ADVERTISEMENT

ദുബായ് ∙ ഇന്ത്യയിൽ നിന്ന് സിനിമ, ക്രിക്കറ്റ് സൂപ്പർ താരങ്ങളും മറ്റു സെലിബ്രിറ്റികളും ദുബായിലെത്തിയാൽ ഒരാളുടെ മുന്നിൽ തലകുനിക്കാതെ പോകാറില്ല. അത് മറ്റാരുമല്ല, സാക്ഷാൽ ഡാനിഷ് ഹനീഫ്. ആരാണ് ഇത്രയും വലിയ വ്യക്തി എന്നായിരിക്കും നിങ്ങളുടെ സംശയം; ദുബായിലെ അറിയപ്പെടുന്ന ഹെയർ സ്റ്റൈലിസ്റ്റാണ് ഈ ഡൽഹിക്കാരൻ.

ഹൃത്വിക് റോഷൻ, സഞ്ജയ് ദത്ത് മുതൽ നമ്മുടെ നിവിൻ പോളി വരെ ഡാനിഷിന്റെ കരാമയിലെ സലൂണിലാണ്  മുടി വെട്ടുന്നത്. മറ്റു താരങ്ങളായ അർജുൻ കപൂർ, ഷാഹിദ് കപൂർ, രൺവീർ സിങ്, ക്രിക്കറ്റ് രംഗത്ത് നിന്ന് ഹർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, കെ.എൽ.രാഹുൽ, വീരേന്ദൻ സെവാഗ്, ശുഭ് മാൻ ഗിൽ, പാക്കിസ്ഥാനി ഗായകരായ ആതിഫ് അസ്‌ലം, ഷഫ്ഖത് അമാനത് അലി ഖാൻ തുടങ്ങിയവരെല്ലാം സ്ഥിരം സന്ദർശകർ.

∙ 150 ദിർഹം മുതൽ 1500 ദിർഹം വരെ
മറ്റു സലൂണുകളെ അപേക്ഷിച്ച് ഇത്തിരി ചെലവേറിയ വെട്ടലാണ് ഡാനിഷിന്റേത്. മുടി മുറിക്കാൻ മാത്രം പതിവുകാർക്ക് 150 ദിർഹമാണ് നിരക്ക്. എന്നാൽ ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ബിസിനസ്, വിഐപി ഉപയോക്താക്കളോട് ഇതിന് 1500 ദിർഹം   വാങ്ങിക്കും.  ഇവരാരൊക്കെയാണെന്ന് വെളിപ്പെടുത്താൻ പറ്റില്ലെന്നാണ് ഈ യുവാവിന്റെ നിലപാട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ ഹെയർ സ്റ്റൈലിസ്റ്റായ ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ നിരക്ക് വാങ്ങിക്കുന്നതെന്നാണ് പുറമേ അറിയപ്പെടുന്നത്. സൂപ്പർ താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റ് ആയതുകൊണ്ടുമാത്രമല്ല, കഠിനാധ്വാനവും ആത്മാർഥമായ പ്രയത്നവുമാണ് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് ഡാനിഷ് പറയുന്നു.

dubai-hairstylist-danish-hanif-who-grooms-bollywood-actors-and-top-indian-cricket-stars1
ദുബായിലെ അറിയപ്പെടുന്ന ഹെയർ സ്റ്റൈലിസ്റ്റാണ് ഈ ഡൽഹിക്കാരൻ

∙ പിതാവിൽ നിന്ന് സ്വന്തമാക്കിയ ജോലി
ഡാനിഷിന്റെ പിതാവ് ഡൽഹിയിലെ അറിയപ്പെടുന്ന ബാർബറായിരുന്നു. ഇദ്ദേഹത്തെ കണ്ട് പഠിച്ചാണ് ഈ മേഖലയിലേക്ക് എത്തിയത്. ഡൽഹിയിലെ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബിന്റെ ശിഷ്യനുമായിരുന്നു. ഇവിടെ നിന്നാണ് കരിയറിനൊരു രൂപം ഉണ്ടാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. പിന്നീട് ബോളിവുഡ് താരങ്ങളുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹകിമിനെക്കുറിച്ച് കേൾക്കുകയും ഡൽഹിയിൽ നിന്ന് 2007ൽ മുംബൈയിലേക്കു കുടിയേറുകയും വൈകാതെ ആലിമിനോടൊപ്പം ജോലി ആരംഭിക്കുകയും ചെയ്തു.

dubai-hairstylist-danish-hanif-who-grooms-bollywood-actors-and-top-indian-cricket-stars3
ഡൽഹിയിലെ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബിൻ്റെ ശിഷ്യനായിരുന്നു

∙ ആദ്യം ഹെയർ സ്റ്റൈൽ ചെയ്തുകൊടുത്തത് ഹൃത്വിക് റോഷന്
ബോളിവുഡ് നടൻ ഹൃത്വിക് റോഷനാണ് ഡാനിഷ് ആദ്യമായി ഹെയർ സ്റ്റൈൽ ഒരുക്കിയത്. ഗുസാരിഷ് എന്ന ചിത്രത്തിന്റെ നിർമാണവേളയിലായിരുന്നു അത്. 2010ൽ പ്രവർത്തനമേഖല ദുബായിലേയ്ക്ക് മാറി, 2016ൽ കരാമയിൽ സ്വന്തമായി സ്ഥാപനവും ആരംഭിച്ചു. ദുബായിൽ സിനിമാ ചിത്രീകരണത്തിന് എത്തുന്ന താരങ്ങളൊക്കെ ഡാനിഷിന്റെ അരികിലെത്തും. 2500 ദിർഹം മാത്രമായിരുന്നു പ്രതിമാസ ശമ്പളം. ഇന്ന് 45,000 ദിർഹത്തോളം ഒരു മാസം സമ്പാദിക്കുന്നു. യുഎഇയിൽ വിവിധയിടത്തായി നാല് സലൂണുകളാണ് നിലവിലുള്ളത്. ഇവിടെ 28 പേര്‍ ജോലി ചെയ്യുന്നു. ഓരോരുത്തരും പ്രതിമാസം 5,000 ദിർഹത്തിലേറെ സമ്പാദിക്കുന്നുണ്ട്.

English Summary:

Dubai Hairstylist Danish Hanif who Grooms Bollywood Actors and Top Indian Cricket Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com