മൂന്നു മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത് 366 വ്യാജ പാസ്പോർട്ടുകൾ
Mail This Article
ദുബായ് ∙ മൂന്നുമാസ കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 366 വ്യാജ പാസ്പോർട്ടുകൾ പിടികൂടി. വിവിധ രാജ്യക്കാരിൽ നിന്നാണ് ഇത്രയും വ്യാജ പാസ്പോർട്ടുകൾ പിടികൂടിയതെന്ന് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. 2023ൽ 355 പാസ്പോർട്ടുകളാണ് പിടികൂടിയിരുന്നത്. കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇതിൽ 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിഞ്ഞ് പിടികൂടാനായി വിമാനത്താവളത്തിൽ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീൻ സ്ഥാപിച്ചതായി ജിഡിആർഎഫ്എ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ കൺസൽറ്റന്റ് അഖിൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു.
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തിയാൽ അതുമായി എത്തിയവരെ പാസ്പോർട്ട് കൺട്രോൾ ഓഫിസർ പിടികൂടി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. സ്ഥിരീകരിച്ചാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോടതി വിധി അനുസരിച്ചായിരിക്കും തുടർനടപടികൾ. പാസ്പോർട്ട് മാത്രമല്ല, വീസ, തിരിച്ചറിയൽ കാർഡ്, എൻട്രി പെർമിറ്റ്, യുഎസ് ഗ്രീൻ കാർഡ് തുടങ്ങി ഓരോ രാജ്യത്തെയും മറ്റു രേഖകളും അസ്സലാണോ വ്യാജമാണോ എന്നതും ഇത്തരം മെഷീൻ പരിശോധിക്കും.