ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ പ്രവാസികളുടെ അവധിക്കാലമാണ് കാർഗോ ഏജൻസികൾക്ക് ഏറ്റവും തിരക്കേറിയ സമയം. പത്തും പന്ത്രണ്ടും ക്ലാസുകളിൽ പഠനം കഴിഞ്ഞ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നവരും, വേനലവധിക്ക് മുന്നോടിയായി ഗൃഹോപകരണങ്ങൾ അടക്കമുള്ള വീട്ടു സാധനങ്ങൾ നാട്ടിലേക്ക് അയക്കുന്നവരുടെയും തിരക്കാണ് ഈ സമയത്തെ സവിശേഷത.

എന്നാൽ, ഈ വർഷം 'ഈത്തപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്' എന്ന പഴഞ്ചൊല്ല് പോലെയാണ് കാർഗോ ഏജൻസികളുടെ അവസ്ഥ. സീസൺ തുടങ്ങിയപ്പോൾ തന്നെ കൊച്ചിയിൽ നിന്നുള്ള ചരക്ക് നീക്കം വളരെ സാവധാനത്തിൽ ആയിരിക്കുകയാണ്. ഇത് കാരണം പ്രവാസികൾ അയക്കുന്ന ചരക്കുകൾ യഥാസമയം ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. ബഹ്‌റൈനിലെ നിരവധി കാർഗോ ഓഫിസുകളിൽ നിന്ന് അയച്ച ടൺ കണക്കിന് ചരക്കുകൾ കൊച്ചിയിലെ ഉദ്യോഗസ്‌ഥരുടെ പിടിപ്പുകേട് മൂലം യഥാസമയം ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയാതെ കാർഗോ ഏജൻസികൾ പ്രയാസപ്പെടുന്നു.

കൂടുതലും സാധാരണക്കാരായ പ്രവാസികളാണ് തുച്ഛമായ നിരക്കിൽ ഷിപ്പ് കാർഗോകൾ അയക്കുന്നത്. ദീർഘകാലമായി പ്രവാസ ലോകത്ത് ഉപയോഗിക്കുന്ന ടിവികൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയവയാണ് ഇങ്ങനെ അയക്കുന്ന ചരക്കുകളിൽ കൂടുതലും ഉണ്ടാവുക. സാധാരണ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ഡോർ ഡെലിവറി നടത്തുന്ന ചരക്കുകൾ മുതൽ ഉപഭോക്താവിന് നേരിട്ട് കൊണ്ടുപോകാൻ കഴിയുന്ന ടിആർപി രീതിയിൽ വരെ ഇപ്പോൾ ഇത്തരത്തിൽ കാർഗോ മുഖേന അയക്കാറുണ്ട്.

cargo-clearance-delayed-kochi-port-bahrain-agency-trouble
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

രാവിലെ എത്തുന്ന ബാഗേജുകൾ ഉച്ചയോടെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകാവുന്ന രീതിയിലാണ് പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പത്തിൽ താഴെ ബാഗേജുകൾ മാത്രമാണ് പരിശോധിക്കുന്നതെന്നും അത് കൊണ്ട് തന്നെ ചരക്കുകൾ കെട്ടിക്കിടക്കുന്ന ദിവസങ്ങൾക്ക് ഡെമറേജ് ചാർജ് കാർഗോ കമ്പനികൾ അധികമായി നൽകേണ്ടി വരുന്നതായും കാർഗോ ഉടമകൾ പറയുന്നു. ഈ പണം വീണ്ടും പ്രവാസികളുടെ കയ്യിൽ നിന്ന് ഈടാക്കേണ്ടി വരും. അതോടെ തങ്ങളെ വിശ്വസിച്ച് സാധനങ്ങൾ അയക്കുന്നവർ കാർഗോ ഓഫിസുകളിൽ വന്ന് ബഹളം വയ്ക്കുകയാണെന്ന് കാർഗോ ഏജൻസി ഓഫിസിൽ നിന്ന് പറയുന്നു. ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പും ചില രാഷ്ട്രീയ നീക്കങ്ങളും കൂടിയാണ് ഇത്തരത്തിൽ മെല്ലെപ്പോക്ക് നയത്തിന് കാരണമെന്നും അണിയറ സംസാരമുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലെങ്കിലും കണ്ടെയ്‌നർ നീക്കം വേഗത്തിൽ ആകുമെന്നുള്ള പ്രതീക്ഷയിലാണ് ബഹ്‌റൈനിലെ കാർഗോ കമ്പനികൾ.

English Summary:

Cargo Clearance is Delayed at Kochi Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com