ദുബായിൽ വാഹനപ്രേമം വർധിക്കുന്നു; രാജ്യത്ത് വാഹന പെരുപ്പം
Mail This Article
ദുബായ് ∙ പുതുപുത്തൻ വാഹനങ്ങൾ വാങ്ങിക്കൂട്ടി ദുബായ്. കഴിഞ്ഞ വർഷം മാത്രം നിരത്തിലിറങ്ങിയത് 2.15 ലക്ഷം പുതിയ വാഹനങ്ങൾ. മുൻ വർഷത്തേക്കാൾ 10.5 ശതമാനത്തിന്റെ വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് റോഡുകളിലെ വാഹന പെരുപ്പം സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.
2023ൽ മൊത്തം 22.07 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. 2022ൽ ഇത് 20.58 ലക്ഷമായിരുന്നു. ടാക്സി വാഹനങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വർഷം വർധനയുണ്ടായി. പുതിയതായി റജിസ്റ്റർ ചെയ്തത് 640 ടാക്സികൾ. 5.4% വർധന. ഇതോടെ ടാക്സികളുടെ എണ്ണം 12,532 ആയി. 2022ൽ 11,892 ടാക്സികളാണ് ഉണ്ടായിരുന്നത്.
ജബൽഅലി ഡിപി വേൾഡ് തുറമുഖം വഴി 8.30 ലക്ഷം വാഹനങ്ങൾ കഴിഞ്ഞ വർഷം രാജ്യത്ത് എത്തി. വാഹനങ്ങളുടെ ഇറക്കുമതിയിൽ 4% വർധനയുണ്ട്. മുൻ വർഷത്തെക്കാൾ 33000 വാഹനങ്ങളാണ് അധികമായി തുറമുഖം വഴി എത്തിച്ചത്.