പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന് 200 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
Mail This Article
റാസൽഖൈമ ∙ പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളുടെ അപകടങ്ങളെക്കുറിച്ച് റാസൽഖൈമ പൊലീസ് പുതിയ മുന്നറിയിപ്പ് നൽകി. സൂക്ഷിക്കുക! നിങ്ങളുടെ ജീവിതം ഏറ്റവും പ്രധാനമാണ്' എന്ന പേരിൽ റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗത്തിലൂടെയും ട്രാഫിക് അവേർനെസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ചിലൂടെയും നടത്തുന്ന പുതിയ ട്രാഫിക് സുരക്ഷാ ക്യാംപെയിനിന്റെ ഭാഗമാണിത്. അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ, വാഹന നിയന്ത്രണം നഷ്ടപ്പെടൽ, ഗുരുതര അപകടങ്ങൾ എന്നിവ തടയാൻ ഡ്രൈവർമാരോട് റോഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോൾ ഫോണുകൾ ഉപയോഗിക്കുക, സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുക, ഫോട്ടോയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളെന്ന് പൊലീസ് പറഞ്ഞു. ഈ സ്വഭാവങ്ങൾ ഗുരുതര റോഡപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.
∙പിഴ 200 ദിർഹം; ഗുരുതരമായാൽ കൂടിയേക്കും
ലെയ്ൻ അച്ചടക്കമില്ലായ്മയും പെട്ടെന്നുള്ള വളച്ചൊടിക്കലും കണ്ടെത്തിയാൽ 200 ദിർഹമാണ് പിഴ. ഈ പ്രവൃത്തി ഒരു അപകടത്തിനോ മറ്റ് ലംഘനത്തിനോ നാശനഷ്ടത്തിനോ ഇടയാക്കിയാൽ പിഴ വർധിക്കും. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന് അനുസൃതമായി നിയുക്ത പാതകളും വേഗപരിധികളും പാലിച്ചും റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചും അശ്രദ്ധമായ ലെയ്ൻ മാറ്റങ്ങൾ ഒഴിവാക്കിയും വാഹനമോടിക്കാന്‍ പൊലീസ് നിർദേശം നൽകുന്നു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ഈ മുൻകരുതലുകൾ അത്യാവശ്യമാണെന്നും അറിയിച്ചു.