ADVERTISEMENT

ദുബായ് ∙ എടാ മോനേ, ഇത് ഛോട്ടാ രംഗയാടാ...–ആവേശം സിനിമയിലെ രംഗയായി നിറഞ്ഞാടി ദുബായിലെ കൊച്ചു ഡാൻസർ ജോഹൻ സിറിൽ. ദുബായിലെ സ്കൈകോട് ടവേഴ്സ് മലയാളി കമ്യൂണിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് ഈ ഏഴു വയസ്സുകാരൻ സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച 'രംഗ' എന്ന കഥാപാത്രത്തിന്റെ ചെറുപതിപ്പായി വേഷം കെട്ടി ഇല്ലുമിനാറ്റി എന്ന അടിപൊളി ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ആളുകളുടെ മനം കവർന്നത്.

∙ രംഗയായി തകർത്തത് രണ്ടാം ക്ലാസുകാരൻ
സംസ്ഥാന അവാർഡ് (ആവാസവ്യൂഹം) ജേതാവ് കൃഷാന്ത് സംവിധാനം ചെയ്യുന്ന ദ് ക്രോണിക്കിൾസ് ഓഫ് 4.5 ഗ്യാങ് എന്ന വെബ് സീരീസിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റിയംഗം റിനോയ് സ്കറിയ ജോസാണ് നൃത്തമൊരുക്കിയത്. കമ്യൂണിറ്റിയുടെ വാർഷികം കേരളോത്സവം എന്ന പേരിൽ ആഘോഷിക്കാറുള്ള കൂട്ടായ്മ എല്ലാ പരിപാടികൾക്കും ഒരേ മനസ്സോടെ കട്ടയ്ക്ക്നിൽക്കുന്നു. ഇപ്രാവശ്യത്തെ ആഘോഷത്തിന് എന്തെങ്കിലും പുതുമ വേണമെന്ന് ആലോചിച്ചപ്പോഴാണ് ആവേശം സിനിമ റിലീസായത്. അതിലെ ഇലുമിനാറ്റി എന്ന ഗാനം പിടിച്ച് ഒരു കൈ നോക്കാമെന്ന് ചിന്തിച്ചത് അപ്പോഴാണെന്ന് റിനോയ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

ചിത്രീകരണത്തിനിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രീകരണത്തിനിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആദ്യം ഇക്കാര്യം പങ്കുവച്ചത് ടീമംഗം അഭി വിശ്വംഭരനോടായിരുന്നു. കേട്ടപ്പോഴേ പുള്ളി റെഡി. പക്ഷേ, പ്രേക്ഷകർ ഏറ്റെടുത്ത രംഗണ്ണനായി ആര് വരും എന്നത് ചോദ്യച്ചിഹ്നമായപ്പോൾ, അത് ഒരു ചെറിയ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചാൽ വെറൈറ്റിയാവില്ലേ എന്ന ആലോചനവന്നു. പിന്നെ, വേറൊന്നും ചിന്തിച്ചില്ല, കൂട്ടായ്മയിലെ സിറിൽ ജോസിന്റെ മകൻ സ്മാർട് ബോയ് ജോഹനെ തീരുമാനിച്ചു.

ജോഹൻ സിറിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ജോഹൻ സിറിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നേരത്തെ സ്റ്റേജ് പരിപാടികളിൽ നൃത്തം ചെയ്ത് ആളുകളെ ആവേശംകൊള്ളിച്ചിരുന്നയാളാണ് ജെംസ് ലിഗസി സ്കൂളിലെ രണ്ടാംക്ലാസുകാരൻ. സംഭവമറിഞ്ഞപ്പോഴേ ജോഹൻ രംഗയായി പ്രകടനം തുടങ്ങി. 'എടാ മോനേ..'  എന്ന ചിത്രത്തിലെ ഫഹദിന്റെ സംഭാഷണ ശകലം ഉരുവിട്ടായി പിന്നീടുള്ള നടത്തം. സംഘത്തിലെ ഓരോ അംഗവും ഉദ്യമത്തോട് പൂർണമായും സഹകരിച്ചപ്പോൾ സംഗതി പൊളിയായി. ഫഫയുടെ വേഷവിധാനങ്ങള്‍ ധരിപ്പിച്ചു. കൊമ്പൻമീശ വച്ച് സൺഗ്ലാസ് കൂടി വച്ചതോടെ നോക്കിലും സാക്ഷാൽ 'ഛോട്ടാ രംഗ' യായി മാറി.

ഇല്ലുമിനാറ്റി നൃത്തമൊരുക്കിയ ടീം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇല്ലുമിനാറ്റി നൃത്തമൊരുക്കിയ ടീം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദുബായിൽ കൺട്രോൾ സിസ്റ്റം ഡിസൈൻ എന്‍ജിനീയറായ ആദർശ് ലോറൻസാണ് നൃത്തച്ചുവടുകൾ രസകരമായി പകർത്തിയൊരുക്കിയ ഛായാഗ്രാഹകനും എഡിറ്ററും. മരുഭൂമിയിലെ  ഹരിതഭംഗിയിൽ മൂന്ന് ദിവസം കൊണ്ടായിരുന്നു ചിത്രീകരണം. പ്രകൃതി വെളിച്ചം മാത്രമേ ഉപയോഗിച്ചുള്ളൂ എന്നതിനാൽ പുലർച്ചെയാണ് ഷൂട്ട് നടന്നതെന്ന് ദുബായിലെ പിക്സൺ പ്രൊഡക് ഷൻസ് സഹ സ്ഥാപകന്‍ കൂടിയായ റിനോയ് പറഞ്ഞു.

ചിത്രീകരണത്തിനിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രീകരണത്തിനിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കേരളത്തിൽ നിന്ന് അകലെ ജോലി ചെയ്യുന്ന മലയാളികളുടെ സൗഹൃദത്തിൻ്റെയും സന്തോഷത്തിൻ്റെയും ആവേശമാണ് ഈ വിഡിയോ എന്നും നേരത്തെ കൃഷാന്തിൻ്റെ ആവാസവ്യൂഹം എന്ന ചിത്രത്തില്‍ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുള്ള ഈ കോട്ടയം കാഞ്ഞിരപ്പള്ളിക്കാരൻ പറയുന്നു. അഭി വിശ്വംഭരൻ ദുബായിൽ ഐടി മാനേജരാണ്. സിറിൽ ജോസ്, അരുൺ ജോർജ്, ജൈസൺ ബേബി, പ്രകാശ് പിള്ള, മാർട്ടിൻ ലോറൻസ്, നെവിൻ റഫീഖ്, വിപീഷ് വിമൽ, ബബീഷ് ഒമർ, ജീൻ പോൾ, നിഷാദ് ഖാലിദ്, വിനു നായർ,  ജീൻ മണലൂർ, അഭയ് ജോൺ, റിയാൻ സിറിൽ എന്നിവരാണ് ചടുലനൃത്തത്തിനൊപ്പം ചുവടുകൾ വച്ച മറ്റംഗങ്ങൾ. ഡാൻസ് വിഡിയോ വിജയിച്ചതോടെ കൂടുതൽ പരിപാടികളൊരുക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

English Summary:

Malayali Boy Played the Avesham Movie Role Ranga in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com