യുഎഇയിൽ കർശനമായ പുതിയ ഹജ്, ഉംറ നിബന്ധനകൾ പ്രഖ്യാപിച്ചു
Mail This Article
ദുബായ്∙ യുഎഇയിൽ കർശനമായ പുതിയ ഹജ്, ഉംറ നിബന്ധനകൾ പ്രഖ്യാപിച്ചു. എമിറാത്തി തീർഥാടകരുടെ ക്ഷേമം ഉറപ്പാക്കാനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്‍റ് (ജിഎ ഐഎഇ) പുതിയ നിബന്ധനകൾ കൊണ്ടുവന്നത്.
തീർഥാടന ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ, ലൈസൻസിങ് പ്രക്രിയകൾ, വ്യക്തികൾ, പ്രചാരണ സംഘാടകർ, അല്ലെങ്കിൽ ബന്ധപ്പെട്ട ഓഫിസുകൾ എന്നിവയിൽ നിന്നുള്ള ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഹജ്, ഉംറ ക്യാംപെയ്നുകൾക്കുള്ള ലൈസൻസുകൾ നിലവിലുള്ള നിയമങ്ങൾ പാലിച്ചും അതോറിറ്റിയുടെ അധികാരപരിധിക്കു കീഴിലാണെന്നും ഉറപ്പാക്കിക്കൊണ്ട് തീർഥാടക പ്രവർത്തനങ്ങളും ഉംറ ചടങ്ങുകളും നിയന്ത്രിക്കുന്നതിനാണ് ഭേദഗതികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
∙അനുമതിയില്ലാതെ ഹജ്, ഉംറ യാത്ര സംഘടിപ്പിച്ചാൽ പിഴ അരലക്ഷം ദിർഹം
സൗദിയിലെ യുഎഇ ഹജ് അഫയേഴ്‌സ് ഓഫിസിന്‍റെ സേവനങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്യുന്നവർക്കും ജിഎഐഎഇ യിൽ നിന്ന് ശരിയായ അനുമതിയില്ലാതെ ആചാരപരമായ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും 50,000 ദിർഹം പിഴ ചുമത്തും. ഹജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിച്ചാലും പിടിവീഴും. ഹജ്, ഉംറ തീർഥാടകരെ കണ്ടെത്താന്‍ പരസ്യം ചെയ്യുക, അഭ്യർഥിക്കുക, ഈ ആവശ്യങ്ങൾക്കായി സംഭാവനകൾ ശേഖരിക്കുക, ഇവയെല്ലാം ലൈസൻസില്ലാതെ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
ഹജ് സീസണിലെ ഔദ്യോഗിക പ്രതിനിധിയാണ് യുഎഇ ഹജ് കാര്യ ഓഫിസ്. ഇത് യുഎഇ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നു. യുഎഇ തീർഥാടകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൗദി അധികൃതരുമായി ഏകോപിപ്പിക്കുകയും തീർഥാടകർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.