ADVERTISEMENT

അബുദാബി ∙ യുഎഇയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും കോടതി മുഖേന വിവാഹിതരാകുന്ന മുസ്‍ലിംകളായ വിദേശികൾക്കും പ്രീമാരിറ്റൽ മെഡിക്കൽ സ്‌ക്രീനിങ് നിർബന്ധമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു. 

ആവശ്യമെങ്കിൽ സൗജന്യ ജനിതക പരിശോധനയും ഇതോടൊപ്പം നടത്താമെന്ന് പ്രാഥമിക ആരോഗ്യ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കരീമ അൽറേസി പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത ചിലരിലും ജനിതക മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പരിശോധന. പാരമ്പര്യരോഗം ഉണ്ടാക്കുന്ന ജീനുകളെ തിരിച്ചറിഞ്ഞ് ഭാവി തലമുറകളിലേക്ക് ജനിതക രോഗങ്ങൾ പകരുന്നത് തടയാൻ ഇതു സഹായിക്കും. 

കാർഡിയോ മയോപ്പതി, അപസ്മാരം, സ്‌പൈനൽ മസ്‌കുലാർ അട്രോഫി, ശ്രവണ വൈകല്യം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്പര്യ രോഗങ്ങൾക്ക് കാരണമാകുന്ന 570ലധികം ജനിതക വകഭേദങ്ങൾ മുൻകാലങ്ങളിൽ നടന്ന പരിശോധനയിൽ കണ്ടെത്തി. ഷാർജയിലെ ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ, റാസൽഖൈമയിലെ ജുൽഫർ ഹെൽത്ത് സെന്റർ, ഫുജൈറയിലെ അൽഫസീൽ ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ എന്നിവിടങ്ങളിൽ ജനിതക പരിശോധന ലഭ്യമാണ്. 2 ആഴ്ചയ്ക്കകം ഫലം ലഭിക്കും. ജനിതകമാറ്റം കണ്ടെത്തിയാൽ വിദഗ്ധ ചികിത്സ നിർദേശിക്കും. പരിശോധനാ ഫലം കുടുംബജീവിതത്തെത്തുറിച്ച് നല്ല തീരുമാനമെടുക്കാൻ ഇരുവർക്കും കരുത്തുപകരും.‌

യുഎഇയിൽ വിവാഹ പൂർവ ആരോഗ്യ പരിശോധന 2008ലാണ് ആരംഭിച്ചത്. ദമ്പതികൾ ജനിതക, പകർച്ചവ്യാധി അല്ലെങ്കിൽ ലൈംഗിക രോഗങ്ങളിൽനിന്ന് മുക്തരാണോ എന്ന് മെഡിക്കൽ പരിശോധനയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.
∙ പരിശോധിക്കുന്ന രോഗങ്ങള്‍

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ്, ബീറ്റാ തലസീമിയ, സിക്കിൾ സെൽ അനീമിയ, ജർമൻ മീസിൽസ് (റുബെല്ല) എന്നിവയാണ് പരിശോധിക്കുക. ഒരിക്കൽ നടത്തിയ പരിശോധനാ ഫലത്തിന്റെ കാലാവധി 3 മാസമാണ്. ദമ്പതികളിൽ 2 പേരും ഒരേ ആരോഗ്യ കേന്ദ്രത്തിലാണ് പരിശോധനയ്ക്ക് എത്തേണ്ടത്.

English Summary:

UAE: Premarital Screening Urged for 570 Genetic Mutations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com