അനധികൃത യാത്രാ സേവനങ്ങൾ തടയാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
Mail This Article
ദുബായ് ∙ കള്ളടാക്സികളടക്കമുള്ള അനധികൃത യാത്രാ സേവനങ്ങൾ തടയാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച ക്യാംപെയിനിൽ 225 വാഹനങ്ങൾ കണ്ടുകെട്ടി. യാത്രക്കാരെ അനധികൃതമായി കടത്താൻ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് പ്രചാരണം. കോർപറേറ്റ് നിയമലംഘകർക്ക് 50,000 ദിർഹവും വ്യക്തികൾക്ക് 30,000 ദിർഹവും വരെ പിഴയാണ് ചുമത്തുക. ലൈസൻസില്ലാത്ത ഗതാഗതവും അനുബന്ധ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് ആർടിഎ അടുത്തിടെ ഒട്ടേറെ പരിശോധനകൾ നടത്തിവരുന്നു.
ദുബായ് പൊലീസ്, എയർപോർട്ട് സെക്യൂരിറ്റി, എമിറേറ്റ്‌സ് പാർക്കിങ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. 220 ലേറെ വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തതായി ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സയീദ് അൽ ബലൂഷി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധമായ ഗതാഗതം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ക്യാംപെയ്ൻ.
∙ കൂടുതൽ 'കള്ളടാക്സി'കൾ വിമാനത്താവളങ്ങളിൽ
അനധികൃത ഗതാഗതം ഏറ്റവും കൂടുതൽ നടക്കുന്ന മേഖലകൾ വിമാനത്താവളങ്ങളാണ്. പരിശോധനയ്ക്കിടെ ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ 1, 2, 3 എന്നിവിടങ്ങളിൽ 90 വാഹനങ്ങളെങ്കിലും പിടിച്ചെടുത്തു. അനധികൃത യാത്രാ സംവിധാനങ്ങൾക്ക് പേരുകേട്ട ജബൽ അലിയുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് 49 വാഹനങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങളിലെ തൊഴിലാളികൾ ആണ് ഇത്തരം വാഹനങ്ങൾ കൂടുതലും ഉപയോഗിക്കുന്നത്. ആളുകൾക്ക് സുരക്ഷിതമല്ലാത്തതിനാൽ ഇത്തരം നിയമവിരുദ്ധ ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിച്ചു. യുഎഇ നിവാസികളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ആർടിഎ സംഘങ്ങൾ ദുബായിൽ എല്ലായിടത്തും പതിവായി പരിശോധന നടത്താറുണ്ട്.