ഖത്തറിൽ ചൂട് കനത്തു തുടങ്ങി; രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം
Mail This Article
ദോഹ ∙ ചൂട് കനത്തു തുടങ്ങി. ആരോഗ്യ കാര്യത്തില്‍ അല്പം കൂടുതല്‍ കരുതലും ശ്രദ്ധയും വേണ്ട സമയാണിത്. വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മറക്കേണ്ട.
പനി, ചുമ, തൊണ്ട വേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, മൂത്രാശയ കല്ല്, അലര്‍ജി എന്നിവയാണ് വേനല്‍ക്കാലത്ത് പൊതുവായി കാണപ്പെടുന്ന രോഗങ്ങള്‍. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവര്‍ വേനല്‍ക്കാലത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. രോഗ ലക്ഷണങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ യഥാസമയം മുന്‍കരുതലുകള്‍ സ്വീകരിക്കണം.
∙ വെള്ളം കുടിക്ക് ഗുണങ്ങളേറെ
വേനല്‍ക്കാല രോഗങ്ങളില്‍ നിന്നുള്ള മികച്ച പ്രതിരോധ മാര്‍ഗമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ധാരാളം വെള്ളം കുടിക്കണമെന്നാണ്. ശുദ്ധമായ വെള്ളം തന്നെ കുടിക്കാം. ഒരു ദിവസം കുറഞ്ഞത് രണ്ടര ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ വേനല്‍ക്കാലത്ത് പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്നമായ മൂത്രാശയ കല്ല് ഒഴിവാക്കാം.
വെള്ളം കുടിക്കാതിരിക്കുന്നതും കാലാവസ്ഥാ മാറ്റവും സമയം തെറ്റിയുള്ള ആഹാരക്രമവുമാണ് മൂത്രാശയത്തിലെ കല്ലിന് കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ വിയര്‍ക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയും. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രത്തില്‍ കല്ലിന് കാരണമാണ്. വെള്ളം കുടി ശീലമാക്കിയാല്‍ മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നതും തടയാം. ചെറിയ വയറു വേദന അനുഭവപ്പെടുമ്പോള്‍ തന്നെ ചികിത്സ തേടണം. ചികിത്സ വൈകുന്നത് രോഗത്തിന്റെ കാഠിന്യം കൂട്ടും.
∙ കണ്ണിനും വേണം ശ്രദ്ധ
വേനല്‍ക്കാലത്ത് ചെങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിലും കാര്യമായ ശ്രദ്ധ വേണം. ചൂട് കൂടുമ്പോള്‍ കണ്ണിനുള്ളിലെ നേര്‍ത്തപടലത്തില്‍ നീര്‍വീക്കവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. രാവിലെയും വൈകിട്ടും കണ്ണ് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധജലമോ ഉപയോഗിച്ച് വേണം കഴുകാന്‍. അസ്വസ്ഥത തോന്നിയാല്‍ വേഗം കണ്ണ് ശുദ്ധജലത്തില്‍ കഴുകണം. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
∙ ഒന്നും അമിതമായി വേണ്ട
വേനല്‍ചൂടില്‍ നിന്ന് ആശ്വാസം നേടാന്‍ പഴങ്ങളും പഴച്ചാറുകളും നിയന്ത്രണമില്ലാതെ കഴിക്കുന്നവരാണ് മിക്കവരും. പഴവര്‍ഗങ്ങള്‍ കഴിക്കണം, പക്ഷേ ആവശ്യത്തിന് മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പഴങ്ങള്‍ മാത്രമല്ല ഇറച്ചി അധികം കഴിക്കുന്നതും നിയന്ത്രിക്കണം. ഇവയുടെ അമിതമായ ഉപയോഗം യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന് കാരണമാകും. യൂറിക് ആസിഡ് മൂത്രത്തില്‍ കല്ലിനും കാരണമാകും. ശീതള പാനീയങ്ങളുടെയും ജ്യൂസിന്റെയും അളവ് കുറച്ച് പകരം പരമാവധി ശുദ്ധജലം കുടിക്കണം. ചൂടുകാലത്ത് ഭക്ഷണക്രമവും ആരോഗ്യകരമാകണം. പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം.
∙ സ്വയം ചികിത്സ ഒഴിവാക്കാം
ജോലിതിരക്കും ആശുപത്രിയില്‍ പോകാനുള്ള മടിയും കാരണം വേനല്‍ക്കാല രോഗങ്ങളെ വേദനസംഹാരികള്‍ കൊണ്ട് നേരിടുന്നവരാണ് മിക്ക പ്രവാസികളും. തലവേദനയും ക്ഷീണവും അനുഭവപ്പെട്ടാല്‍ വേദനസംഹാരികളെ ആശ്രയിക്കുന്നവരാണ് ഏറെ പേരും. ഇത്തരം സ്വയം ചികിത്സ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കാറുണ്ട്. ചെറിയ അസ്വസ്ഥതകള്‍ വന്നാല്‍ പോലും മടി കാട്ടാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് ഉത്തമം.
∙ വസ്ത്രധാരണത്തിലും ശ്രദ്ധ ആകാം
വേനല്‍ക്കാലത്ത് ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കടുത്ത നിറങ്ങളും വേണ്ട. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ തന്നെയാണ് ശരീരത്തിന് സംരക്ഷണം ഉറപ്പാക്കുന്നത്. ഇറുകിയ വസ്ത്രങ്ങള്‍ അലര്‍ജിക്കും കാരണമാകും. പൊടിക്കാറ്റ് ഉള്ളപ്പോള്‍ മാസ്ക് അല്ലെങ്കില്‍ തുണി ഉപയോഗിച്ച് മുഖവും ചെവിയുമെല്ലാം മൂടി വേണം പുറത്തിറങ്ങാന്‍.
∙ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
പകല്‍ സമയത്ത് വീടിന് പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. ഉച്ചവെയിലില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ അനുവദിക്കരുത്. ചര്‍മ രോഗങ്ങള്‍ ഒഴിവാക്കാന്‍ മോയ്സ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കാം. വീട്ടിനുള്ളില്‍ പൊടി കയറാതെ ശ്രദ്ധിച്ചാല്‍ അലര്‍ജി ഒഴിവാക്കാം.