30 ദിർഹത്തിന്റെ ഇടപാടിന് ഒടിപി നൽകി; മലയാളിക്ക് നഷ്ടമായത് 5800 ദിർഹം, പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്
Mail This Article
അബുദാബി ∙ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. 30 ദിർഹത്തിന് (681 രൂപ) ഫോൺ റീചാർജ് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 1.31 ലക്ഷം രൂപ. ബാങ്കിലും സൈബർ വിഭാഗത്തിലും പരാതി നൽകിയെങ്കിലും ഇതുവരെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനായില്ല.
14 വർഷമായി ഷാർജ ഫ്രീസോണിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ തൊഴിൽ മാർച്ചിൽ നഷ്ടപ്പെട്ടിരുന്നു. പുതിയ ജോലി അന്വേഷണത്തിലിരിക്കെ ഇന്റർവ്യൂ കോൾ വന്നു. തിരിച്ചുവിളിക്കാൻ ഫോണിൽ ബാലൻസ് ഇല്ലാത്തതിനാൽ പെട്ടെന്ന് യുഎഇയിലെ ടെലികമ്യൂണിക്കേഷൻ പ്രൊവൈഡറായ ഡുവിന്റെ വെബ്സൈറ്റിലൂടെ 30 ദിർഹം റീ ചാർജ് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. സാധാരണ ഗൂഗിളിൽ പോയി ഡു റീചാർജ് എന്ന് സേർച് ചെയ്യുമ്പോൾ ലഭിക്കുന്ന ആദ്യ ലിങ്കിൽ പ്രവേശിച്ചാണ് റീചാർജ് ചെയ്യാറുള്ളത്. അതിനാൽ സംശയം തോന്നിയില്ല. കാർഡ് നമ്പറും ഒടിപിയും നൽകിയ ഉടൻ 5800 ദിർഹം (1.31 ലക്ഷം രൂപയുടെ) പിൻവലിച്ചതായി എസ്എംഎസ് സന്ദേശം ലഭിച്ചു.
ഫോണിൽ റീചാർജ് തുക വന്നതുമില്ല. തുടർന്ന് വീണ്ടും ഡു ആപ്പിലൂടെ റീചാർജ് ചെയ്ത ഉടൻ തന്നെ ഷാർജ ഇസ്‍ലാമിക് ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. കാർഡ് ബ്ലോക്ക് ചെയ്യാൻ നിർദേശിച്ച ബാങ്ക് അധികൃതർ പുതിയ കാർഡ് 3 ദിവസത്തിനകം ലഭിക്കുമെന്നും പറഞ്ഞു. തുടർന്ന് പൊലീസിന്റെ ഇ–ക്രൈം വിഭാഗത്തിൽ പരാതി റജിസ്റ്റർ ചെയ്തതിന്റെ രേഖകളുമായി വീണ്ടും ബാങ്കിലെത്തി രണ്ടാമതും പരാതിപ്പെട്ടു. 40 പ്രവൃത്തി ദിവസം കാത്തിരിക്കാനാണ് യുവാവിനു ലഭിച്ച മറുപടി. ഇതിനെല്ലാം പുറമേ പുതിയ കാർഡ് ഇഷ്യൂ ചെയ്തതിന് 75 ദിർഹമും ബാങ്ക് ഈടാക്കിയതായി യുവാവ് പറയുന്നു. ഒടിപി നൽകുക എന്നത് ഇടപാടിനുള്ള വ്യക്തിയുടെ സമ്മതപത്രമാണെന്നും ഇതിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുക പ്രയാസമാണെന്നുമാണ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. എന്നാൽ 30 ദിർഹത്തിന്റെ ഇടപാടിനാണ് ഒടിപി നൽകിയത്.
അതിനു പകരം 5800 ദിർഹം നൽകിയതിന് ബാങ്കിനാണ് ഉത്തരവാദിത്തമെന്നു ഇദ്ദേഹം പറയുന്നു. മേയ് 13ന് നടത്തിയ ഇടപാട് ബാങ്ക് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തിയത് മേയ് 15നാണ്. പണം നഷ്ടപ്പെട്ട ഉടൻ തന്നെ ബാങ്കിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. പ്രവൃത്തി ദിവസമായിട്ടു കൂടി ഡിജിറ്റൽ ലോകത്ത് ഇടപാട് രേഖപ്പെടുത്താൻ 2 ദിവസം വൈകിയത് എന്തുകൊണ്ടാണെന്ന യുവാവിന്റെ ചോദ്യത്തിനും മറുപടി ലഭിച്ചില്ല. അതിനിടെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ 5800 ദിർഹം തിരിച്ചടയ്ക്കാനായി രേഖപ്പെടുത്തിയതും യുവാവിനെ അലട്ടുന്നു. യഥാസമയം തുക അടച്ചില്ലെങ്കിൽ അതിന്റെ പലിശയും നൽകേണ്ടിവരും. മാസങ്ങളായി ജോലിയില്ലാത്തതിനാൽ പണം എങ്ങനെ അടയ്ക്കുമെന്നറിയാതെ വേവലാതിയിലാണ് ഇദ്ദേഹം.