ബഹ്‌റൈനിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കയ്യടി നേടി മലയാളി മുത്തശ്ശി
Mail This Article
മനാമ ∙ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കുമൊന്നും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു റിട്ടയേർഡ് ഉദ്യോഗസ്‌ഥ. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹനന്റെ ഭാര്യ പ്രസന്നാ ചന്ദ്രമോഹനാണ് വൈകിയ വേളയിലും തന്റെ ഭരതനാട്യ അരങ്ങേറ്റം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
പൂനയിൽ ദീർഘകാലം സർക്കാർ സർവീസിലായിരുന്ന ഇവർ മൂന്ന് വർഷം മുൻപാണ് റിട്ടയർമെന്റിനു ശേഷം ഭർത്താവിനോടൊപ്പം ബഹ്റൈനിലേക്ക് മാറിയത്. ബഹ്‌റൈനിലെത്തിയതോടെ ഒഴിവു സമയങ്ങൾ ഇഷ്ടം പോലെ. അപ്പോഴാണ് പണ്ട് മനസ്സിൽ താലോലിച്ച നൃത്തം എന്ന സ്വപ്നം വീണ്ടും പൊട്ടിമുളച്ചത്. ഇക്കാര്യം കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. ഭർത്താവും മക്കളും മരുമക്കളും പേരക്കുട്ടിയും അടക്കം എല്ലാവരും പൂർണ്ണ പിന്തുണ. ബഹ്‌റൈനിൽ വളരെക്കാലമായി നിരവധി നൃത്ത വിദ്യാർഥികൾക്ക് ഗുരുവായിട്ടുള്ള ഷീന ചന്ദ്രദാസിന്റെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു. ഷീനയുടെ നൃത്ത വിദ്യാലയത്തിൽ 45 വയസ്സുകാരിയായ ഷൈനാ അബ്ദുൽ ഹക്കിം പരിശീലനം നേടുന്നുണ്ടായിരുന്നു. അവർക്കൊപ്പം പ്രസന്നയും കൂടി ചേർന്നപ്പോൾ മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം ഇത്തവണത്തെ അരങ്ങേറ്റത്തിനുള്ള കുട്ടികൾക്കൊപ്പം ഇവരെ രണ്ടു പേരെയും വേദിയിൽ അവതരിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
മക്കൾ നൃത്തപരിശീലനം ആരംഭിച്ചതോടെയാണ് ഷൈന നൃത്തം പഠിക്കാൻ തീരുമാനിച്ചത്. പ്രസന്ന കൂടി ടീമിൽ ചേർന്നതോടെ മക്കൾക്കും പേരക്കുട്ടികളോളം പ്രായമുള്ള 'കൂട്ടുകാരികൾ 'ക്കൊപ്പമായി പിന്നെ പരിശീലനം. അരങ്ങേറ്റ ദിവസം തീരുമാനിച്ചത് മുതൽ പിന്നെ പരിശീലത്തിന് ഒരു കുറവും വരുത്താതെ രണ്ടു വിദ്യാർഥികളും നന്നായി പരിശ്രമിച്ചിരുന്നു എന്ന് അധ്യാപിക ഷീന ചന്ദ്രദാസ് പറഞ്ഞു.
പേരക്കുട്ടികളുടെ പ്രായമുള്ള 12 വിദ്യാർഥികൾക്കൊപ്പം ഇന്ത്യൻ ക്ലബിൽ പ്രസന്നാ ചന്ദ്രമോഹനും ഷൈനയും നിറഞ്ഞാടിയപ്പോൾ നിറഞ്ഞ സദസ്സിന് അത് നവ്യാനുഭവമായി. ഭർത്താവും മകളും 12 വയസ്സുകാരിയായ പേരമകൾക്കും ഒപ്പമാണ് പ്രസന്ന അരങ്ങേറ്റം കുറിക്കാൻ എത്തിച്ചേർന്നത്. അരങ്ങേറ്റം കഴിഞ്ഞുവെങ്കിലും നൃത്തപഠനം തുടരുവാൻ തന്നെയാണ് ഈ രണ്ടു കലാകാരികളുടെയും തീരുമാനം.