ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് 'അൽ കൽമ'
Mail This Article
അബുദാബി ∙ ആരോഗ്യ സംരംക്ഷണത്തിന് ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക മധ്യപൂർവദേശത്ത് നടപ്പാക്കാൻ ബുർജീൽ ഹോൾഡിങ്‌സ്. കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ കെരൽറ്റിയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചു.. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിക്കുന്ന മൂല്യാധിഷ്ഠിത ആരോഗ്യ മാതൃകയാണ് നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് 'അൽ കൽമ' എന്നാണ് പേര്.
ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കുന്ന അൽ കൽമ സൗദിയിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം വടക്കൻ ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.
സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു. കൊളംബിയയും യുഎഇയും തമ്മിലുള്ള സജീവ സഹകരണത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ സംയുക്ത ആരോഗ്യ സംരംഭം.