ADVERTISEMENT

ദുബായ്  ∙ സന്ദർശക വീസക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ യുഎഇയിൽ കർശന നിയമം തുടരുന്നു. ഇതോടെ ജോലി തേടിയും മറ്റുമുള്ള യുവതീയുവാക്കളുടെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായിരുന്നു യുഎഇയിലേക്ക് ഏറ്റവും കൂടുതൽപേർ തൊഴിൽത്തേടി സന്ദർശക വീസയിലെത്തിയിരുന്നത്. ഇന്ത്യയിൽ നിന്നെത്തുന്നത് ഏറ്റവും കൂടുതൽ മലയാളികൾ തന്നെ. സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞു തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ, ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമായതോടെ വീസ നടപടികൾ പൂർത്തിയാക്കുന്ന കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 

സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന കേസുകൾ വർധിച്ചതാണ് ദുബായ് എയർപോർട്ടുകളിൽ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അധികാരികളെ നിർബന്ധിതരാക്കിയ കാരണങ്ങളിലൊന്ന്. ഒരു സന്ദർശകനെതിരെ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ അത് ട്രാവൽ ഏജൻസികൾക്ക് സാമ്പത്തിക പ്രശ്നമുണ്ടാക്കുന്നു എന്ന് മാത്രമല്ല, സ്ഥാപനത്തിന്റെ പ്രവർത്തനം മരവിപ്പിക്കുന്നതടക്കമുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിയും വരുന്നു. കഴിഞ്ഞയാഴ്ചകളിൽ യുഎഇയിലെയും കേരളത്തിലെയും വിമാനത്താവളങ്ങളിൽ യുഎഇ സന്ദർശക വീസക്കാരുടെ മേലുള്ള നിബന്ധനകൾ കര്‍ശനമാക്കിയിരുന്നു. കുറഞ്ഞത് 3000 ദിർഹമോ തത്തുല്യമായ സംഖ്യയുടെ കറൻസിയോ, ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ, യുഎഇയിലെ താമസസൗകര്യത്തെക്കുറിച്ചുള്ള വിവരം, ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ കൂടെയാണ് താമസിക്കാനുദ്ദേശിക്കുന്നതെങ്കിലും അവരുടെ മേൽവിലാസം, എമിറേറ്റ്സ്  െഎഡിയുടെ പകർപ്പ്, സാധുവായ മടക്കടിക്കറ്റ് തുടങ്ങിയവയൊക്കെ കർശനമായി പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതിലേതെങ്കിലുമൊന്ന് ഇല്ലാത്തവരെ മടക്കിയയക്കുകയും ചെയ്തിരുന്നു. ഇൗ കർശനനിയമം തുടർന്നതോടെയാണ് ട്രാവൽ ഏജൻസികളും പുനർചിന്തനത്തിന് മുതിർന്നത്. ഇതിനകം ദുബായിലെ ഒട്ടേറെ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്തിയതിനാൽ അവർ പ്രവർത്തന വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു സന്ദർശക വീസക്കാരനെതിരെ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ അത് അവർക്ക് സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളി സൃഷ്ടിക്കുന്നു. ഓരോ ഒളിച്ചോട്ട കേസിനും ട്രാവൽ ഏജൻസികൾ  2,500 ദിർഹം പിഴയൊടുക്കേണ്ടതുണ്ട്. കൂടാതെ ഏജൻസിയുടെ വീസ ക്വാട്ട കുറയുകയും ചെയ്യും. ഇത് കാര്യക്ഷമമായി പ്രവർത്തിക്കാനും കൂടുതൽ ആളുകളെ യുഎഇയിലേക്ക് ക്ഷണിക്കാനുമുള്ള അവസരവുമാണ് നഷ്ടപ്പെടുത്തുന്നത്.

∙ 5,000 ദിർഹം വരെ അധികച്ചെലവ്
ഒരാൾ ഒളിച്ചോടിയ കേസ് ട്രാവൽ ഏജൻസിക്ക് ഫയൽ ചെയ്യണമെങ്കിൽ കുറേ കടമ്പകൾ കടക്കേണ്ടതുണ്ട്. പിഴ ലഭിച്ചതുമൂലമുള്ള സ്റ്റാറ്റസ് നീക്കം ചെയ്യാൻ സന്ദർശകർക്ക് ഏറ്റവും കുറഞ്ഞത് 2,000 ദിർഹം പിഴയും അധിക അഡ്മിനിസ്ട്രേഷൻ, എക്സിറ്റ് ഫീസും അടയ്‌ക്കുകയും വേണം. ഈ ചെലവുകൾ  സന്ദർശക വീസക്കാർക്കും ട്രാവൽ ഏജൻസികൾക്കും അമിതഭാരമായി മാറുന്നു. എല്ലാം കൂടി 2,000 മുതൽ 5,000 വരെ അധിക സാമ്പത്തികച്ചെലവ് വേണ്ടിവരുന്നത്. പലപ്പോഴും സന്ദർശക വീസക്കാരന് ഇൗ തുക നൽകാൻ സാധിക്കാറില്ലാത്തപ്പോൾ ട്രാവൽ ഏജൻസി തന്നെ നഷ്ടം സഹിക്കേണ്ടി വരുന്നു. അതുകൊണ്ട് സന്ദർശക വീസയിലെത്തുന്നവർ നിർബന്ധമായും നിയമലംഘനം മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ അഭ്യർഥിക്കുന്നു. വീസ ചട്ടങ്ങൾ പാലിക്കുകയും കൂടുതൽ സമയം താമസിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. നിയമപരമായ സങ്കീർണതകളും സാമ്പത്തിക പിഴകളും ഒഴിവാക്കാൻ ശരിയായ ആസൂത്രണവും വീസ ചട്ടങ്ങൾ പാലിക്കലും അത്യാവശ്യമാണെന്നും ട്രാവൽ ഏജൻസികള്‍ മുന്നറിയിപ്പ് നൽകുന്നു.

സന്ദർശകൻക്ക് വഴികാണിക്കുന്ന എയർപോർട് സുരക്ഷാ ഉദ്യോഗസ്ഥർ. Image Credit: Dubai Airport.
സന്ദർശകൻക്ക് വഴികാണിക്കുന്ന എയർപോർട് സുരക്ഷാ ഉദ്യോഗസ്ഥർ. Image Credit: Dubai Airport.

∙ ജോലി ലഭിക്കാതെ മടങ്ങുന്നത് ആലോചിക്കാൻ വയ്യ
വീസ ഗ്രേസ് പീരിയഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദർശന വീസക്കാർ കൂടുതൽ സമയം താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീസ കാലഹരണ തീയതിക്ക് ശേഷം തുടരാൻ 10 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഈ ഗ്രേസ് പീരിയഡ് കഴിഞ്ഞ വർഷം നീക്കം ചെയ്‌തിരുന്നു. ഇത് മനഃപൂർവമല്ലാത്ത കാലതാമസത്തിലേക്ക് നയിച്ചു. ഗ്രേസ് പീരിയഡ് ഇല്ലെന്ന് സന്ദർ‍ശക വീസക്കാരെ കൃത്യമായി അറിയിക്കാറുണ്ടെങ്കിലും പ്രശ്നങ്ങൾ തുടരുകയാണെന്നും പരാതിപ്പെടുന്നു. ജോലി അന്വേഷിച്ചെത്തുന്നവരിൽ ഭൂരിഭാഗവും നാട്ടിൽ നിന്ന് കടം വാങ്ങിയും സ്വർണം പണയം വച്ചുമായിരിക്കും വന്നിരിക്കുക. എന്നാൽ, ഇവർക്ക് ഇവിടെ ജോലി ലഭിക്കാതെ വരുമ്പോൾ തിരിച്ചുപോകാൻ വൈമനസ്യമുണ്ടാകുന്നു. ഒരു ജോലി ലഭിക്കാതെ എങ്ങനെയാണ് മടങ്ങിപ്പോവുക, അതാലോചിക്കാനേ വയ്യെന്നാണ് പലരും വിഷമം പറയുന്നതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. എന്നാൽ, അവർ ഇക്കാര്യത്തിൽ നിസ്സഹായരാണ്.

യുഎഇയിലെ ജീവിതവും വൈവിധ്യമാർന്ന ആകർഷണങ്ങളും സന്ദർശകരെ അവരുടെ താമസം നീട്ടാനും നിയമപരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ജോലി അന്വേഷണം തുടരാനും പ്രേരിപ്പിക്കുന്നു. കോവിഡിന് ശേഷമാണ് സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. എന്നാൽ ഇതിന് ആനുപാതികമായി തസ്തികകൾ നിർമിക്കപ്പെട്ടതുമില്ല. അതോടെ വളരെ പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകൾക്കൊഴികെ ജോലി ലഭിക്കുക പ്രയാസകരമായി. ബിരുദക്കാർ പോലും കഫ്റ്റീരിയകളിലും ഗ്രോസിറികളിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എൻജിനീയർമാർക്ക് പോലും പ്രവൃത്തിപരിചയമില്ലെങ്കിൽ ജോലി ലഭിക്കുക അപൂർവമാണ്. ലഭിക്കുന്നതോ വളരെ കുറഞ്ഞ ശമ്പളവും. എങ്കിലും നാട്ടിലേക്കു തിരിച്ചുപോകാനുള്ള മടി കാരണവും വീസ കാലാവധി പുതുക്കാനും താമസ സൗകര്യത്തിനും സാമ്പത്തിക പ്രയാസമുള്ളതിനാലും പലരും കുറഞ്ഞ ശമ്പളത്തിന് ചെറിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നാട്ടിൽ നിന്ന് ജോലി അന്വേഷിച്ചെത്തുന്നവർ അമിത പ്രതീക്ഷ വച്ചുപുലർത്തരുതെന്നാണ് ഇൗ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

English Summary:

UAE's visiting visa rules: Everything to know about the Grace Period, Penalty and more on UAE Visiting Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com