ഗാസ വെടിനിർത്തലിനു ചൈനയുടെ സഹകരണം തേടി ഷെയ്ഖ് മുഹമ്മദ്
Mail This Article
അബുദാബി/ബെയ്ജിങ് ∙ ഗാസയിൽ അടിയന്തര വെടിനിർത്തൽ ഉറപ്പാക്കാൻ അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കാനും സംയുക്ത നീക്കം ആവശ്യമാണ്. ഗാസയിലെ യുദ്ധം മധ്യപൂർവദേശത്തുണ്ടാക്കുന്ന പ്രയാസങ്ങളുടെ പശ്ചാത്തലത്തിൽ ബെയ്ജിങ്ങിൽ നടന്ന ചൈന –അറബ് ഫോറത്തിലാണ് ഷെയ്ഖ് മുഹമ്മദ് ആവശ്യം ഉന്നയിച്ചത്.
മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം വീണ്ടെടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിനു മാത്രമേ സാധിക്കൂവെന്നും പറഞ്ഞു. ചൈന-അറബ് സ്‌റ്റേറ്റ്‌സ് കോഓപ്പറേഷൻ ഫോറത്തിന്റെ പത്താമത് മന്ത്രിതല യോഗത്തിലും ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു. ഇസ്രയേൽ–ഗാസ യുദ്ധം കേന്ദ്രീകരിച്ച് രാജ്യാന്തര സമാധാന സമ്മേളനം നടത്തണമെന്നും ഇതിന് എല്ലാ സഹായവും നൽകുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.
യുദ്ധം അനിശ്ചിതമായി തുടരരുത്. നീതി ഇല്ലാതാക്കരുത് എന്ന് പറഞ്ഞ ഷീ ജിൻപിങ് പലസ്തീന് യുഎൻ അംഗത്വം നൽകാനുള്ള ചൈനയുടെ പിന്തുണ ആവർത്തിച്ചു. ലോക സമാധാനവും സുസ്ഥിരതയും നിലനിർത്താൻ അറബ് രാജ്യങ്ങളുമായി ചൈന ചേർന്നുപ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
സൗദി അറേബ്യയും ഇറാനും തമ്മിൽ വർഷങ്ങളോളം നീണ്ട ശത്രുത അവസാനിപ്പിച്ച് അനുരഞ്ജന കരാർ ഉണ്ടാക്കാൻ കഴിഞ്ഞ വർഷം സഹായിച്ചതും ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിൽനിന്ന് പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാജ്യാന്തര സമൂഹത്തോട് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അഭ്യർഥിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ, തുനീസിയ രാഷ്ട്രത്തലവൻമാരും ചർച്ചയിൽ പങ്കെടുത്തു.