ADVERTISEMENT

മലപ്പുറം/ദുബായ് ∙ ഓൺലൈൻ അഭിമുഖം വഴി ലഭിച്ച ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലെത്തിയ 2 മലപ്പുറം സ്വദേശികളെക്കുറിച്ച് ഒരാഴ്ചയിലേറെയായി വിവരമില്ല. വള്ളിക്കാപ്പറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണു 22 മുതൽ കാണാതായത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. ശുഹൈബും സഫീറും നേരത്തേ ഗൾഫിൽ ജോലി ചെയ്തിരുന്നു. പിന്നീട് കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. മാർച്ച് 27ന് സന്ദർശക വീസയിലാണ് ഇരുവരും വീണ്ടും ദുബായിലെത്തിയത്. ജോലിക്കായി ശ്രമിക്കുന്നതിനിടെ ഓൺലൈൻ അഭിമുഖത്തിലൂടെ തായ്‌ലൻഡിൽ ജോലി ലഭിച്ചു.

ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും അവരെ സഹായിക്കുകയുമാണ് ജോലിയായി പറഞ്ഞിരുന്നത്. ദുബായിലെ ഇടനിലക്കാരൻ വഴിയാണ് ഇവർ തായ്‌ലൻഡിലെ റിക്രൂട്ടിങ് ഏജൻസിയുമായി ബന്ധപ്പെട്ടതെന്നു സൂചനയുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് കുടുംബാംഗങ്ങൾക്കു വ്യക്തമായ വിവരമില്ല. തൊഴിൽ വീസയുമായി 21ന് ആണ് തായ്‌ലൻഡിലെത്തിയത്.

വിമാനത്താവളത്തിൽ നിന്ന് ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. 22ന് രാത്രിയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. തായ്‌ലൻഡ് അതിർത്തിയിലെ പുഴ കടന്ന് മ്യാൻമറിലേക്കു കൊണ്ടുപോയെന്നു പറഞ്ഞ് ഇരുവരും ഭാര്യമാർക്കു ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

English Summary:

Two Malappuram Natives in Search of Job in Thailand Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com