസ്സുകാരി മണിക്കൂറുകളോളം വാഹനത്തിൽ അകപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വാഹനത്തിൽ അകപ്പെടുന്ന കുട്ടികൾ സൂര്യാഘാതവും നിർജലീകരണവും ശ്വാസം മുട്ടിയും മരിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
കുട്ടികളാണ്, സൂക്ഷിക്കണം
നിർത്തിയിട്ട വാഹനത്തിൽ കുട്ടികൾ കുടുങ്ങാതിരിക്കാൻ രക്ഷിതാക്കളും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണം. കളിക്കിടെ ഒളിക്കാൻ നിർത്തിയിട്ട വാഹനത്തിൽ കയറുന്ന കുട്ടികൾ അതിലകപ്പെടുകയും പൊരിവെയിലത്ത് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത മുൻകാല അനുഭവങ്ങൾ പാഠമാകണം. വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കയറുന്ന ചെറിയ കുട്ടികൾ ഉറങ്ങുന്നത് സ്വാഭാവികമാണ്. എല്ലാവരെയും വിളിച്ചുണർത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതു ലംഘിക്കുമ്പോഴാണ് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്.
നിർത്തിയിട്ട വാഹനത്തിൽ ആരും ഇല്ലെന്നും പൂട്ടിയെന്നും ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ കടമയാണ്. പൂട്ടാതെ പോകുന്ന വാഹനത്തിൽ കുട്ടികൾ കയറി കളിക്കാൻ സാധ്യതയുണ്ട്. വാഹനത്തിനകത്തും അടിയിലും ഡിക്കിയിലും ഇത്തരത്തിൽ കുട്ടികൾ ഒളിക്കാം. അതുകൊണ്ട് ആവർത്തിച്ച് ഉറപ്പുവരുത്തണം.
വാഹനത്തിൽ തനിച്ചാക്കരുത്
സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പോകരുതെന്നും പൊലീസ് ഓർമിപ്പിച്ചു. കടുത്ത ചൂടിൽ സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട വാഹനത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിക്കാനും ഇത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
കുട്ടികളെ ആദ്യം ഇറക്കണം
കുടുംബസമേതം ഷോപ്പിങ്ങിപോയി വരുമ്പോൾ ആദ്യം കുട്ടികളെ ഇറക്കിയ ശേഷമേ സാധനങ്ങൾ എടുക്കാവൂ. കഠിന ചൂടേൽക്കുന്നത് സൂര്യാഘാതം, തലകറക്കം, ക്ഷീണം, തലവേദന, ഓക്കാനം എന്നിവയ്‌ക്ക് കാരണമാകും. ഒപ്പം ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും.
രക്ഷകൻ ഉണരണം
കുട്ടികളെ കാറിൽ തനിച്ച് കണ്ടെത്തിയാൽ പൊലീസിലോ (999), ആംബുലൻസിലോ (998) ഉടൻ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു. വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ആ വിളി സഹായകമാകും.