വീട്ടിലേക്കുള്ള തിടുക്കത്തിലും ത്രില്ലിലും എയർപോർട്ടിൽനിന്ന് പെട്ടി മാറിയെടുത്ത് ഓടല്ലേ; പൊല്ലാപ്പുകൾ പിന്നാലെ!
Mail This Article
വിമാന യാത്രകളിൽ ലഗേജുകളുടെ പ്രയാണം പലപ്പോഴും അതിശയിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിനു യാത്രക്കാർ വന്നു പോകുന്ന വിമാനത്താവളത്തിൽ നമ്മുടെ ലഗേജ് എങ്ങനെ കൃത്യമായി നമ്മുടെ തന്നെ കൈകളിൽ എത്തുന്നു? ഒരേ നിറത്തിലുള്ള പെട്ടികൾ, ഒരേ കമ്പനിയുടെ പെട്ടികൾ, ഒരേ രൂപത്തിലുള്ള പെട്ടികൾ, എന്നിട്ടും അവയോരോന്നും ഉടമസ്ഥരിലെത്തുന്നു. പെട്ടികളോടുള്ള നമ്മുടെ ആത്മബന്ധമാണ് അതിനൊരു കാരണമായി തോന്നുന്നത്. ഒരേ കമ്പനിയുടെ ഒരേ വലിപ്പത്തിലും നിറത്തിലുമുള്ള പെട്ടിയാണെങ്കിലും നമ്മുടെ പെട്ടി കണ്ടാൽ നമുക്കറിയാം. ചില പെട്ടികൾ നമ്മെ തോന്നിപ്പിക്കും, എങ്കിലും പൊടുന്നനെ നമ്മൾ യാഥാർഥ്യം തിരിച്ചറിയും.
കൺവെയർ ബെൽറ്റിന് ചുറ്റുമുള്ള കാഴ്ചകൾക്ക് ഒരു കൗതുകമുണ്ട്. എല്ലാ കണ്ണുകളും ഒഴുകി വരുന്ന പെട്ടികളിലേക്കാണ്. യാത്രാക്ഷീണം, ഉറക്കച്ചടവ്, വീട്ടിൽ എത്താനുള്ള തിടുക്കം, അങ്ങനെ സമ്മിശ്ര വികാരങ്ങളുമായാണ് പലരും പെട്ടിക്കായി കാത്തിരിക്കുന്നത്. അപ്പോൾ എന്തെല്ലാം വികാരങ്ങളാകും മനസ്സിലൂടെ പോവുക. ആ പെട്ടിയിൽ എന്തെല്ലാമായിരിക്കും ഉണ്ടാവുക. അതൊക്കെ വാങ്ങി നിറയ്ക്കാൻ ഒരു പ്രവാസി അവരുടെ എന്തെല്ലാം ഇഷ്ടങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടാകും. ആ പെട്ടി വീട്ടിൽ എത്തി പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദ ആരവങ്ങൾ വരെ ആ നിമിഷം ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും.
സ്വന്തം പേര്, വട്ടപ്പേര്, നാട്ടുവിശേഷങ്ങൾ, തിരികെ പോകുന്നതിന്റെ ഡേറ്റ്, എന്തിനാണ് വന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം അങ്ങനെ പലതും പെട്ടിയിൽ എഴുതി വിടുന്ന വിരുതന്മാരുമുണ്ട്. പെട്ടി എത്ര ദൂരെ നിന്നു കണ്ടാലും തിരിച്ചറിയാൻ റിബൺ കെട്ടിയും സ്റ്റിക്കർ ഒട്ടിച്ചും സ്വന്തം കലാഹൃദയം മറ്റുള്ളവർക്കു മുന്നിൽ അനാവരണം ചെയ്യുന്നവരുമുണ്ട്. കയറ്റി വിട്ട പെട്ടികളൊക്കെ കയ്യിൽ കിട്ടുമ്പോഴുള്ള സുഖമുണ്ടല്ലോ?
അത്രത്തോളം അസുഖകരമാണ് പെട്ടികളൊന്നെങ്കിലും കാണാതാവുമ്പോൾ. പെട്ടികളൊക്കെ കിട്ടി ആളുകളൊക്കെ ഒഴിയുമ്പോൾ കൺവെയർ ബെൽറ്റ് അനാഥമായി കിടക്കും. കറക്കം നിലയ്ക്കും. അപ്പോഴും പ്രതീക്ഷയോടെ ആരെങ്കിലും ആ ബെൽറ്റിന് സമീപം നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളു അവരുടെ ലഗേജ് മിസ്സായി. നമ്മുടെ പെട്ടി പോലൊന്ന് ബെൽറ്റിൽ അനാഥമായി കിടപ്പുണ്ടെങ്കിൽ ഓർത്തോളൂ, നമ്മുടെ പെട്ടിയുമായി മറ്റൊരാൾ പോയി. അതേസമയം, നമ്മുടെ പെട്ടി വന്നിട്ടേയില്ലെങ്കിൽ അത് വിമാനം കയറിയിട്ടുണ്ടാവില്ലെന്ന് അനുമാനിക്കാം. കഴിഞ്ഞ ദിവസം അങ്ങനെയൊന്നുണ്ടായി. നമ്മുടെ പെട്ടി പോലൊന്ന് ആരും ഏറ്റെടുക്കാനില്ലാതെ ബെൽറ്റിൽ കിടന്നു കറങ്ങുന്നു. അതായത് നമ്മുടെ പെട്ടി മറ്റാരുടെയോ കൂടെ വണ്ടി കയറി. പെട്ടികൾ തമ്മിൽ എത്ര സാമ്യമുണ്ടെങ്കിലും അതിലെ ടാഗ് ആണ് പെട്ടി നമ്മുടേത് തന്നെയെന്ന് ഉറപ്പിക്കുന്നത്. അനാഥ പെട്ടിയിലെ ടാഗ് പലതവണ വായിച്ചു നോക്കി അത് സ്വന്തമല്ലെന്ന് ഉറപ്പാക്കി. വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തിൽ പരാതി നൽകിയപ്പോൾ അവർ അനാഥ പെട്ടിയുടെ ബാർ കോഡ് സ്കാൻ ചെയ്ത് ഉടമയെ കണ്ടെത്തി വിവരം അറിയിച്ചു. പോയതിലും വേഗത്തിൽ അവർ മടങ്ങിയെത്തി പെട്ടി കൈമാറി സ്വന്തം പെട്ടിയുമായി വീണ്ടും മടങ്ങി. അവർ തിരിച്ചെത്തും മുൻപ് പെട്ടിയുടെ യഥാർഥ ഉടമ വീട്ടിൽ പോയി എന്നു കരുതുക. അങ്ങനെയെങ്കിൽ എന്തു സംഭവിക്കും? മാറിയെടുത്ത പെട്ടി യഥാർഥ ഉടമയുടെ വീട്ടിൽ നമ്മൾ തന്നെ എത്തിക്കണം. പെട്ടി തിരികെ കിട്ടിയെന്ന് സാക്ഷ്യപ്പെടുത്തി ഉടമ ഒപ്പിട്ടു കടലാസ് നൽകും. ആ കടലാസുമായി വീണ്ടും വിമാനത്താവളത്തിൽ എത്തണം. അപ്പോൾ മാത്രമേ നമ്മുടെ പെട്ടി നമുക്കു കിട്ടൂ. വീട്ടിലേക്കുള്ള തിടുക്കവും ത്രില്ലുമൊക്കെ നല്ലതാണ്, പക്ഷേ, പെട്ടിയുംകൊണ്ട് ഓടും മുൻപ് ഒരിക്കൽ കൂടി ടാഗ് നോക്കി ഉറപ്പാക്കുക, നമ്മുടെ സ്വന്തം പെട്ടി തന്നെ അല്ലേയെന്ന്. അല്ലെങ്കിൽ സമയനഷ്ടം, പിഴ അങ്ങനെ പൊല്ലാപ്പുകൾ പിന്നാലെ കൂടും.