ADVERTISEMENT

അബുദാബി ∙ നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങിയ ഇന്ത്യൻ ഡോക്ടർമാർക്ക് നഷ്ടപ്പെട്ടത് 3 കോടിയിലേറെ രൂപ (13.5 ലക്ഷം ദിർഹം). മലയാളിയുടെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ പ്രമുഖ ആശുപത്രിയിലെ 6 ഡോക്ടർമാർ അടക്കം 9 പേരാണ് വഞ്ചിക്കപ്പെട്ടത്. പണം നഷ്ടപ്പെട്ടിട്ടും വിവരം പുറത്തുപറയാൻ മടിക്കുന്നവർ ഒട്ടേറെയുണ്ട്. അതുകൂടി കണക്കിലെടുത്താൽ നഷ്ടം കോടിക്കണക്കിന് രൂപയാകും. നിക്ഷേപകരുടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. 

ഗുജറാത്തിൽനിന്നുള്ള ഡോക്ടറെയാണ് തട്ടിപ്പു കമ്പനി ആദ്യം വലയിലാക്കിയത്. നിക്ഷേപത്തുകയ്ക്ക് (ഡോളറിൽ) 15% വാർഷിക പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്തു. വേറെ എവിടെ നിക്ഷേപിച്ചാലും ഇത്രയും തുക പലിശ ലഭിക്കില്ലെന്ന് കരുതി ഡോക്ടർ ആദ്യം 30,000 ഡോളർ (1,10,189 ദിർഹം) നിക്ഷേപിച്ചു. 3 മാസത്തെ ഇടവേളകളിൽ ലാഭവിഹിതവും പലിശയും തിരിച്ചുനൽകി കമ്പനി ഡോക്ടറെ വിശ്വാസത്തിലെടുത്തു. കമ്പനിയുടെ പേരിലുള്ള ചെക്ക് കൃത്യമായ ഇടവേളകളിൽ ബാങ്കിലെത്തി മാറി ആനുകൂല്യം സ്വന്തമാക്കാമെന്ന ഉറപ്പ് ഡോക്ടർക്കും ബോധിച്ചു. 2 വർഷത്തോളം കൃത്യമായ ഇടവേളകളിൽ പണം തിരിച്ചുനൽകി കമ്പനി ഈ ഡോക്ടറുടെ വിശ്വാസം നേടി. 

ഇതോടെ കൂടുതൽ തുക നിക്ഷേപിക്കാൻ ഡോക്ടർ സന്നദ്ധനായി. അതുവരെ ലഭിച്ച ലാഭവിഹിതവും മറ്റിടങ്ങളിൽനിന്ന് സ്വരൂപിച്ചതും ചേർത്ത് മൊത്തം 1,25,000 ഡോളർ (4,59,121 ദിർഹം) നിക്ഷേപിച്ചു. വിവരമറിഞ്ഞ ഇതേ ആശുപത്രിയിലെ ഡൽഹി, ജാർഖണ്ഡ്, ബെംഗളൂരു സ്വദേശികളായ മറ്റു 5 ഡോക്ടർമാർ 30,000 ഡോളർ വീതം നിക്ഷേപിച്ചു. 

ഇവരുടെ സുഹൃത്തുക്കളായ വേറെ ആശുപത്രിയിലെ 3 ‍ഡോക്ടർമാരും തുല്യ തുക നിക്ഷേപിച്ചിട്ടുണ്ട്. കുറഞ്ഞത് 30,000 ഡോളർ (1,10,189 ദിർഹം) നിക്ഷേപിക്കണമെന്നായിരുന്നു കമ്പനി നിബന്ധന. വർഷങ്ങളായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കു പുറമേ, പുതുതായി ജോലിക്കെത്തിയവരും തട്ടിപ്പിൽ അകപ്പെട്ടു. ഇടപാടുകാരെ വിശ്വാസത്തിലെടുക്കാനാണ് കമ്പനി ആദ്യം കൃത്യമായി പണം തിരികെ നൽകിയത്. ഓരോ വിഭാഗത്തിലെയും പ്രതിനിധികളിൽ ഒന്നോ രണ്ടോ പേർക്കു മാത്രമാണ് ഇങ്ങനെ തുക തിരിച്ചുനൽകുക. ഇതോടെ അവർ പറഞ്ഞറിഞ്ഞ് മറ്റു ഇരകളും കമ്പനിയുടെ വലയിലാകും. വർഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട വേദനയിൽ ഡോക്ടർമാർ നിക്ഷേപ കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

English Summary:

Investment fraud: Doctors lost more than Rs 3 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com