പർപ്പിൾ വർണമണിഞ്ഞ് ബുർജ് ഖലീഫ; നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണ ആഘോഷം ദുബായിലും
Mail This Article
ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ കഴിഞ്ഞ രാത്രി പർപ്പിൾ വർണമണിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ മൂന്നാം കിരീടധാരണ ആഘോഷത്തിൽ പങ്കുചേർന്നു. ടീം ഉടമ ഷാറൂഖ് ഖാൻ, കളിക്കാർ എന്നിവരുടെ ചിത്രങ്ങൾ തീം സംഗീതത്തിനൊപ്പം പ്രദർശിപ്പിച്ചു. ഈ മാസം 26ന് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 8 വിക്കറ്റ് വിജയം കൊൽക്കത്ത നേടിയിരുന്നു. ബുർജ് ഖലീഫയിൽ നടന്ന വിജയാഘോഷത്തിൽ കൊൽക്കത്ത സ്വദേശികളും നൈറ്റ് റൈഡേഴ്സ് ആരാധകരും പങ്കെടുത്തു. ചിത്രങ്ങളും വിഡിയോകളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സമൂഹ മാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
∙യുഎഇയുടെ അഭിമാന ഗോപുരം
ദുബായുടെ അഭിമാനമായ അംബരചുംബിയായ കെട്ടിടമാണ് ബുർജ് ഖലീഫ. ഉദ്ഘാടനത്തിന് മുമ്പ് ബുർജ് ദുബായ് എന്നറിയപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. മൊത്തം 829.8 മീറ്റർ (2,722 അടി, അല്ലെങ്കിൽ അര മൈലിൽ കൂടുതൽ) ഉയരമാണ് 2009-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട 163 നില ടവറിനുള്ളത്. അതിന് മുൻപ് തായ്‌പേയ് (101-നിലകൾ) ആയിരുന്നു ഒന്നാമത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നതിലുപരി, ബുർജ് ഖലീഫ രാജ്യാന്തര സഹകരണത്തിന്‍റെ അഭൂതപൂർവമായ ഉദാഹരണമാണെന്ന് നിർമാതാക്കള്‍ പറയുന്നു. പുരോഗതിയുടെ പ്രതീകാത്മക വിളക്കെന്ന പോലെ ആധുനിക മധ്യപൂർവദേശത്തിന്‍റെ മുദ്രയായിത്തീർന്നു. മാറുന്ന ലോകത്ത് ദുബായിയുടെ വർധിച്ചുവരുന്ന പങ്കിന്‍റെ വ്യക്തമായ തെളിവ് കൂടിയാണിത്. 30 വർഷത്തിനുള്ളിൽ ഈ നഗരം ആഗോളതലത്തിലേയ്ക്ക് രൂപാന്തരപ്പെട്ടതിന് പിന്നിലെ വലിയ കാരണങ്ങളിലൊന്ന് ബുർജ് ഖലീഫയാണ്. ഇമാർ പ്രോപ്പർട്ടീസാണ് ലോക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ കെട്ടിടം കൈകാര്യം ചെയ്യുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പ്രതീകം കൂടയാണിത്.