ADVERTISEMENT

റിയാദ് ∙ ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് സന്നദ്ധരായി ലുലു  ഗ്രൂപ്പ്. ബ്രസീല്‍ വൈസ് പ്രസിഡന്‍റിന്‍റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആൻഡ് ഇന്‍വെസ്റ്റ്‌മെന്‍റ് പ്രമോഷന്‍ ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് തലവന്മാരും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ബ്രസീലിയന്‍ ഉല്‍പന്നങ്ങളുടെ സൗദി വിപണി ശക്തമാക്കുകയെന്ന വിശാലലക്ഷ്യ പൂർത്തീകരണത്തിനായി ലുലു ശൃംഖലകള്‍ പ്രയോജനപ്പെടുത്തും. ബ്രസീല്‍ വൈസ് പ്രസിഡന്‍റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിൽ അപെക്‌സ് ബ്രസീൽ പ്രസിഡന്‍റ് ജോര്‍ജ് നെയ് വിയാന മാസിഡോ നെവസ്, ലുലു  സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സൗദി അറേബ്യയുമായുള്ള ബ്രസീലിന്‍റെ വ്യാപാരപങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസ് ശൃംഖല വിപുലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ചരിത്രപ്രധാനമായ സന്ദര്‍ശനമാണ് ബ്രസീലിയന്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിമാരും വ്യവസായ പ്രമുഖരും സൗദി തലസ്ഥാനത്ത് നടത്തിയത്. ബ്രസീലിന്‍റെ പുതിയ ചില വ്യവസായമേഖലകളിലേക്ക് കൂടി പുതുജാലകം തുറക്കുന്നതിന്‍റെ മുന്നോടിയായാണ് ഈ പര്യടനം വിലിരുത്തപ്പെടുന്നത്. 

കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ബ്രസീലിയന്‍ സഹകരണം ഉറപ്പ് വരുത്തുന്ന സന്ദര്‍ശനത്തില്‍ അരി, ചോളം, സോയാ ബീന്‍, കരിമ്പ്, പൊട്ടാറ്റോ, ധാന്യം, തക്കാളി, തണ്ണിമത്തന്‍, ഉള്ളി തുടങ്ങിയ വിഭവങ്ങള്‍ക്കു പുറമേ പ്രസിദ്ധമായ ബ്രസീലിയന്‍ മാംസ ഉൽപന്നങ്ങൾ  എന്നിവയുടെ വിപണിയും സൗദിയില്‍ വിപുലമാക്കുന്നതിന് ലുലു സഹകരണം ഉറപ്പുവരുത്തുന്നതാണ് പുതിയ കരാര്‍.

സൗദി - ബ്രസീല്‍ വ്യാപാര പങ്കാളിത്തത്തിന് ഉപോദ്ബലകമായ വിധത്തില്‍ ശക്തമായൊരു വാണിജ്യ പങ്കാളി  എന്ന നിലയില്‍ ഇതിനെ  ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഇത്തരത്തിൽ കരാർ ഒപ്പുവച്ച സ്വകാര്യമേഖലയിലുള്ള ഏക സ്ഥാപനമാണ് ലുലു എന്നത് അഭിമാനകരമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിയിട്ടുള്ള ബ്രസീലിയന്‍ മാംസ- പച്ചക്കറി- പഴം ഉല്‍പന്നങ്ങളുടെ വിപണി  വലുതാക്കുന്നതിനും ബ്രസീലിയന്‍ ഉല്‍പന്നങ്ങള്‍ സൗദി മാർക്കറ്റിൽ കൂടുതലായി എത്തുന്നതുമായി ബന്ധപ്പെട്ട  മെച്ചപ്പെട്ട ഭക്ഷ്യ - ഗതാഗത സാങ്കേതിക വിദ്യ  എന്നിവ ഉപയോഗിച്ച് പുതിയൊരു ഉപഭോക്തൃസംസ്‌കാരം രൂപപ്പെടുത്തുന്നതിനും വരുംമാസങ്ങളില്‍ ലുലു പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും ഷെഹീം മുഹമ്മദ് കൂട്ടിച്ചേർത്തു.

English Summary:

Lulu Group Willing to Strengthen Saudi Arabia's Trade Partnership with Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com