ലൈസൻസില്ലാതെ ഓൺലൈൻ ഖുർആൻ ക്ലാസ് പാടില്ല
Mail This Article
അബുദാബി ∙ ലൈസൻസില്ലാതെ ഓൺലൈൻ ആയി ഖുർആൻ പഠിപ്പിക്കുന്നത് യുഎഇ നിരോധിച്ചു. അധികാരികളിൽനിന്ന് ആവശ്യമായ ലൈസൻസില്ലാതെ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനോ ഓൺലൈൻ ക്ലാസ് നടത്താനോ പാടില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്സ് അറിയിച്ചു. യുവതലമുറയ്ക്ക് കൃത്യവും സുതാര്യവുമായ മതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മതവിദ്യാഭ്യാസത്തിൽ മതിയായ യോഗ്യതയില്ലാത്തവർ ഓൺലൈൻ ക്ലാസ് നടത്തിയാൽ വിശുദ്ധ ഗ്രന്ഥത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലേക്കും തെറ്റിദ്ധാരണകളിലേക്കും നയിച്ചേക്കാം. അംഗീകൃതമല്ലാത്ത കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
രണ്ടു മാസം തടവ്, 50,000 ദിർഹം പിഴ
നിയമം ലംഘിച്ച് ഓൺലൈൻ ഖുർആൻ ക്ലാസുകൾ നടത്തുന്നവർക്ക് 2 മാസം തടവോ 50,000 ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.
യോഗ്യതയും മാന്യതയും
അംഗീകൃത കേന്ദ്രത്തിൽനിന്ന് യോഗ്യത നേടിയ 21 വയസ്സിനു മുകളിലുള്ളവർക്ക് യുഎഇയിൽനിന്ന് പ്രത്യേക ലൈസൻസ് എടുത്ത് ഖുർആൻ പഠിപ്പിക്കാം. അതോറിറ്റി നടത്തുന്ന ടെസ്റ്റിലും അഭിമുഖത്തിലും വിജയിക്കണം. മാന്യമായി പെരുമാറുന്നവരാകണം. കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാകരുത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ് വേണം.