ADVERTISEMENT

അബുദാബി ∙ കുഞ്ഞനുജത്തി ദിന ദിറാർ വീട്ടിലേക്കു വരുന്നതും ഒന്നിച്ചുള്ള കളിചിരിയും സ്വപ്നം കണ്ട സഹോദരങ്ങളായ റനയുടെയും മുഹമ്മദ് ഹഴസന്റെയും കാത്തിരിപ്പ് വെറുതെയായി. 640 ഗ്രാം തൂക്കവുമായി ആറാം മാസത്തിൽ പിറന്നു വീണ് രോഗങ്ങളോട് പൊരുതി ആശുപത്രി കിടക്കയിൽ കഴിഞ്ഞിരുന്ന ദിന മരണത്തിനു കീഴടങ്ങുകയായിരുന്നു. തൃശൂർ ഏനമാക്കൽ കെട്ടുങ്ങൽ സ്വദേശി ദിറാർ നൂറൂദ്ദീന്റെയും ഭാര്യ നജിലയുടെയും മൂന്നാമത്തെ മകളായിരുന്നു ദിന. 2020 ഓഗസ്റ്റ് 27ന് പിറന്ന ദിന 8 മാസ‌ത്തെ ആശുപത്രി വാസത്തിനു ശേഷം വെറും 35 ദിവസം മാത്രമാണ് കുടുംബത്തോടൊപ്പം കഴിഞ്ഞത്. ശേഷിച്ച 1333 ദിവസവും വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിലും. 

മേയ് 30ന് പുലർച്ചെ ഒന്നിന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ നിന്ന് വിളി വരുന്നത്. ഉടൻ ദിറാറും ഭാര്യ നജിലയും ആശുപത്രിയിൽ എത്തിയപ്പോഴേക്കും ദിന മരിച്ചിരുന്നു. 2 മണിക്കൂർ മുൻപു വരെ മകളെ കണ്ട് മടങ്ങിയതായിരുന്നു ഇരുവരും. ആ ദിവസം മൂത്ത മകൾ റനയ്ക്ക് പനി മൂർച്ചിച്ച് മുസഫയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. മുഹമ്മദ് ഹസനെ റനയുടെ അടുത്തു നിർത്തിയാണ് ഇരുവരും ദിനയെ കാണാൻ പോയിരുന്നത്. 

ദിന ഇനി നമ്മോടൊപ്പം ഉണ്ടാകില്ലെന്ന വിവരം എങ്ങനെ പറയുമെന്നറിയാതെ ഇവർ ധർമ സങ്കടത്തിലായി. സന്തത സഹചാരിയായ സെയ്ദ് അബ്ദുൽഹാദി തങ്ങൾ ആശുപത്രിയിലെത്തി റനയെയും മുഹമ്മദ് ഹസ്സനെയും കൂട്ടി ദിനയെ കാണാനെത്തി. പുലർച്ചെ 3നുള്ള യാത്ര പ്രാർഥനയോടെയായിരുന്നു. നിശ്ചലമായി കിടക്കുന്ന കുഞ്ഞനുജത്തിയെ കണ്ട് ഇരുവരും പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും നിന്ത്രണം വിട്ടുപോയി.

റന ദീദിയുടെയും ഇക്കാക്കയുടെയും ശബ്ദം  കേൾക്കുമ്പോൾ സന്തോഷത്താൽ വിടരുന്ന ദിനയുടെ മുഖമാണ് സഹോദരങ്ങളുടെ മനസ്സ് നിറയെ. പക്ഷേ നിശ്ചലമായ മുഖം കണ്ടപ്പോൾ ഇരുവരും തകർന്നുപോയി.  ഏതാനും ദിവസമായി മരുന്നുകളോട് പ്രതികരിക്കാതെ ഐസിയുലായിരുന്നു  ദിന. രോഗം മൂർഛിച്ചതോടെ 53 ദിവസമായി ഇവർ പരസ്പരം കണ്ടിരുന്നില്ല. ഒടുവിലത്തെ ദൃശ്യം മനസ്സിൽ നിന്നും മായുന്നില്ലെന്ന് റന പറയുന്നു. ദൈവനിശ്ചയം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. 

ഗർഭകാലം നാലാം മാസം പിന്നിട്ടപ്പോഴുണ്ടായ രക്ത സമ്മർദമാണ് വില്ലനായത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഭീഷണിയായപ്പോൾ ആറാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ ദിനയെ പുറത്തെടുക്കുകയായിരുന്നു. അന്നു മുതൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഒട്ടേറെ ശസ്ത്രക്രിയ നടത്തി. ചെലവേറിയ ചികിത്സയിൽ ഇൻഷുറൻസ് കമ്പനി വിലങ്ങു തടിയായപ്പോൾ അബുദാബി സർക്കാർ സഹായത്തിനെത്തി. സർക്കാർ ആശുപത്രിയിലായിരുന്ന ദിനയെ ദീർഘകാല പരിചരണത്തിനായി പിന്നീട് ബുർജീൽ മെഡിക്കൽ സിറ്റിയിലേക്കു മാറ്റിയിരുന്നു. 

3 വയസ്സും 9 മാസവും 3 ദിവസവുമായപ്പോഴേക്കും ദിനയുടെ തൂക്കം 10 കിലോയിൽ എത്തി. കഴുത്തിൽ ശസ്ത്രക്രിയ ചെയ്തതിനാൽ സംസാരിക്കാൻ സാധിക്കുമായിരുന്നില്ലെങ്കിലും നോട്ടത്തിലും മുഖഭാവത്തിലുമായിരുന്നു മാതാപിതാക്കളും മകളും തമ്മിലുള്ള ആശയ വിനിമയം. നിർണായക ഘട്ടങ്ങളിലെല്ലാം തിരിച്ചുവരവ് നടത്തിയ ദിന പൂർണ ആരോഗ്യത്തോടെ വീട്ടിലേക്കു വരുന്നതും കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. രോഗം മൂർഛിച്ചതോടെ മരുന്നുകളോട് പ്രതികരിക്കാതായി ഒടുവിൽ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഇക്കാലമത്രയും സഹായിച്ച അബുദാബി ഭരണാധികാരികൾക്കും പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രാർഥന കൊണ്ട് ഒപ്പം നിന്നവർക്കുമെല്ലാം നന്ദി പറയുകയാണ് ദിറാറും കുടുംബവും.

English Summary:

Dina Dirar succumbed to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com