ADVERTISEMENT

ദുബായ് ∙ യുഎഇ ബലിപെരുന്നാള്‍ അവധിയിലേക്ക് കടക്കുകയാണ്. ജൂൺ 15 മുതൽ 18വരെയാണ് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുകയെന്നുളളതാണ് എല്ലാവരും ആലോചിക്കുന്ന  കാര്യം. വാരാന്ത്യത്തിനും അവധിക്കും ഇടയില്‍ വരുന്ന പ്രവൃത്തിദിനമുളളപ്പോള്‍ ദൈർഘ്യമേറിയ അവധിക്കാലം ആസ്വദിക്കാന്‍ ആ ദിവസം വാർഷിക അവധിക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ, അങ്ങനെയെങ്കില്‍ എല്ലാ ദിവസവും അവധിയുടെ ഭാഗമായി കണക്കാക്കുമോ. ഇത് ശരിയാണോ? എന്താണ് യുഎഇ തൊഴില്‍ നിയമം പറയുന്നത്? പൊതു അവധി ദിനങ്ങളുടെ ഇടയില്‍ വരുന്ന പ്രവൃത്തിദിനത്തിലെടുക്കുന്ന അവധിയാണ് സാധാരണയായി സാൻഡ്‌വിച്ച് ലീവ് എന്ന് അറിയപ്പെടുന്നത്.

യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28(1) - 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33, തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് - ഒരു ജീവനക്കാരന്‍റെ അവകാശം മുഴുവൻ ശമ്പളത്തോടെയും ലഭിക്കുന്നതിന് ഉറപ്പുനൽകുന്നു. വിശ്രമ ദിനങ്ങള്‍, വാർഷിക അവധികള്‍, പൊതു അവധി ദിനങ്ങള്‍ എന്നിവ നിയമത്തില്‍ വ്യക്തമായി നിർവചിക്കുന്നു. ഓരോ അവധിയും പ്രത്യേകമായി എടുക്കുന്നതിന് നിയമതടസ്സങ്ങളില്ല. വാർഷിക അവധിയെടുക്കുന്നതിന് മുന്‍പ് തൊഴിലുടമയുടെ അനുവാദം നേടിയിരിക്കണം. തൊഴില്‍ നിയമത്തിലെ ആർട്ടിക്കിള്‍ 29(4) അനുസരിച്ച് സ്ഥാപനത്തിന്‍റെ ആവശ്യകതയനുസരിച്ച് ജീവനക്കാരന്‍റെ അവധി അപേക്ഷ സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. പൊതു അവധിദിനങ്ങള്‍ക്കൊപ്പമോ, വിശ്രമ ദിനങ്ങള്‍ക്കൊപ്പമോ ചേർത്ത് വാർഷിക അവധിയെടുക്കാമോയെന്നുളളത് ചോദ്യമാണ്.

വാ‍ർഷിക അവധിയുമായി ബന്ധപ്പെട്ട് യുഎഇ തൊഴില്‍ നിയമം ആർട്ടിക്കിള്‍ 29(7) പറയുന്നത് ഇപ്രകാരം. യുഎഇ തൊഴില്‍ കരാറോ, സ്ഥാപനത്തിന്‍റെ പ്രാബല്യത്തിലുളള ചട്ടമോ പ്രകാരം, പൊതു അവധി വാർഷിക അവധിയിലാണ് വരുന്നതെങ്കില്‍ അത് വാർഷിക അവധിയായി തന്നെ കണക്കാക്കും. എന്നാല്‍ തൊഴിലാളിക്ക് കൂടുതൽ ഉപയോഗപ്രദമായ രീതിയില്‍ അവധി നല്‍കണോയെന്നുളളത് സ്ഥാപനത്തിന്‍റെ തീരുമാനമാണ്.

പൊതു അവധിക്ക് തൊട്ടുമുന്‍പ് ആ ദിവസങ്ങളോട് ചേർന്നുളള ദിവസങ്ങളില്‍ വാർഷിക അവധിക്ക് അപേക്ഷിച്ചാല്‍ പൊതു അവധി ദിനങ്ങളും വാർഷിക അവധിയില്‍ ഉള്‍പ്പെടുത്താനുളള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഒരാഴ്ചയിലെ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ പൊതു അവധിയാണെന്ന് കരുതുക. പ്രവൃത്തിദിനങ്ങളായ തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും വാർഷിക അവധിയെടുക്കണമെന്നുണ്ടെങ്കില്‍ നേരത്തെ തന്നെ അപേക്ഷ നല്‍കണം. പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ചേർന്നുളള പ്രവൃത്തിദിനങ്ങളില്‍ അവധിക്ക് അപേക്ഷ നല്‍കുന്നതെങ്കില്‍ പൊതു അവധി ദിനങ്ങള്‍ കൂടെ വാർഷിക അവധിയായി കണക്കാക്കും. എന്നാല്‍ ഇതെല്ലാം അനുവദിക്കണോ വേണ്ടയോ എന്നുളളത് തൊഴിലുടമയുടെ - സ്ഥാപനത്തിന്‍റെ ചട്ടങ്ങളുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും.

മിക്ക സ്ഥാപനങ്ങളും വർഷത്തില്‍ 22 പ്രവൃത്തിദിനമാണ് വാർഷിക അവധിയായി നല്‍കുന്നത്. ഇതിനിടയില്‍ വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടാതെയാണിത്. മറ്റ് ചില സ്ഥാപനങ്ങള്‍, യുഎഇ തൊഴില്‍ നിയമത്തിലെ ഫെഡറല്‍ ഡിക്രി നിയമം 33 ആർട്ടിക്കിള്‍ 67 പ്രകാരം, വർഷത്തില്‍ 30 കലണ്ടർ ദിവസങ്ങളാണ്  അവധിയായി നല്‍കുന്നത്. ചില സ്ഥാപനങ്ങള്‍ രണ്ട് ഭാഗമായി അവധിയെടുക്കാനാണ് തൊഴിലാളികള്‍ക്ക് നിർദ്ദേശം നല്‍കാറുളളത്.

സ്ഥാപനവും തൊഴിലാളിയും തമ്മിലുളള കരാർ, തൊഴില്‍ കരാർ എന്നിവയെ ആശ്രയിച്ചാണ് അവധി ദിനങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. എന്തുതന്നെയായാലും അവധി എടുക്കുന്നതിന് മുന്‍പ് സ്ഥാപനത്തിലെ എച്ച് ആർ വിഭാഗവുമായി ബന്ധപ്പെട്ട് അവധിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മനസിലാക്കുന്നത് നന്നായിരിക്കും.

(വിവരങ്ങള്‍ക്ക് കടപ്പാട്: അഡ്വക്കറ്റ് ഷബീല്‍ ഉമ്മർ, നിയമവിഭാഗം മേധാവി വി ഗ്രൂപ്പ് ഇന്‍റർനാഷനല്‍)

English Summary:

UAE Sandwich Leave Policy and How Does It Work - Everything to Know About Sandwich Leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com